അനുയായികള്‍

2020 ജൂലൈ 5, ഞായറാഴ്‌ച

മരണത്തിന്‍റെ ഊടുവഴികളിലൂടെ ജീവിതവും പ്രണയവും


prashanth nambiar



നോവല്‍

മരണത്തിന്‍റെ ഊടുവഴികളിലൂടെ 
ജീവിതവും പ്രണയവും


ഒന്ന്

ഒക്ടോബര്‍ മാസത്തിലെ ഒരുനാള്‍ ഉച്ചനേരത്ത് വീശിയ കൊടുങ്കാറ്റില്‍ എന്‍റെ മുറിയുടെ ചില്ലുജാലകത്തിന് മുന്നില്‍നിന്നും നഗരം അപ്പാടെ അപ്രത്യക്ഷമാവുകയോ എന്നന്നേക്കുമായി ഇല്ലാതായി തീരുകയോ ചെയ്തു. നഗരത്തെ മുഴുവനായും വിഴുങ്ങിത്തീര്‍ക്കുകയായിരുന്നു, വിശന്നുവലഞ്ഞെത്തിയ ചെന്നായയെപോലെ ഒക്ടോബറിലെ കൊടുങ്കാറ്റ്. വലിയ അത്ഭുതമൊന്നും എനിക്ക് തോന്നിയില്ല. എന്നെങ്കിലുമൊരുനാള്‍ ഇത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു-എന്‍റെ ആത്മഹത്യപോലെ സ്വാഭാവികം. ഇനി അവശേഷിക്കുന്നത്, എന്നിലെ ഓര്‍മ്മകളുടെ പക്ഷിക്കൂടും അതിനകത്തെ സ്പന്ദനവും മാത്രം. എന്‍റെ ജീവനെ വിഴുങ്ങാന്‍ മാത്രമായിട്ട് വീണ്ടുമൊരു കൊടുങ്കാറ്റ് എത്തുന്നതുവരെ കാത്തിരിക്കാന്‍ ഇനി എനിക്കാവില്ല. അതുകൊണ്ട് എന്‍റെ ജീവനെ ഞാന്‍ അടര്‍ത്തിമാറ്റാന്‍ തയ്യാറാവുകയാണ്. ചെടിയില്‍ നിന്നും പൂവ് അടര്‍ത്തിമാറ്റുന്നതുപോലെ ഞാന്‍ അത് നിര്‍വഹിക്കും.
കൊടുങ്കാറ്റ് ബാക്കിവെച്ചുപോയ നഗരാവശിഷ്ടങ്ങളില്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന യാതൊരു പ്രണയഭാവങ്ങളും ചലനങ്ങളുമില്ല. ഉള്ളത് ഭീകരത മാത്രം.


ഞാന്‍ ആത്മഹത്യയുടെ കത്തിമുനയില്‍ 
ജീവനെ കോര്‍ത്തിടാന്‍ പോവുകയാണ്.

ഒക്ടോബര്‍ മാസത്തിലെ ഒരു നാള്‍ ഉച്ചനേരത്ത് വീശിയ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ നഗരം ചില്ലുജാലകത്തിലൂടെ ഞാന്‍ കണ്ടു. ഒപ്പം എന്‍റെ ജീവനുവേണ്ടി ഏറെനേരമായി മുറിക്കകത്ത് കാത്തിരിക്കുന്ന മരണത്തേയും. ഇപ്പോള്‍ മനസ്സില്‍ പതിവുചോദ്യങ്ങളോ താല്‍ക്കാലിക ഉത്തരങ്ങളോ ഇല്ല. ഇരുട്ടുമാത്രം. ഞാന്‍ ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. കടന്നുപോവുന്ന ഓരോ നിമിഷങ്ങളും ജീവന്‍റെ അവസാനത്തെ കെട്ടിപ്പുണരലിന് വെമ്പിനില്‍ക്കുകയാണ്.
ഞരമ്പിലൂടെ കത്തി നീങ്ങി.
ഹൃദയമൊന്ന് പിടഞ്ഞു.
ഞരമ്പ് മുറിഞ്ഞ് ചോര ഒലിച്ചിറങ്ങുമ്പോള്‍, ഞാന്‍ കോരിച്ചൊരിയുന്ന മഴയെ സ്വപ്നം കാണുകയും മഴയുടെ മുഖമുള്ള മാലാഖയുടെ സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്തു.

