അനുയായികള്‍

2018 നവംബർ 25, ഞായറാഴ്‌ച

കതിവന്നൂർ വീരൻ


കേരള ഫോക്‌ലോർ അക്കാദമിയുടെ വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ പുരസ്കാരം ലിസി മാത്യുവിന്റെ കതിവന്നൂർ വീരൻ എന്ന പുസ്തകത്തിനാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം തോന്നി. ഒരു നെല്ലിമരത്തിന്റെ ചുവട്ടിൽ നിന്നും ആയിരക്കൊമ്പൻ വൈനിയോളമെത്തിയ മലനാട്ടിലെ ഒരു സാധാരണക്കാരന്റെ സമാനതകളില്ലാത്ത യാത്രയുടെ ചരിത്രം കുറിച്ചു വച്ച പുസ്തകം - മല കയറിയ മനുഷ്യൻ, ചുരമിറങ്ങിയ ദൈവം. തെയ്യങ്ങളോടുള്ള ആരാധന ചെറുപ്പം മുതൽക്കേ ഉള്ളതാണ്. കതിവനൂർ വീരനോടുള്ള ആരാധന തീവ്രമായിരുന്നു. അവിശ്വാസിയായി നടന്നിരുന്ന കാലത്തുപോലും കതിവന്നൂർ വീരൻ എന്ന മന്ദപ്പൻ എന്നെ വിടാതെ പിന്തുടർന്നു. എൻ.പ്രഭാകരന്റെ 'ഏഴിനും മീതെ ' വായിച്ച് പിന്നേയും വിഭ്രാന്തിയോടെ മന്ദപ്പനെ പിന്തുടർന്നു. അതേ പറ്റി എഴുതണമെന്ന് തോന്നി. പല തെയ്യം കഥകളും വായിച്ചെങ്കിലും മന്ദപ്പൻ വഴി മാറി നടന്നു. കാലം ഓർമ്മകൾക്ക് മീതെ കരിയിലകൾ വീഴ്ത്തി. ലിസി മാത്യുവിന്റെ പുസ്തകപ്രകാശന വാർത്ത പത്രത്തിൽ കണ്ട നിമിഷം കരിയിലകൾ കാറ്റിൽ പറന്നു. ഓടി ചെന്ന് പുസ്തകം വാങ്ങിച്ചു. സത്യത്തിൽ അത് എന്നെ ഞെട്ടിച്ചു. ഞാൻ എങ്ങനെ എഴുതാൻ ഉദ്ദേശിച്ചുവോ അതേ രീതിയിൽ തന്നെ ലിസി മാത്യുവിന്റെ കതിവന്നൂർ വീരൻ. ആദ്യം അസൂയ തോന്നിയെങ്കിലും പിന്നെ മനസിലായി, എന്നെ കൊണ്ട് ഇത്രയും മികവോടെ എഴുതാൻ പറ്റില്ലാന്ന്. അസൂയ വഴിമാറി. ആദരവ് കടന്നു വന്നു. നാല് വർഷത്തെ അവരുടെ കഠിനാദ്ധ്വാനവും യാത്രകളും തികച്ചും ക്ലേശകരമായിരിക്കും. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിലപ്പുറം ഒന്നുമില്ല. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗം മേധാവിയും എഴുത്തുകാരിയും പ്രഭാഷകയുമായ ലിസി മാത്യു നടത്തിയ യാത്രയിൽ ഞാനും പങ്കാളിയായതുപോലൊരു അനുഭവം ഈ പുസ്തകം സമ്മാനിച്ചു. മന്ദപ്പന്റെ ജന്മഗൃഹത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്ന മാങ്ങാട്ടെ ഒരു നെല്ലിമരത്തിന്റെ ചുവട്ടിൽ നിന്നും തുടങ്ങി മന്ദപ്പന്റെ ചിതയൊരുക്കാൻ ഉപയോഗിച്ച ആയിരക്കൊമ്പൻ വൈനി വരെ നീളുന്ന യാത്ര. പുരസ്കാരങ്ങൾക്കും മീതെ ഈ ഗ്രന്ഥം നിലനിൽക്കും. ഏഴിനും മീതെ..  september 30

അഭിപ്രായങ്ങളൊന്നുമില്ല: