അനുയായികള്‍

2018 ഡിസംബർ 5, ബുധനാഴ്‌ച

ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന

ഇതൊന്നു വായിച്ചു നോക്കിയേ, ഞാൻ എഴുത്യദാ. നക്ഷത്ര നോട്ട് പുസ്തകവുമായി അരികിലേക്ക് വന്നു. എന്താന്ന് എഴുതിക്കൂട്ടിയിരിക്കുന്നതെന്ന് ഞാൻ നോട്ട് ബുക്ക് വാങ്ങിച്ചു നോക്കി. ഓഹോ കവിതയാണോ. കൊള്ളാലോ. ഞാൻ വായിച്ചു നോക്കി. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം എന്നു തുടങ്ങി അഞ്ചെട്ടുവരികൾ സ്റ്റൈലായി എഴുതി വച്ചിരിക്കുന്നു. ഞാൻ അവളെ തറപ്പിച്ച് നോക്കി. ഇത് ഓയെൻവി കുറുപ്പ് എഴുതിയതല്ലേ? ഞാൻ നെറ്റി ചുളിച്ചു. അല്ല, ഞാൻ എഴുത്യതാന്ന്. നക്ഷത്ര കനപ്പിച്ച് പറഞ്ഞു. എനക്ക് തെറ്റിപ്പോയോന്ന് നോക്കി. ഇല്ല, സംഗതി ഓയെൻ വീടെതന്നെ. ഇത് ഞാൻ എഴുതിയദാന്ന് കണ്ടാൽ അറിഞ്ഞൂടെ? തിരിച്ചൊരു ചോദ്യം. സംശയമുണ്ടെങ്കിൽ അമ്മയോട് ചോദിച്ച് നോക്ക് ! നക്ഷത്ര മുഖം വീർപ്പിച്ചു. ബെസ്റ്റ് ! ചോദിക്കാൻ പറ്റിയ ആള് ! മോളെ ഇത് മലയാളത്തിലെ പ്രശസ്ത കവിയായ ഒ.എൻ.വി. കുറുപ്പിന്റെ പ്രശസ്തമായ കവിതയാണ്. ഞാൻ ദയനീയമായി വിശദീകരിച്ചു. അപ്പോഴേക്കും സുമ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നു. എന്താ തർക്കം? അവൾ ചോദിച്ചു. അമ്മേ ഇത് ഞാൻ എഴുത്യദ് അല്ല പോലും ! നക്ഷത്ര പരാതിപ്പെട്ടു. ഇത് ഓള് എഴുത്യതാണ്, എഴുതുന്നത് ഞാൻ കണ്ടതുമാണ്. സുമ അറിയിച്ചു. ഞാൻ രണ്ടു പേരേയും മാറി മാറി നോക്കി, തല ചൊറിഞ്ഞു. ഇത് ഒ.എൻ.വീടെ കവിതയാണ്. ഞാൻ സമാധാനപരമായി പറഞ്ഞു നോക്കി. അല്ല, ഇപ്പൊ ഞാൻ എഴുതിയതാണ്. നക്ഷത്ര വിടുന്നില്ല. അവൾ ആലോചിച്ച് എഴുതുന്നത് ഞാൻ കണ്ടതാണല്ലോ. സുമ ന്യായീകരിച്ചു.ഇതിന് മോഷണം എന്നു പറയും. വേറൊരാൾ എഴുതിയത്, എന്റെ യാന്ന് പറയുന്നത് നല്ലതല്ല. ഞാൻ പറഞ്ഞു കൊടുത്തു. ഞാൻ എവിടേം നോക്കാതെ മനസില് ആലോചിച്ച് എഴുതിയതാണ്. നക്ഷത്ര ന്യായീകരിച്ചു.ഞാൻ ഒടുവിൽ ഓ എൻ വി കവിത പുസ്തകമെടുത്ത് നിവർത്തി കാണിച്ചു കൊടുത്തു. ഇത് കണ്ടാ ഇവൾ എഴുതിയ കവിത. രണ്ടും ഏകദേശം ഒരു പോലെയുണ്ട്. സുമ പറഞ്ഞു. ഏകദേശം അല്ല, കംപ്ലീറ്റ് സെയിം ആണ്. ഞാൻ തറപ്പിച്ച് പറഞ്ഞു. ഞാൻ ഇതില് നോക്കി എഴുതീട്ടില്ലല്ലോ. നക്ഷത്ര വിടാൻ ഭാവമില്ല.ഓള് നോക്കി എഴുതിയത് അല്ല, ഞാൻ കണ്ടിട്ടുണ്ട് ആലോചിച്ച് എഴുതുന്നത്. സുമ പറഞ്ഞു. നക്ഷത്ര വേഗം നോട്ട് ബുക്കിന്റെ രണ്ടു പേജ് മറിച്ചു.ദാ ഇത് നോക്കിയേ. ഞാൻ നോക്കി. കുന്നും മലയും തോടും തോണിയുമൊക്കെയുള്ള ചിത്രം. ഇത് ആര് വരച്ച താണെന്നു പറ. അവൾ നോക്കി. നീ വരച്ചത്. ഞാൻ സമ്മതിച്ചു. വേഗം അവൾ  ഒരു മാഗസിനിൽ വന്ന ഫോട്ടോ എടുത്തുകാട്ടി. അവൾ അത് നോക്കി വരച്ചതാണ്. നോക്കി വരച്ചതുകൊണ്ട് ഈ ചിത്രം എന്റെയല്ലാന്ന് പറയുമോ? നക്ഷത്ര ചോദിച്ചു. ഞാൻ താടിക്ക് കൈ കൊടുത്തിരുന്നു.ഒ.എൻ.വീടെ അറിയപ്പെടുന്ന കവിതയായതുകൊണ്ടാണ് എനിക്ക് എളുപ്പം തിരിച്ചറിയാൻ പറ്റിയത്. വായനക്കാരിലേക്ക് അത്രയൊന്നും എത്തിപ്പെടാനാവാത്ത കവിയുടെ രചനയാണ് പകർത്തപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും തിരിച്ചറിയപ്പെടില്ല. ഞാൻ പിന്നെയൊന്നും മിണ്ടിയില്ല. കുറെ കഴിഞ്ഞപ്പോ നക്ഷത്ര ചിരിച്ചോണ്ട് വന്നു. ഒ എൻ വീയുടെ കവിതാ പുസ്തകം കൈയ്യിലുണ്ട്. ഈ പുസ്തകം ആരുടെയാ? അവൾ ചോദിച്ചു. എന്റേത്. ഞാൻ പറഞ്ഞു. അല്ല ഒ എൻ വീടെയാണ്.. അവൾ തറപ്പിച്ച് പറഞ്ഞു. ഒ എൻ വീടെ കവിതാ പുസ്തകം ഞാൻ പൈസ കൊടുത്ത് വാങ്ങിയത്. ഞാൻ അറിയിച്ചു. അപ്പൊ കവിത ഒ എൻ വീടെയോ അച്ഛന്റെ യോ? അവൾ ചോദിച്ചു. ഓടിക്കോ എന്റെ മുമ്പീന്ന്..ങ്ഹാ..

2018 നവംബർ 25, ഞായറാഴ്‌ച

ഐക്യദാർഡ്യം

രാവിലെ തന്നെ വീട്ടു വാതിൽ ഒരാൾ, കക്ഷത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുരട്ടി നില്പുണ്ടായിരുന്നു. എഴുത്തും തിരുത്തും വേണ്ടുവോളമുള്ളയാളാണ്. ഒറ്റവാക്കിൽ ആളിനെ വിശേഷിപ്പിക്കാൻ പ്രയാസമാണ്. മൂപ്പരുടെ കാര്യത്തിൽ ഒറ്റ വാക്ക് നമ്മുടെ ഭാഷയിൽ ഇല്ലെന്നത് പരിമിതിയാണ്. എന്തു പറയുമ്പോഴും ഉളുപ്പും നാണവും ഇല്ലാന്നുള്ളതാണ് ആളിന്റെ പ്രത്യേകത. എവിടെയോ പോയി തിരിച്ചു വരുന്ന വഴിക്ക് വീട്ടിൽ കയറിയതാണ്. എവിട്യാന്ന് ചോദിച്ചപ്പോ കോഴിക്കോട്ട് മാതൃഭൂമീല് സുഭാഷ് ചന്ദ്രനെ കാണാൻ പോയതാണെന്നു പറഞ്ഞു. ഞാൻ അടിമുടി നോക്കി. കഴിഞ്ഞയാഴ്ച വരെ കമൽ റാമിന് ഇങ്കിലാവ് വിളിച്ചയാളാണ്. കമൽറാം പോയതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വർഗ്ഗീയ ഫാസിസ്റ്റുകളുടെ കൈകളിൽ എത്തിച്ചേർന്നൂന്ന് പറഞ്ഞ് ബസ് സ്റ്റാന്റ് പരിസരത്തെ ആൾക്കൂട്ടത്തിനു മുമ്പിൽ ഘോര ഘോരം പ്രസംഗിച്ചയാളാണ്. മാതൃഭൂമീല് ഇനി എഴുതില്ലാന്ന് പറഞ്ഞ എഴുത്തുകാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചയാളാണ്. ദാ ഇപ്പൊ അയാൾ പുതിയ ആഴ്ചപതിപ്പ് കക്ഷത്തിൽ നിന്നും എടുത്തു നിവർത്തി, നന്നായിട്ടുണ്ട് അല്ലേ എന്നൊരു ചോദ്യം. സുഭാഷ് ചന്ദ്രൻ ഇറക്കിയ ആദ്യ ലക്കം ഗംഭീരമാക്കീട്ടുണ്ട്. അയാൾ ഉറപ്പിച്ചു പറഞ്ഞു. എം ടി ഇരുന്ന കസേരയിൽ സുഭാഷ് ചന്ദ്രൻ ഇരിക്കുമ്പോ, എനിക്ക് തോന്നിയത് എഴുത്തുകാരൻ തന്നെ എഡിറ്ററായിട്ട് വരുന്നതാണ് നല്ലതെന്ന്‌. അയാൾ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചത്, അയാൾ കമൽറാമിന്റെ പേര് വെട്ടികളഞ്ഞിരിക്കുന്നു!! ഞാൻ ചിരിച്ചു.. ഇത്രയൊക്കെയേ ഉള്ളൂ!
November 14 

മുടിവെട്ടുകാരൻ

അയ്യേ നീ ഇപ്പഴും മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ചോണ്ടിരിക്കുകയാന്നോ, കഷ്ടം തന്നെ ! ഞങ്ങളൊക്കെ മാതൃഭൂമി വായന നിർത്തി ട്ടാ. നീയൊക്കെ എന്തു കോപ്പിലെ എഴുത്തുകാരനാണ് ഡാ! കമൽറാം സജീവ് രാജി കത്ത് എഴുതി പുല്ലുപോലെ വലിച്ചെറിഞ്ഞ് പോയത് കണ്ടിനോടാ നീ? ആണുങ്ങളങ്ങനെയാണ് കേട്ടാ. എഡിറ്ററു പോയപ്പോ പിന്നാലെ അതിപ്രശസ്തരായ എഴുത്തുകാര് എഴുത്ത് നിർത്തി പിന്നാലെ പോയത് ശ്രദ്ധിച്ചാ.വേണ്ടാ, ഇടേല് കയറി എടങ്കോലിടുന്ന വർത്തമാനം പറയണ്ട. കമൽറാമിന് ഒരു നിലപാടുണ്ട്. അയാൾക്ക് പിന്നാലെ പോയവർക്കും നിലപാടുണ്ട്. തനിക്കെന്താ ഉള്ളത്? ങ്ങ്ഹേ! കഷ്ടപ്പാടു മാത്രമേ ഉള്ളൂന്നോ? വേണ്ടാ, കാര്യം പറയുമ്പോ ഞഞ്ഞാമിഞ്ഞ പറയരുത് അത് എനക്ക് ഇഷ്ടമല്ല. കമൽറാമിനേം ഹരീഷിനേം പിന്താങ്ങാത്തവരൊക്കെ ഫാസിസ്റ്റുകളും കാവി രാഷ്ട്രീയക്കാരുമാണ്. ഇല്ലില്ലാ ഞാൻ രാഷ്ട്രീയം പറയുന്നില്ല. പ്രഭാവർമ്മയുടേയും എസ്.ജയചന്ദ്രൻ നായരുടേയും കാര്യം ഇപ്പൊ പറയണ്ട. അത് വേറെ നിലപാടാണ് കേട്ടാ.രണ്ടും കൂട്ടികുഴയ്ക്കരുത്. ജയചന്ദ്രൻ നായർ മലയാളത്തിൽ നിന്നും പുറത്തേക്ക് പോയ പോലെയല്ല കമൽറാം മാതൃഭൂമീന്ന് പോയത്. എന്നാലും ചെറിയ സങ്കടം ണ്ട് ! എന്തിനാണെന്നോ? പ്രമോദ് രാമന്റേം ഹരീഷിന്റേം റഫീഖിന്റേം വിനയ് തോമസിന്റെയും രചനകൾ ഇനി മാതൃഭൂമീല് കാണാൻ പറ്റില്ലല്ലോന്ന്! ഇനി അവര് എഴുത്യ ഉടൻ ഡി.സി പുസ്തകമടിച്ച് ഇറക്വായിരിക്കും അല്ലേ?നീ എന്താ പൊട്ടനെ പോലെ നോക്കി നിൽക്കുന്നത്? എന്താ പിറുപിറുത്തത്, ഞാൻ കേട്ടു. ബാർ ഷോപ്പിലെ മുടിവെട്ടുകാരൻ സോമനെ അതിന്റെ മുതലാളി കടയിൽ നിന്നും പുറത്താക്കിയതിന് നീ എന്തിനാ സ്വന്തം മുടി വെട്ടാത്തത്? ഓഹോ! നമുക്കിട്ട് വെച്ചതാണ് അല്ലേ... ഉം. നിനക്ക് വെച്ചിട്ടുണ്ട്!!
November 8

നരകാസുരൻ

എന്തായാലും ഇന്ന് ദീപാവലിയല്ലേ, അതേ പറ്റി രണ്ട് വാക്ക് സംസാരിച്ച് കളയാമെന്ന് വിചാരിച്ചാണ് ടീവീടെ മുന്നിലിരിന്ന് അനിമേഷൻ സിനിമ ഏതോ കണ്ടിരിക്കുന്നവളെ പിടിച്ച് ഡിസ്കഷൻ ടേബിളിലേക്ക് കൊണ്ടുവന്നത്. ഞാൻ ദീപാവലിയെ കുറിച്ച് വിജ്ഞാനപ്രദമായ കാര്യങ്ങൾ പറയാൻ പോവുകയാണ്. ഒരു മുന്നറിയിപ്പു പോലെ അറിയിച്ചു.അവൾ ദയനീയമായി നോക്കി. നമ്മൾ എന്തിനാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് അറിയുമോ? ഞാൻ ചോദിച്ചു. അതിന് നമ്മള് എപ്പഴാ ദീപാവലി ആഘോഷിച്ചത്, ഒര് സ്വീറ്റ്സ് വാങ്ങി തരാൻ പറഞ്ഞപ്പോ എന്തൊക്കെയാ പറഞ്ഞത്.. ബേക്കറി സാധനങ്ങൾ തിന്നരുത് ശരീരത്തിന് ദോഷം എന്നൊക്കെയായിരുന്നല്ലോ പറച്ചിൽ... എന്നാല് പുതിയ ഡ്രസ്സ് വേണം ന്ന് പറഞ്ഞപ്പോ എന്ത് ദീപാവലി., അതൊന്നും നമ്മുടെ ആഘോഷമല്ല ഉത്തരേന്ത്യക്കാരുടെയാണെന്നൊക്കെയല്ലേ പറഞ്ഞത്. അവൾ ചെറു പ്രസംഗം നടത്തി. സംഗതി പന്തികേടാണെന്നു മനസിലായി. ശരി, ഞാൻ നിർത്തി. അവൾ തിരിച്ച് ടി വീടെ മുന്നിൽ റിമോട്ടും പിടിച്ച് ഇരിപ്പായി. ഞാൻ അടുക്കളയിലേക്ക് ചെന്നു. അവിടെ ഒരു കഥ പറച്ചിലിനുള്ള സ്കോപ്പുണ്ടെന്ന് മനസിലായി. നീ പി.എസ്.സി എക്സാമൊക്കെ പല തവണ എഴുതി എട്ടു നിലയിൽ പൊട്ടിയവളല്ലേ, ദീപാവലിയുടെ പ്രാധാന്യമെന്താണ്?ഞാൻ ചോദിച്ചു. ഓ നമ്മൾക്കൊക്കെ എന്ത് പ്രാധാന്യം! എന്ത് ആഘോഷായാലും അടുക്കളയിൽ വട്ടം കറങ്ങേണ്ടത് ഞാനല്ലേ.. നിങ്ങളോ മോളോ ഒര് ഹെൽപ്പ് കൂടി ചെയ്യില്ല. അവൾ പതിവ് രീതിയിലുള്ള ആശയസംവാദം തുടങ്ങി.ദാ പറ്റിയാൽ അര മുറി തേങ്ങയൊന്നു ചിരവിത്തരൂ.. അവൾ ആവശ്യപ്പെട്ടു. ഇതൊരു മാതിരി ചക്കപ്പ ശയിൽ ചവിട്ടിയ പോലെ ആയല്ലോ! ഇനി മുടന്തൻ ന്യായങ്ങളൊന്നും വിലപ്പോവില്ല. ചെരവലും ദൈവവചന പ്രഘോഷണവും ഒരുമിച്ചാവാമെന്നു തീരുമാനിച്ചു.സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന വേളയില്‍ കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്. അറിയുമോ? ഞാൻ ചോദിച്ചു. വായിച്ചതായി ഓർമ്മയുണ്ട്. അവൾ പറഞ്ഞു. അതിരിക്കട്ടെ, നരകാസുരനെ അറിയുമോ? ഞാൻ പെട്ടെന്ന് അബദ്ധത്തിൽ ചോദിച്ചു പോയി. അങ്ങനെയായിരുന്നില്ല ചോദിക്കേണ്ടിയിരുന്നത്. അവൾ ചോദ്യം കേട്ട് ചിരിച്ചു, പത്ത് - പതിനഞ്ച് വർഷായില്ലേ ഒന്നിച്ച് താമസിക്കുന്നത്, അറിയാണ്ടിരിക്കോന്ന് തിരിച്ച് ഒരു ചോദ്യം. വേണ്ടായിരുന്നു.ഇവിടെയാർക്കും ഒര് കുന്തവുമറിയില്ല. വിശ്വാസികളാണത്രെ വിശ്വാസികൾ. ഞാൻ ഒച്ചയിട്ടു. ടീവി കണ്ടു കൊണ്ടിരിക്കുന്ന പുത്രി പ്രത്യക്ഷപ്പെട്ടു. എന്താന്ന് ഇവിടെ ബഹളം ? അവൾ ചോദിച്ചു. മോളെ അച്ഛൻ ചോദിക്കുന്നു നിനക്ക് നരകാസുരനെ അറിയുമോന്ന് .. ചോദ്യത്തിന് ഉത്തരമായി പുത്രിയുടെ ആലോചനാഭാവം. ഞാൻ രണ്ടു പേരേയും മാറി മാറി നോക്കി. എനിക്ക് വല്യ പരിചയമൊന്നുമില്ല, കേട്ടിട്ടൊക്കെയുണ്ട്. ശരിക്കും ആരാണച്ഛാ? മകൾ ചോദിച്ചു. നിന്റെ അമ്മേടെ നായര് ! ഞാൻ വ്യക്തമാക്കി... അടിക്കുറിപ്പ്: നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം
November 6

ഭാഷാസ്നേഹി

പഠനമുറിയിൽ നിന്നും പതിവില്ലാത്ത വിധം ഭാഷാ സ്നേഹം ഒഴുകിയെത്തിയപ്പോൾ ഞാൻ എത്തി നോക്കി. " മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ് " . അവൾ എന്നെ നോക്കി.
കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കുറച്ച് പോയന്റുകൾ പറഞ്ഞ് തന്ന് സഹായിക്കണമെന്നാണ് ആവശ്യം. ഈ പോയന്റുകള് എത്ര ഫുൾ സ്കാപ്പില് വേണം? ഞാൻ അന്വേഷിച്ചു. ഫുൾ കോപ്പ് വേണ്ട ഹാഫ്മതീന്ന് വ്യക്തമാക്കി. രാഷ്ട്രീയം ആവാമോ? മതം ആവാമോ? രണ്ടും പാടില്ലത്രെ! മലയാളം ഭാഷയിൽ മതവും രാഷ്ട്രിയവും കലർത്തണ്ടാന്ന് മുന്നറിയിപ്പ് കിട്ടി. മലയാള ഭാഷയുടെ പിതാവാരാണെന്ന് അറിയുമോ? ഞാൻ പെട്ടെന്ന് ഒരു ചോദ്യം ഉന്നയിച്ച് വിരട്ടാൻ നോക്കി. ആലോചിക്കാൻ സമയമെടുക്കാതെ, കുഞ്ചൻ നമ്പ്യാർ എന്ന് ഉത്തരം പറഞ്ഞു. ഞാൻ കണ്ണു മിഴിച്ചു. ഭാഗ്യം പ്രശാന്ത് നമ്പ്യാർ എന്നു പറയാഞ്ഞത്. തെറ്റു മനസിലാക്കി അവൾ എളുപ്പം തിരുത്തുകയും ചെയ്തു. കുഞ്ചത്ത് രാമായണൻ എഴുത്തച്ഛൻ.. ഉം തുഞ്ചനേം കുഞ്ചനേം അവൾ ഒന്നാക്കി. എന്റെ അറിവ് വച്ച്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് ഭാഷാപിതാവിന്റെ പേര്. ങ്ങ്ഹാ അങ്ങനേം പറയാം. അവൾ അലസമായി പറഞ്ഞു. ഇനി ഭാഷാ മാതാവ് ആരാണെന്ന് പറ. ഞാൻ തമാശമട്ടിലാണ് ചോദിച്ചതെങ്കിലും അവൾ ഗൗരവത്തിൽ തന്നെ ഉത്തരം നൽകി - ഉണ്ണിയാർച്ച.. ഞാൻ നടുങ്ങിപ്പോയി. ഇത്ര പ്രതീക്ഷിച്ചില്ല. ഞാൻ നിന്റെ മാതാവ് ആരാണെന്നല്ല ചോദിച്ചത് !! എന്തായാലും തർക്കത്തിന് നിന്നില്ല. നമുക്ക് മലയാള ഭാഷേടെ ഉല്പത്തിയെ കുറിച്ച് ചർച്ച ചെയ്യാം. എന്നാ അങ്ങനെയാവട്ടെന്ന് അവൾ. വാഴപ്പള്ളിശാസനം ന്ന് കേട്ടിട്ടുണ്ടോ? ഇല്ല അല്ലേ.. ശാസനം ന്ന് പറഞ്ഞാ inscription.. പണ്ട് കാലത്ത് പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കുത്തി കുറിച്ച് വെക്കുക, കല്ലിലും തകിടിലുമൊക്കെയാണ്. ഏകദ്ദേശം ഒര് 1200 കൊല്ലങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതായി കരുതുന്ന ഒരു ശാസനം നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വാഴപ്പള്ളി ശിവക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള തലവനമoത്തിൽ നിന്നുമാണ് കിട്ടിയത്. അതിലെഴുതിയിരിക്കുന്നത് എന്താണെന്നു വച്ചാൽ തിരുവാറ്റവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ രാജാവായ ചേരമാൻ പെരുമാളിന് നൂറ് ദിനാർ വീതം നൽകണം എന്നാണ് ചുരുക്കം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. തൈ പൂയ നാളിൽ ഉച്ചപൂജയ്ക്ക് മുമ്പ് ഈ പിഴ നൽകിയിരിക്കണം. ഇതിലും പിഴവ് വരുത്തിയാൽ ഇരട്ടപ്പിഴയാണ് നൽകേണ്ടത്. ചേരന്മാരും ചോളന്മാരും പാണ്ഡ്യന്മാരും എന്നൊക്കെ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളും. പണ്ട് കേരളമൊന്നുമല്ല, ചേരനാടും ചോള നാടുമൊക്കെയാണ്. ഈ ചേരനാട്ടിലെ രാജശേഖരന്റെ ഭരണകാലത്തേതെന്ന് കരുതപ്പെടുന്ന ശാസനമാണിത്. അന്ന് പ്രചാരത്തിലുണ്ടായിരുന്നത്, തമിഴും മറ്റ് ഭാഷകളുമാണ്. ഇതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞാ മലയാളം ഉണ്ടായത്. വാഴപ്പള്ളി ശാസനത്തിലാണ്, ഇതുവരെ കണ്ടെടുക്കപ്പെട്ട മലയാളത്തിന്റെ സ്വത്വഗുണമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഭാഷയുടെ ചരിത്രം ആ ദേശത്തിന്റെ ചരിത്രവും, ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവുമായി തീരുന്നു. അക്കാദമിക്കലായി ഭാഷയുടെ ഉല്പത്തിയായി പരിഗണിക്കപ്പെടുന്നത് അത് എഴുതപ്പെട്ട കാലവുമായി ബന്ധപ്പെടുത്തിയാണ്. അങ്ങനെ നോക്കുമ്പോൾ വാഴപ്പള്ളിശാസനം എഴുതപ്പെട്ട AD 832 ലാണ് മലയാള ഭാഷയുടെ തുടക്കമായി പറയപ്പെടുന്നത്. വാമൊഴികൾ അതിനു മുമ്പേ കാണും. കോട്ടയ ജില്ലയിൽ, ചങ്ങനാശ്ശേരിതാലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു പെരുമാക്കന്മാരുടെ ഭരണകാലത്ത് ഭരണപരമായ തീരുമാനങ്ങളൊക്കെ കൈക്കൊണ്ടിരുന്നത്. മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കണക്കാക്കപ്പെടുന്നത് ഏതാണ്, ആര് എഴുതിയതാണെന്ന് അറിയുമോ? ഞാൻ ചോദിച്ചു. ഒര് മീര എഴുതിയ ആരാച്ചാര് എന്ന ബുക്ക് ആ ഷെൽഫിൽ കണ്ടല്ലോ, അതാണോ? അവൾ വെറുതെ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ. ഞാൻ ബംഗാളി ഭാഷയെ പറ്റിയില്ല ഇവിടെ പറയുന്നത്, മനസ്സിലായോ? ഞാൻ ഭയപ്പെടുത്തി. ചീരാമൻ എഴുതിയ രാമചരിതം എന്ന സാഹിത്യ കൃതിയാണ് ഞാൻ ഉദ്ദേശിച്ചത് കേട്ടാ. അവൾ മുഖം ചുളുക്കി. എന്നിട്ട്, മലയാളമാന്ന് എന്റെ ഭാഷ. ഭാഷ എന്റെ വീടും ആകാശവും ഞാൻ കാണുന്ന നക്ഷത്രവും കാറ്റും കുളിർ വെള്ളവുമാണ് എന്നു കടുപ്പിച്ച് പറഞ്ഞു കൊണ്ട് പഠനമുറിയിലേക്ക് തിരിച്ചു പോയി 
October 31