പ്രണയം ഒന്നിനേയും സ്വീകരിക്കുന്നില്ല. 
അതുപോലെ തിരസ്കരിക്കുന്നുമില്ല. 
മരണം ജീവിതത്തെ കൊള്ളയടിക്കുന്നു. 
ജീവിതം, ഒരു കയ്യില്‍ പ്രണയത്തേയും 
മറുകൈയ്യില്‍ മരണത്തേയും വഹിക്കുന്നു. 
ഇരുട്ടിനെ വിഴുങ്ങാന്‍ ശക്തിയുള്ള 
പ്രകാശത്തിന് കുറുക്കുവഴികളില്ല.. 
ജീവനെ കവര്‍ന്നെടുക്കാന്‍ കഴിവുള്ള 
മൃത്യുവിന് നേര്‍വഴികളില്ല. 
രണ്ട് ആത്മാവുകള്‍ക്കിടയില്‍ 
പ്രണയത്തിന് വഴികളേയില്ല.

ഒരു കാര്യം സത്യമാണ്, ഞാന്‍ മരിക്കാനുള്ള കാരണങ്ങള്‍ തേടി അലഞ്ഞവനല്ല. ജീവിക്കാനാണ് ഞാന്‍ കാരണങ്ങള്‍ തേടിയിരുന്നത്. അത് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ഇപ്പോള്‍ മരിക്കാതിരിക്കാന്‍ യാതൊരു കാരണങ്ങളും കാണുന്നില്ല.

കൈത്തണ്ടയില്‍ മുറിഞ്ഞ ഞരമ്പിലൂടെ ഒഴുകിയ രക്തം മേശപ്പുറത്തെ കടലാസില്‍ പരന്നു.
മുറിവിന്‍റെ നീറ്റല്‍ അസഹ്യമാണെങ്കിലും കാത്തിരിപ്പ് ഇനി നീളുകയില്ലെന്ന തിരിച്ചറിവ് സുഖം നല്‍കി.
എനിക്ക് ഒന്നിനോടും വെറുപ്പില്ല.
ആരേയും കുറ്റപ്പെടുത്തുന്നുമില്ല.
ഞാന്‍ അങ്ങനെയൊക്കെ തന്നെയായിരുന്നു.
കൃഷ്ണപ്രസാദ് എന്തിന് ആത്മഹത്യ ചെയ്യുന്നുവെന്ന് അന്വേഷിക്കുന്നവരോട് പറയാനുള്ളത്, ജീവിതംകൊണ്ടുള്ള വിഡ്ഢിക്കളിക്ക് ഇനി ഞാന്‍ തയ്യാറല്ല.
ജീവിതത്തിന്‍റെ വര്‍ണ്ണത്തൂവലുകള്‍ പൊക്കിക്കാട്ടി കൃഷ്ണപ്രസാദിനെ കബളിപ്പിക്കാനും നോക്കേണ്ട.
കത്തി വീണ്ടും ഞരമ്പുകള്‍ തേടി പാഞ്ഞു.
രക്തച്ചാലുകള്‍ തറയില്‍ കാണപ്പെട്ടു.
ചോരത്തുള്ളികള്‍ വീണുകുതിര്‍ന്ന ആത്മഹത്യ കുറിപ്പുകളിലേക്ക് കൃഷ്ണപ്രസാദ് നോക്കി.
അത് ആദ്യത്തെ പ്രണയക്കുറിപ്പുകള്‍പോലെ ഹൃദയതുടിപ്പുകള്‍ കലര്‍ന്നതായിരുന്നു.