ജോർജ്ജ് സ്റ്റിനി ജൂനിയർ

അച്ഛാ, സീര്യസ്സായിട്ട് എന്തെങ്കിലും പറ. എപ്പഴും ചളപുളാന്ന് എന്തെങ്കിലും പറഞ്ഞിട്ട് വല്യ പ്രയോജനമൊന്നും ഇല്ലല്ലോ. രാഷ്ട്രീയം കുറച്ച് ദിവസത്തേക്ക് മിണ്ടിപ്പോവരുത്. നക്ഷത്രയുടെ വിരട്ടൽ അങ്ങനെയായിരുന്നു. ആറാം ക്ലാസിലാണെങ്കിലും ഡിഗ്രി ലെവലിലാണ് സംസാരം.ഓഹോ അങ്ങനെയാണോ, എന്നാലേ സീര്യസ്സായിട്ട് ഒരു സംഭവം പറയാം, ഇടയിൽ ഓടിപ്പോവരുത്. ഞാൻ മുന്നറിയിപ്പ് നൽകി. പറയുന്നത് മുഴുവൻ കേട്ടിട്ടേ പോവൂന്ന് നക്ഷത്ര പറഞ്ഞു. എന്നാ ശരി ദാ കേട്ടോളൂ. പഴയ സംഭവമാണ്. പതിനാല് വയസുള്ള ആഫ്രോ-അമേരിക്കൻ ബാലന്റെ കഥ. ആ കുട്ടീടെ പേര് ജോർജ്ജ് സ്റ്റിനി ജൂനിയർ. അമേരിക്കയിൽ സൗത്ത് കരോലിനയിലെ അല്കോലു ന്ന് പേരായ സ്ഥലത്ത് താമസം. അതൊരു മിൽടൗണാന്ന്. ജോർജ്ജ് സ്റ്റിനീടെ അച്ഛൻ സോമില്ലിലെ തൊഴിലാളിയായിരുന്നു. അവന് ജോൺ, ചാൾസ് , കാതറീൻന്ന് പേരായ സഹോദരങ്ങളുമുണ്ട്. ജോർജ്ജ് സ്റ്റിനി അവർക്കിടയിലെ കൊച്ചു വികൃതിയുമായിരുന്നു. അൽക്കോലുവിൽ ഒരു റെയിൽവേ ലൈനുണ്ട്. അപ്പുറത്തെ സൈഡിൽ വെള്ളക്കാരും ഇപ്പുറത്ത് കറുത്ത വർഗ്ഗക്കാരുമാണ് താമസം. ഒരു ദിവസം, മാർച്ച് മാസത്തിൽ സഹോദരിയുമൊന്നിച്ച് ജോർജ്ജ് സ്റ്റെനി നടന്നു പോവുമ്പോ രണ്ട് പെൺകുട്ടികൾ സൈക്കിളിൽ പൂവുകൾ തേടി പോവുന്നത് കണ്ടു. മെയ് പോപ്പീന്ന് പേരുള്ള പൂവുകൾ അന്വേഷിച്ചാണ് അവരുടെ യാത്ര. ബെറ്റി ജൂൺ ബെനിക്കർ (11), മേരി എമ്മ തോമസ് (7) എന്നിവരാണ് ആ കുട്ടികൾ. അവർ പൂവിനെ കുറിച്ച് അവരോട് തിരക്കിയിരുന്നു.. ജോർജ്ജ് സ്റ്റിന്നി പിന്നെ വീട്ടിൽ തിരിച്ചെത്തി. വൈകീട്ടായപ്പോ ഒരു വെള്ളക്കാരിയായ സ്ത്രീ വന്നു പറഞ്ഞു ,ഈ രണ്ട് കുട്ടികളേയും കാണാനില്ലാന്ന്. പോലീസിൽ പരാതി കൊടുത്തു. പോലീസ് അന്വേഷണമായി. അപ്പൊ അടുത്തൊരു ചതുപ്പിൽ ഈ കുട്ടികളുടെ ശവശരീരം കണ്ടെത്തുന്നു. അതൊരു കൊലപാതകമായിരുന്നു. ഈ പെൺകുട്ടികളെ അവസാനമായി കണ്ടത് ജോർജ്ജ് സ്റ്റിന്നിയായിരുന്നു. അവനെ തേടി പോലീസുകാര് എത്തി. നീ തന്നെയാണ് അവരെ കൊന്നതെന്നു പറഞ്ഞ് അവനെ പിടിച്ചുകെട്ടി കൊണ്ടുപോയി. സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്യൽ. അതു കഴിഞ്ഞ് കുറ്റം അവന്റെ തലയിൽ വെച്ചു കെട്ടി.
കോടതീല് ഹാജരാക്കി. ഒരു തെളിവും കൂടാതെ ജോർജ്ജ് സ്റ്റിന്നി കുറ്റക്കാരനാണെന്ന് വിധിച്ചു. പത്തെൺപത് ദിവസത്തോളം തടവറയിൽ..
അച്ഛനേയോ അമ്മയേയോ കാണാതെ അവൻ ദിവസങ്ങൾ കഴിച്ചുകൂട്ടി. അവന് വിധിച്ച ശിക്ഷയെന്താണെന്നോ.. മരണം തന്നെ. ഇലക്ട്രിക് ചെയറിൽ ഇരുത്തിയുള്ള ശിക്ഷ. മരണശിക്ഷ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. അപ്പീലൊക്കെ പോയെങ്കിലും വെള്ളക്കാരായ ജഡ്ജിമാര് ഒരു അനുകമ്പയും കാട്ടിയില്ല. 1944 ജൂൺ 16ന് ജോർജ്ജ് സ്റ്റിന്നിയെ അവർ ഇലക്ട്രിക്കസേരയിൽ കൊണ്ടു ചെന്നിരുത്തി. എന്താ സംഭവിക്കുകാന്ന് അവന് ഒട്ടും അറിയില്ലാരുന്നു. ശരീരത്തിൽ ഇലക്ട്രിക് റോഡ് ഘടിപ്പിച്ചു. അവൻ കൗതുകത്തോടെ എല്ലാം നോക്കി. എന്താ സംഭവിക്കുക? അവർ സ്വിച്ച് ഓൺ ചെയ്തു. ജോർജ്ജ് സ്റ്റിന്നിയുടെ ശരീരത്തിലൂടെ ഹൈവോൾട്ടേജ് പാസ്സായി. നിമിഷ നേരം കൊണ്ട് അവന്റെ ശരീരം കരിഞ്ഞുപോയി. കഥ പറയാൻ പറഞ്ഞത് അബദ്ധായി പ്പോയിന്ന് നക്ഷത്രയുടെ മുഖം കണ്ടപ്പോ മനസിലായി. ഞാൻ തുടർന്നു. പത്തെഴുപത് വർഷങ്ങൾക്ക് ശേഷം ഇതേ കേസ് പുന:രന്വേഷണം നടത്തി. ഒടുവിൽ കണ്ടെത്തിയ സത്യം എന്താന്ന്? ജോർജ്ജ് സ്റ്റിന്നി കുറ്റമൊന്നും ചെയ്തിട്ടില്ല. അവൻ നിരപരാധിയാണത്രെ! കൊല ചെയ്തയാൾ, അയാളുടെ വാർദ്ധക്യകാലത്ത് മരണ കിടക്കയിൽ വച്ച് പറഞ്ഞുവത്രെ, താനാണ് ആ കുട്ടികളെ ആക്രമിച്ചതും കൊലപ്പെടുത്തിയതും. അങ്ങനെ ജോർജ്ജ് സ്റ്റിന്നിനെ മൂന്നു നാല് കൊല്ലങ്ങൾക്കു മുമ്പ് കുറ്റവിമുക്തനാക്കി കൊണ്ട് പ്രഖ്യാപനം വന്നു... ജോർജ്ജ് സ്റ്റിനി ജൂനിയർ നിരപരാധി. ഞാൻ പറഞ്ഞു നിർത്തി. നക്ഷത്ര മിഴിച്ച് നോക്കിയിരുന്നു. ഇലക്ട്രിക് ചെയറിലിരുന്നു പിടഞ്ഞ് മരിക്കുന്ന ജോർജ്ജ് സ്റ്റിന്നി, അവളുടെ ഉറക്കം കെടുത്തുമെന്ന് എനിക്കറിയാം.അച്ഛൻ പൊട്ടത്തരങ്ങൾ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്തോ. ഇമ്മാതിരി കഥയൊന്നും ഇനി വേണ്ടാന്ന് പറഞ്ഞ് നക്ഷത്ര എണീറ്റ് പോയി. october 28