ക്ലാസ് റൂം.
അശോക് നാരായണന്‍ സാറ് ക്ലാസിലേക്ക് കയറിവന്നതും അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ വിമോചനശാസ്ത്രത്തെ കുറിച്ച്, നിര്‍ദ്ദയം വാക്കുകളെ ഞെരിച്ച് കൊലപ്പെടുത്തിക്കൊണ്ട് പറഞ്ഞ് കടന്നുപോയതും കൃഷ്ണപ്രസാദ് അറിഞ്ഞതേയില്ല.
ക്ലാസില്‍ മുന്‍നിരയില്‍ മൂന്നാമതായി ഇരിക്കുന്ന ഗീതാഞ്ജലി പിറകോട്ട് മുഖം തിരിച്ച് അവനെ പാളിനോക്കി മന്ദഹസിക്കാന്‍ ശ്രമിച്ചു.
മന്ദഹാസം അപ്പോഴത്തെ അവസ്ഥയില്‍ അവളിലെ ഒളിച്ചോട്ടത്തിനുള്ള വെമ്പലിനെ പ്രതിഫലിപ്പിക്കുന്നതായി കൃഷ്ണപ്രസാദിന് തോന്നി.
ഒളിച്ചോട്ടം താല്‍ക്കാലിക സമാധാനം മാത്രമാകുന്നു.
കൃഷ്ണപ്രസാദ് ഒരുതുണ്ട് കടലാസില്‍ ഇത് കുറിച്ചിട്ടു.
ഗബ്രിയേലിന്‍റെ കൈകളിലൂടെ, ഹൃദ്യയുടെ ശിരസ്സിന് മുകളിലൂടെ ഗീതാഞ്ജലിക്ക് കൈമാറി.
അത് അവള്‍ വായിച്ച് തെല്ലൊരു അമ്പരപ്പോടെ പ്രസാദിനെ സൂക്ഷിച്ചുനോക്കി.
നെറ്റിയില്‍ പടര്‍ന്നിരിക്കുന്ന വിയര്‍പ്പ് തൂവാലകൊണ്ട് ഒപ്പിമാറ്റി.
ക്ലാസ് റൂമിലെ വയസ്സന്‍ ക്ലോക്ക് അനിശ്ചിതമായി കറങ്ങുകയാണ്.
അധ്യാപകര്‍ ആരൊക്കെയോ ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ കടന്നുവരികയും ഇറങ്ങിപ്പോവുകയും ചെയ്യുന്നു.
നോട്സ് പകര്‍ത്തി തളര്‍ന്ന സോളമന്‍, കൈ ആയാസത്തോടെ നീട്ടിയപ്പോള്‍ തൊട്ടു മുന്നിലിരിക്കുന്ന അനിതയുടെ ദേഹത്താണ് തട്ടിയത്.
അവള്‍ പിറകോട്ട് തിരിഞ്ഞു നോക്കിയപ്പോ ശ്രദ്ധിച്ചത് കൃഷ്ണപ്രസാദിനെയാണ്.
സോളമന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുന്നു.
എന്താ.
അവള്‍ കണ്ണുകൊണ്ട് ചോദിച്ചു.
ഒന്നുമില്ല.
കൃഷ്ണപ്രസാദ് ചുമലുകള്‍ ഇളക്കി.
ഒരു സിഗററ്റ് പുകയ്ക്കാനായി ഗബ്രിയേല്‍ ക്ലാസിന് വെളിയിലേക്ക് അഴികളില്ലാത്ത തുറന്ന ജനാലവഴി ചാടി പോയത് കൃഷ്ണപ്രസാദ് ശ്രദ്ധിച്ചെങ്കിലും നിശബ്ദമായി അവന്‍റെ തിരോധാനത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്.
കൃഷ്ണപ്രസാദിന്‍റെ കണ്ണുകളുടെ കറക്കം അവസാനിച്ചത്, മുന്‍നിരയിലെ മൂന്നാമതായി ഇരിക്കുന്ന ഗീതാഞ്ജലിയിലാണ്.
അവള്‍ വെളുത്ത ചുരിദാറാണ് ധരിച്ചിരുന്നത്.
നീണ്ട മുടികള്‍ക്ക് കറുപ്പു നിറം കുറവായിരുന്നു.
അവളില്‍ ആത്മവിശ്വാസം ഒട്ടുമില്ലായിരുന്നു.

ക്ലാസ് റൂമില്‍ നിശബ്ദതയുടെ തേര്‍വാഴ്ച.
കണ്ണീരു പൊഴിക്കപ്പെട്ടില്ല.
പതിവ് കലഹങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.
വൈകിയവേളയില്‍, സ്റ്റുഡന്‍റ് എഡിറ്റര്‍ എഫ്.എം.ഹാരിസ് എഴുന്നേറ്റു നിന്നു.
കഴിഞ്ഞ ദിവസം ബൈക്ക് ആക്സിഡന്‍റില്‍ കൊല്ലപ്പെട്ട ജോണ്‍ സാമുവലിന് അനുശോചനം രേഖപ്പെടുത്താന്‍ ക്ലാസ് റൂം തയ്യാറാവുകയാണ്.
അപ്പോഴാണ് ഗബ്രിയേല്‍ തിരിച്ചെത്തിയത്.
അവന്‍റെ വായില്‍ ച്യൂയിങ്ഗം ഉണ്ടായിരുന്നു.