ശംഖ് വരയൻ

ശംഖ് വരയനെ ഞാൻ ഇടവഴിലൂടെ ഇഴഞ്ഞ് പോകുന്നതേ കണ്ടിട്ടുള്ളൂ. എന്നാൽ ആ പേരിലൊരു ജീവി നടന്നു പോവുന്നത് കാണുന്നത് ആദ്യമായാണ്. വിനോദ് മാഷാണ് കാണിച്ചു തന്നത്. പരിചയപ്പെടേണ്ട ആളാന്ന് എന്ന് എന്നോടു പ്രത്യേകം പറഞ്ഞ് കൈ തട്ടി വിളിച്ചു. ശംഖ് വരയൻ നടന്നു വന്നു. എന്താ മാഷെന്ന് പറഞ്ഞ് അരികിലെത്തി ലോഹ്യം പറഞ്ഞു. അടുത്തു നിൽക്കുന്ന എന്നെ ഒന്നു പാളി നോക്കി. ഇദ് ആരാന്ന് എന്ന മട്ടിൽ ശംഖ് വരയൻ വിനോദ് മാഷിനെ നോക്കി. പ്രശാന്ത് ന്നാ പേര്, കൂടെ ഒരു വാലുമുണ്ട്. അതൊഴിച്ചാ വേറെ ഉപദ്രവമൊന്നുമില്ലാന്ന് മാഷ് ശംഖു വരയനെ അറിയിച്ചു.മ്മ്ടെ ആളാന്നോ? ശംഖ് വരയൻ വിനോദ് മാഷിനോട് രഹസ്യായിട്ട് ചോദിച്ചു. നമ്മള് നമ്മുടെ യാളാന്നും മറ്റവർ അവരുടെയാളാന്നും പറയുന്ന തരത്തിലൊരു ഭീകരനൊന്നുമല്ല, അത്യാവശ്യം കടുപ്പത്തിൽ എഴുത്തുണ്ട്. മറ്റ് സിവിൽ കേസോ ക്രിമിനൽ കേസോ ഇല്ല. വിനോദ് മാഷ് എന്നെ ഉപയോഗിച്ച് ശംഖു വരയനെ നേരിടുകയാണെന്നു തോന്നുന്നു. ഇയാളോട് മറ്റെ കാര്യം ചോയിക്കട്ടെ? ശംഖ് വരയൻ മാഷിന്റെ സമ്മതപത്രത്തിന് കാത്ത് നിന്നു.അയ്യോ ഇപ്പൊ വേണ്ട. മാഷ് വിരണ്ടു. ശംഖ് വരയൻ എന്നെ പാളി നോക്കി. എന്നാ ശരി, എനിക്ക് ഒന്നു രണ്ട് പരിചയക്കാരെ കൂടി കണ്ട് സംസാരിക്കാനുണ്ട്, വരാം. അതും പറഞ്ഞ് ശംഖ് വരയൻ നടന്നു പോയി.ഞാൻ വായ പൊളിച്ച് നിൽക്കുകയാണ്. വിനോദ് മാഷ് ചിരിച്ചു. എന്താന്ന് മറ്റെ കാര്യം? ഞാൻ ചോദിച്ചു. ശംഖ് വരയൻ ഒരു സാമൂഹ്യ പരിഷ്കർത്താവാണെന്ന കാര്യം ഞാൻ പറയാൻ വിട്ടു പോയി. പെണ്ണുങ്ങളുടെ ആർത്തവവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് കോടതി വിധി വന്നിട്ടുണ്ടല്ലോ. വിനോദ് മാഷ് ഓർമ്മിപ്പിച്ചു. അതിന്? ഞാൻ നെറ്റി ചുളിച്ചു. നാട്ടിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ പേര് മാഷ് സൂചിപ്പിച്ചു. പിരീഡ്സ് സമയത്ത് അവിടെ സ്ത്രീകളെ കയറ്റാനുള്ള പുരോഗമനാശയം പ്രാവർത്തികമാക്കാനുള്ള ഏർപ്പാടിലാണ് ശംഖ് വരയൻ ഇപ്പൊഴുള്ളത്. വരുന്ന തുലാം പത്തിന് മെൻസസ്സായ പെണ്ണുങ്ങളുടെ ക്ഷേത്രപ്രവേശനം നടത്തുമെന്ന് ശംഖ് വരയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആ നാളിലെ ആർത്തവക്കാരികളെ കണ്ടെത്താനാണ് മൂപ്പര് കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. തുലാം പത്തിന് ഇനി നാല് ദിവസമേ ബാക്കിയുള്ളൂ. ശംഖ് വരയനെ ഇക്കാര്യത്തിൽ സഹായിക്കാനാവുമോന്നാ അയാള് ചോദിച്ചത്. വിനോദ് മാഷ് പറഞ്ഞു. ഞാൻ പരുങ്ങി.മെൻസസ്സായിട്ട് ക്ഷേത്രത്തിൽ കയറാൻ നാട്ടിലെ കുല സ്ത്രീകൾ ഒന്നും തയ്യാറാവുന്നില്ലത്രെ. എന്തായാലും ശംഖ് വരയൻ തോൽക്കാൻ തയ്യാറല്ല. നമ്മളെ നിലപാടിൽ മാറ്റമൊന്നുമില്ല, കുലസ്ത്രീകള് തയ്യാറല്ലെങ്കിൽ കുലത്തിന് പുറത്തു നിന്നും സ്ത്രീകളെ കൊണ്ടുവരുമത്രെ. എന്തായാലും ശംഖ് വരയൻ പോരാട്ടത്തിനു തന്നെയാണ്.തുലാം പത്തിനോ അതിന് മുമ്പ് ആർത്തവം സംഭവിച്ചതോ ആയ സ്ത്രീകളുടെ ലിസ്റ്റ് ശംഖ് വരയൻ മറ്റ് സ്ത്രീകൾ മുഖാന്തിരം തയ്യാറാക്കി വച്ചിട്ടുണ്ട് പോലും! സത്യാണോ നുണയാണോന്ന് അറിയില്ല. തുലാം മാസത്തിലെ ക്ഷേത്രപ്രവേശനത്തിന് തയ്യാറായവരുടെ കൂട്ടത്തിലെ പ്രധാന പേരുകൾ വിനോദ് മാഷ് പറഞ്ഞു തന്നു. ചാക്കണ അമ്മിണി, അലക്കുപുര വിലാസിനി തുടങ്ങിയ തരത്തിൽ പേരുള്ള പ്രശസ്തകളും! ഇവരെയൊക്കെ ശംഖ് വരയൻ അഞ്ഞൂറ് രൂപ തോതിൽ കൊടുത്ത് ബുക്ക് ചെയ്തിരിക്കുകയാണെന്ന് നാട്ടിലെ വിഘടനവാദികളും പറയുന്നുണ്ട്.ശംഖ് വരയൻ തുലാം പത്തിന് ഇറക്കുന്ന സ്ത്രീകൾ ശരിക്കും മെൻസസ്സാണോന്ന് എങ്ങനെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയും? ഞാൻ ചോദിച്ചു. വിനോദ് മാഷ് പൊട്ടി ചിരിച്ചു. രാത്രില് അവിചാരിതമായി വീടിനു തൊട്ടടുത്ത് ഒരു പാമ്പ് വന്നെത്തി. ഭാര്യയാണ് പാമ്പിനെ കണ്ടത്. ടോർച്ചടിച്ച് നോക്കി. അത് ശംഖ് വരയ നാണ്. അവൾ ഭീതിയോടെ പറഞ്ഞു. അതു കേട്ട് ഞാൻ അറിയാതെ ചിരിച്ചു. അത് വിഷം കൂടിയ ഇനമാണ്. ഭാര്യ ഞെട്ടലോടെ എന്റെ ചിരി കണ്ട് പറഞ്ഞു.ഭാര്യേടെ ആർത്തവ ദിവസം അന്വേഷിച്ചറിയാൻ വന്നവനാവുമോ ഈ ശംഖ് വരയൻ! ഞാൻ അതിനെ കൊല്ലാതെ വന്ന വഴിക്ക് പറഞ്ഞു വിട്ടു. വിഷപാമ്പിനെ കൊല്ലാതെ അതിന് തിരിച്ച് പോവാനുള്ള വണ്ടിക്കാശും കൊടുത്ത് പറഞ്ഞു വിട്ടതെന്താ? ഭാര്യയുടെ പരിഹാസം.നമ്മള് ഒരു ജീവികളേം ഉപദ്രവിക്കരുത്! ഒരു ഡോബർമാൻ കുരച്ചാൽ അതുപോലെ നമ്മളും കുരക്കേണ്ടതില്ല. കാരണം നമ്മൾ കുരച്ചാ സ്ലംഡോ ഗേ ആവൂ. ഞാൻ പെട്ടെന്ന് പ്രശാന്താനന്ദഗിരിയായി.മോളെ, ഫ്രിഡ്ജിൽ തണുത്ത വെള്ളമുണ്ടെങ്കിൽ ഒരു ബോട്ടിൽ ഇങ്ങെടുത്തേ, ഇവ്ടെ ഒരാളുടെ തല വഴി ഒഴിക്കാനാണ്. ഭാര്യ നീട്ടി പറഞ്ഞു...october 24

ശബരിമല

ശബരിമലയിൽ പെണ്ണുങ്ങൾക്ക് പോവാൻ പാടില്ലാത്തത് എന്തുകൊണ്ടാണെന്ന് ചെറുപ്പകാലത്ത് എനിക്കുണ്ടായ സംശയമാണ്. അന്നാരും അത് ക്ലിയർ ചെയ്തു തരാൻ തയ്യാറായിരുന്നില്ല. പോവ്വാമ്പാടില്ല, അത്രന്നെ ! അതൊരു ഭീഷണിയും അടുത്ത ചോദ്യത്തെ തടുക്കാനുള്ള തന്ത്രവുമായിരുന്നു. വീട്ടിൽ അക്കാലത്ത് ഒരു സ്ത്രീ വരുമായിരുന്നു, നല്ലൊരു അയ്യപ്പഭക്തയായിരുന്നു. നിങ്ങളെന്തിനാ അയ്യപ്പനെ പൂജിക്കുന്നത്, പെണ്ണുങ്ങളെ അയ്യപ്പന് ഇഷ്ടമല്ലല്ലോന്ന് ഞാൻ പറഞ്ഞു. അയ്യോ മോനെ അങ്ങനെയൊന്നും പറയരുത്, ശബരിമലയില് ഈ പ്രായത്തിൽ പോവ്വാൻ പറ്റില്ലാന്നേയുള്ളൂ, അമ്പത് വയസ് കഴിഞ്ഞാ ഞാൻ മല ചവിട്ടും. അവർ പറഞ്ഞു. ഈ പ്രായത്തില് കേറിയാ എന്താ കുഴപ്പം ന്ന് ചോദിച്ചതും വാരി കുന്തങ്ങളുമായി വീട്ടുകാര് എന്നെ വിശാലമായ പറമ്പ് മുഴുവൻ ഓടിച്ചു. ആ കാര്യം പിന്നെ അന്നത്തോടെ വിട്ടു. ആ സ്ത്രീ അമ്പത് തികയുന്നതിനു മുമ്പേ അനാരോഗ്യത്താൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അവർ മരിക്കുന്നതിന് മുമ്പായി മലകേറണമെന്ന ആഗ്രഹം നടന്നതുമില്ല. സുഖമില്ലാതെ കിടപ്പിലായ നാളിൽ ഞാൻ കാണാൻ പോയപ്പോൾ, അവർ എന്നോടു പറഞ്ഞു: സ്വാമി വിളിക്കുമ്പോ ഞാൻ അങ്ങ് പോവും മോനെ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ശബരിമലയിൽ പോവണമെന്ന ആഗ്രഹമൊന്നും അവർക്ക് അപ്പൊ ഇല്ലായിരുന്നു. അയ്യപ്പൻ എന്റെ കൂടെ തന്നെയുണ്ടാവുമ്പോ ഞാൻ എന്തിന് ഈ വയ്യാത്ത അവസ്ഥയിൽ മല കയറണം എന്ന ഭാവമായിരുന്നു മുഖത്ത്. വളരെ നല്ലൊരു സ്ത്രീ. അവർ മരിച്ചത്, ഞാൻ നാട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു. എനിക്കാണെങ്കിൽ ശബരിമലയ്ക്ക് പോകണമെന്ന താല്പര്യവുമൊട്ടുമില്ലായിരുന്നു. സുഹൃത്തുക്കളൊക്കെ കൊല്ലത്തിൽ പോയി വരും. അവൻ അവിശ്വാസിയാണെന്ന ലേബൽ ഞാൻ അറിഞ്ഞോ അറിയാതെയോ എനിക്ക് മേൽ പതിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ആരുടെ വിശ്വാസങ്ങൾക്കും ഞാൻ എതിരല്ല. ജോലിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരും പന്തളത്തുമൊക്കെ ഞാൻ പല തവണ പോയിട്ടുണ്ട്. എന്നാൽ ഒരിക്കലും ശബരിമലയിലേക്ക് പോവണമെന്ന് തോന്നിയിട്ടില്ല, ഇപ്പോഴും അങ്ങനെ തന്നെ. കോളേജിൽ പഠിക്കുന്ന കാലത്ത്, മകരവിളക്ക് എന്നത് KSEB ക്കാര് നടത്തുന്ന തട്ടിപ്പാണെന്ന് പറഞ്ഞപ്പോ, നീ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ട, മറ്റുള്ളവരുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കേണ്ടെന്ന് വീട്ടുകാര് കുറ്റപ്പെടുത്തി. ഈ അടുത്ത കാലം വരെ മകരവിളക്ക് ദൈവീകമാണെന്നു വിശ്വസിച്ച് കഴിഞ്ഞ സ്വാമിമാരുണ്ട്. ദേവസ്വം ബോർഡിന്റെ തട്ടിപ്പുകൾ പാവം സ്വാമിമാർക്ക് അറിയില്ല. ശബരിമലയ്ക്ക് പോവാതെ, അയ്യപ്പനെ എന്നും സ്വന്തം മുറിക്കകത്ത് രോഗ കിടയ്ക്കകരികെ ദർശിച്ചിരുന്ന ആ സ്ത്രീയുടെ ഭക്തിയോടാണ് എനിക്കിഷ്ടം. വിശ്വാസികൾ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കും, അല്ലാത്തവർക്ക് അത് ഒരു യുദ്ധത്തിലെ ജയവും പരാജയവും പോലെയാണ്. മാറ്റങ്ങളില്ലാത്തതായിട്ട് ഒന്നുമില്ലായെന്ന് വേദങ്ങളിലൊക്കെ പറയുന്നുണ്ട്, മാറും എല്ലാം മാറും.. ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ മാറും. നൂറ് വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളൊന്നുമല്ല ഇന്നുള്ളത്. മനുഷ്യരുടെ സൗകര്യങ്ങൾ അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കും. ശബരിമലയിൽ എത്തിച്ചേരാൻ ഹെലികോപ്ടർ സൗകര്യങ്ങളുണ്ടായാൽ അത് ആരും വേണ്ടെന്നു വെക്കില്ല. അതാണ് നേര്, അല്ലെങ്കിൽ ഞാൻ നടന്ന് മല കയറിയേ പോവുന്ന് ആ കാലത്ത് ആരെങ്കിലും പറയുകയാണെങ്കിൽ അന്നത്തെ യുവ സ്വാമിമാര് ചിരിക്കും അത്ര തന്നെ.. october 14

ഓരോ ജീവനു പിറകിലും മരണമുണ്ട്

ജനിച്ചാല് ഒരു നാൾ മരിക്കും ന്ന് എല്ലാർക്കും അറിയാം. മരണത്തിന് വലിയ ലോജിക്കൊന്നുമില്ല, വിചാരിക്കാത്ത സമയത്ത് ജീവൻ പിടിച്ച് വാങ്ങിയിട്ട് ഒരൊറ്റ പോക്കാണ്. ഒരുപാടു കാലം ജീവിച്ചിരിക്കേണ്ടയാളാണെന്ന് നമ്മൾ വിചാരിക്കുന്നയാൾ പൊടുന്നനെ നമുക്കിടയിൽ നിന്നും ഇല്ലാതാവുന്നത് സങ്കടകരമാണ്. മരണത്തോട് വെറുതെ കലഹിക്കാൻ തോന്നും. ഇങ്ങനെയൊന്നുമല്ല ഒരാളിന്റെ ജീവൻ തട്ടിയെടുക്കേണ്ടത്! പക്ഷെ നമ്മൾടെ നിയമങ്ങളോ ദയയോ വാത്സല്യമോ ഒന്നുമല്ലല്ലോ അതിന് ഉള്ളത്. ജീവിതത്തിൽ ഇനീം ചെയ്യാൻ കുറെ കാര്യങ്ങളുണ്ട് പിന്നെ വരുന്ന് പറഞ്ഞ് മടക്കി അയക്കാനോ അല്ലെങ്കിൽ എന്റെ ദൗത്യം പൂർത്തിയായി എന്നെ വന്നുകൊണ്ടു പോയിക്കോളൂന്ന് പറഞ്ഞ് മരണത്തെ ക്ഷണിച്ചു വരുത്താനും പറ്റുന്ന കഴിവ് നമുക്ക് ഇല്ലല്ലോ. ഓരോ ജീവനു പിറകിലും മരണമുണ്ട്, ഏത് നിമിഷം ജീവനെ കവർന്നെടുക്കുന്നു എന്നു മാത്രം അറിയില്ല. നാം ജീവിക്കുകയാണ്, എന്നാൽ ജീവൻ എന്താണെന്നു നമുക്ക് അറിയില്ല. ഈ അജ്ഞതകൊണ്ടാണ് മരണം എന്ന സംഭവം നടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നതെന്ന ഓഷോയുടെ വാക്കുകളിൽ അഭയം തേടുന്നു. പക്ഷെ ആ വയലിന്റെ സ്വരം എന്നെ വിടാതെ പിന്തുടരുകയാണല്ലോ... ഒരു കാരണം കണ്ടെത്തുന്നതു വരെ ആ ശുന്യത ഏല്പിക്കുന്ന മുറിവിന്റെ നീറ്റലുകൾ നിലനിൽക്കും. # ബാലഭാസ്കറിന് വിട 
2018 October 2

കതിവന്നൂർ വീരൻ


കേരള ഫോക്‌ലോർ അക്കാദമിയുടെ വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ പുരസ്കാരം ലിസി മാത്യുവിന്റെ കതിവന്നൂർ വീരൻ എന്ന പുസ്തകത്തിനാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം തോന്നി. ഒരു നെല്ലിമരത്തിന്റെ ചുവട്ടിൽ നിന്നും ആയിരക്കൊമ്പൻ വൈനിയോളമെത്തിയ മലനാട്ടിലെ ഒരു സാധാരണക്കാരന്റെ സമാനതകളില്ലാത്ത യാത്രയുടെ ചരിത്രം കുറിച്ചു വച്ച പുസ്തകം - മല കയറിയ മനുഷ്യൻ, ചുരമിറങ്ങിയ ദൈവം. തെയ്യങ്ങളോടുള്ള ആരാധന ചെറുപ്പം മുതൽക്കേ ഉള്ളതാണ്. കതിവനൂർ വീരനോടുള്ള ആരാധന തീവ്രമായിരുന്നു. അവിശ്വാസിയായി നടന്നിരുന്ന കാലത്തുപോലും കതിവന്നൂർ വീരൻ എന്ന മന്ദപ്പൻ എന്നെ വിടാതെ പിന്തുടർന്നു. എൻ.പ്രഭാകരന്റെ 'ഏഴിനും മീതെ ' വായിച്ച് പിന്നേയും വിഭ്രാന്തിയോടെ മന്ദപ്പനെ പിന്തുടർന്നു. അതേ പറ്റി എഴുതണമെന്ന് തോന്നി. പല തെയ്യം കഥകളും വായിച്ചെങ്കിലും മന്ദപ്പൻ വഴി മാറി നടന്നു. കാലം ഓർമ്മകൾക്ക് മീതെ കരിയിലകൾ വീഴ്ത്തി. ലിസി മാത്യുവിന്റെ പുസ്തകപ്രകാശന വാർത്ത പത്രത്തിൽ കണ്ട നിമിഷം കരിയിലകൾ കാറ്റിൽ പറന്നു. ഓടി ചെന്ന് പുസ്തകം വാങ്ങിച്ചു. സത്യത്തിൽ അത് എന്നെ ഞെട്ടിച്ചു. ഞാൻ എങ്ങനെ എഴുതാൻ ഉദ്ദേശിച്ചുവോ അതേ രീതിയിൽ തന്നെ ലിസി മാത്യുവിന്റെ കതിവന്നൂർ വീരൻ. ആദ്യം അസൂയ തോന്നിയെങ്കിലും പിന്നെ മനസിലായി, എന്നെ കൊണ്ട് ഇത്രയും മികവോടെ എഴുതാൻ പറ്റില്ലാന്ന്. അസൂയ വഴിമാറി. ആദരവ് കടന്നു വന്നു. നാല് വർഷത്തെ അവരുടെ കഠിനാദ്ധ്വാനവും യാത്രകളും തികച്ചും ക്ലേശകരമായിരിക്കും. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിലപ്പുറം ഒന്നുമില്ല. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗം മേധാവിയും എഴുത്തുകാരിയും പ്രഭാഷകയുമായ ലിസി മാത്യു നടത്തിയ യാത്രയിൽ ഞാനും പങ്കാളിയായതുപോലൊരു അനുഭവം ഈ പുസ്തകം സമ്മാനിച്ചു. മന്ദപ്പന്റെ ജന്മഗൃഹത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന മാങ്ങാട്ടെ ഒരു നെല്ലിമരത്തിന്റെ ചുവട്ടിൽ നിന്നും തുടങ്ങി മന്ദപ്പന്റെ ചിതയൊരുക്കാൻ ഉപയോഗിച്ച ആയിരക്കൊമ്പൻ വൈനി വരെ നീളുന്ന യാത്ര. പുരസ്കാരങ്ങൾക്കും മീതെ ഈ ഗ്രന്ഥം നിലനിൽക്കും. ഏഴിനും മീതെ..  september 30

വിവാഹേതരബന്ധം


ആറാം ക്ലാസിൽ പഠിക്കുന്ന മോള്, വിവാഹേതരബന്ധം ന്ന് വെച്ചാൽ എന്താണെന്ന് അടുക്കളയിൽ വച്ച് ചോദിക്കുന്നത് വെളിയിലിരിക്കുന്ന ഞാൻ കേട്ടു. നിന്റെ അച്ഛനോടു ചോദിക്കുന്നതാവും കുറെ കൂടി നല്ലതെന്ന് അവളുടെ അമ്മ കനപ്പിച്ച് പറയുന്നതും കേട്ടു.. എനിക്ക് ഓടി രക്ഷപ്പെടാൻ സമയം കിട്ടിയില്ല. മോള് മുന്നിലെത്തി. എന്ത് സംശയമുണ്ടെങ്കിലും എന്നോടു ചോദിക്കാൻ മടിക്കേണ്ടെന്ന് ഞാൻ പലപ്പോഴും മോളോട് പറയാറുള്ളത് കുഴപ്പമായി. വിവാഹേതര ബന്ധം ന്ന് പറഞ്ഞാ എന്താണ്? ഫോർ എക്സാംപിൾ, അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ അമ്മയോടൊപ്പം വേറൊരാൾ അടുപ്പം കാണിക്കുന്നു എന്നു വിചാരിക്കുക. പറഞ്ഞ് തീർന്നില്ല, ഓന്റെ കയ്യും കാലും ഞാൻ തല്ലി പൊളിക്കും! മോള് പെട്ടെന്ന് പറഞ്ഞു. അതേക്കാൾ ഞെട്ടിക്കുന്ന ശബ്ദത്തിൽ അടുക്കളയിൽ നിന്നും പത്രം തറയിൽ വീഴുന്ന ഒച്ച കേട്ടു . ഫോർ എക്സാംപിൾ ശരിയായില്ലാന്നാ തോന്നുന്നത്! കുട്ടിക്ക് എളുപ്പം മനസിലാവാൻ പറഞ്ഞതാ.. മനോരമയും മാതൃഭൂമിയും വലിയ തലക്കെട്ട് കൊടുത്ത് വാർത്ത എഴുതിവിടുമ്പോ, കുട്ടികളോട് കാര്യങ്ങൾ വിശദീകരിക്കാനുള്ള അച്ഛന്മാരുടെ പ്രയാസങ്ങൾ ആരും കാണുന്നില്ല! ഫോർ എക്സാംപിൾ കാരണം കുട്ടിയുടെ അമ്മയും ഏതാണ്ട് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്. september 28, 2018

2018 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഹൃദയ ഭാഷയിലൊരു തുടക്കം

എന്തെങ്കിലുമൊക്കെ എഴുതണമെന്നു വിചാരിക്കും. പക്ഷെ വിവിധ കാരണങ്ങളാൽ അത് നടക്കാറില്ലെന്നു മാത്രം. ഇങ്ങനെ ഒരു ബ്ലോഗ് എനിക്ക് ഉണ്ടല്ലോന്ന് ഓർമ്മ വന്നതു തന്നെ ഇപ്പഴാണ്. പഴയ എഴുത്ത് രീതികളൊക്കെ ഇന്ന് മാറി. ആ മാറ്റങ്ങൾ കുറച്ചൊക്കെ ഉൾകൊള്ളുകയും ചെയ്യുന്നു. എന്തു മാറിയാലും ഹൃദയത്തിന്റെ ഭാഷ മാറുകയില്ല. ആ ഭാഷേല് എന്തെങ്കിലുമൊക്കെ എഴുതാം. കുറച്ചു പേര് വായിച്ചാ അത് തന്നെ അധികം! അതിലപ്പുറം ഒന്നുമില്ല. എന്നാ പിന്നെ എഴുത്ത് തുടങ്ങാം അല്ലേ?