അവലക്ഷണംകെട്ട മൃഗത്തിന്‍റേതുപോലെ വായ ചലിച്ചുകൊണ്ടിരുന്നു.
ഗബ്രിയേലിനു നേരെ അനിത കൈനീട്ടി.
അവളുടെ കയ്യിലേക്ക് തന്‍റെ വായിലുള്ള ച്യൂയിങ്ഗം തുപ്പുന്നതായി ആങ്ഗ്യം കാണിച്ചപ്പോള്‍ അനിത അറപ്പോടെ കൈ പിന്‍വലിച്ച് സാധാരണഭാഷയില്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള തെറി ഗബ്രിയേലിനെ നോക്കി പറഞ്ഞു.
അപ്പോഴവന്‍ ചിരിച്ചുകൊണ്ട് പോക്കറ്റില്‍ നിന്നും വേറൊരെണ്ണമെടുത്ത് കാണിച്ച് അവളെ കൊതി പിടിപ്പിക്കാന്‍ ശ്രമിച്ചു.
അവള്‍ ഏന്തിവലിഞ്ഞ് ഗബ്രിയേലിന്‍റെ കൈകളില്‍ നിന്നും തട്ടിപ്പറിച്ചെടുക്കുന്നതിനിടയില്‍ ബാലന്‍സ് തെറ്റി കൃഷ്ണപ്രസാദിന്‍റെ ദേഹത്തേക്ക് ചാഞ്ഞുവീണു.
ഗബ്രിയേല്‍ ഉറക്കെ ചിരിക്കുന്നത് കണ്ട് ക്ലാസ് റൂം ഒന്നടങ്കം അവരെ ശ്രദ്ധിച്ചു.
കൃഷ്ണപ്രസാദ് അവളെ താങ്ങി നേരെ പിടിച്ചിരുത്തി.
നിനക്ക് വെച്ചിട്ടുണ്ടെടാ.
അവള് മുറുമുറുത്തുകൊണ്ട് ഗബ്രിയേലിനെ നോക്കി.
സൈലന്‍സ് എവരിബഡി.
എഫ്. എം ഹാരിസ് മേശപ്പുറത്ത് തട്ടിക്കൊണ്ട് നിര്‍ദ്ദേശിച്ചു.
ക്ലാസ് റൂം നിശബ്ദമായി.
എഫ്.എം ഹാരിസ് അനുശോചനസന്ദേശം വായിക്കുകയാണ്.
യുദ്ധത്തിനൊടുവില്‍ ചത്തൊടുങ്ങിയ മനുഷ്യരെത്തേടിയുള്ള ബന്ധുക്കളുടെ കടന്നുകയറ്റത്തെ അനുസ്മരിക്കുന്ന നിലവിളിപോലെ, പ്ലേഗ്രൗണ്ടില്‍ നിന്നും ഒരു ഫുട്ബോള്‍ ഗോള്‍വലയെ ചലിപ്പിച്ച നേരത്ത് കാണികളുടെ അട്ടഹാസം.
അനുശോചനസന്ദേശം പാതിവഴിക്ക് നിലച്ചു.
ജോണ്‍ സാമുവലിന്‍റെ ബൈക്ക് ഹൈവേയില്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയാണുണ്ടായത്.
ട്രക്കിന്‍റെ ചക്രങ്ങള്‍ ജോണ്‍സാമുവലിന്‍റെ ശിരസ്സിലൂടെ കയറിയിറങ്ങി.
അവസാനമായി ആര്‍ക്കും അവന്‍റെ മുഖം കാണാന്‍ കഴിഞ്ഞില്ല.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പെട്ടിയിലടച്ച ശരീരം പിന്നെ തുറക്കേണ്ടി വന്നില്ല. അതേപടി സെമിത്തേരിയിലെ കുഴിയില്‍ താഴ്ത്തുകയാണ് ചെയ്തത്.







രണ്ട്

ശ്വാസഗതിയുടെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, ഇരുട്ടിനെ തുളച്ച് സ്നേഹത്തേയും നിഷ്കളങ്കതയേയും ആയുധമാക്കിയെത്തുന്ന അജ്ഞാതശത്രുവിന്‍റെ കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ തയ്യാറായ വിധമാണ്, അഴുകിയ ചരിത്രത്തിന്‍റെ അവശിഷ്ടങ്ങളാല്‍ രൂപകല്പന ചെയ്യപ്പെട്ട തെക്കേ മുറിയുടെ ജനാലയ്ക്കരികില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ അര്‍ദ്ധനഗ്നനായി അച്ഛന്‍ കിടന്നിരുന്നത്.
കല്പനകള്‍ അനുസരിക്കാന്‍ പറ്റാതെ നിസ്സഹായനായി നില്‍ക്കുന്നവന്‍റെ നേരെ വാളോങ്ങുന്ന ഏകാധിപതിയുടെ ഭാവപ്പകര്‍ച്ചയാണ് അച്ഛന്‍റെ മുഖത്ത് അപ്പോഴും നിഴലിച്ചിരുന്നത്.
അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ആര്‍ക്കും ദൃശ്യമാവാത്ത വസ്തുവിനെ വിടാതെ പിന്തുടരുകയും അത് തന്‍റെ പരിധിക്കുള്ളില്‍ ഒതുങ്ങാതെ വഴിമാറിക്കൊണ്ടിരിക്കുന്നതിലെ അമര്‍ഷത്തില്‍ എരിഞ്ഞുകൊണ്ടിരുന്നു.
ഒരു അട്ടഹാസത്തിനുള്ള ശ്രമം പാഴായിപ്പോയതിലെ ദേഷ്യം ഒതുങ്ങിത്തീരുന്നതിന് മുമ്പ് അനുഭവപ്പെട്ട വേദനയില്‍ അച്ഛന്‍ ഞരങ്ങി.
പറയാന്‍ മറന്ന ശാപവാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന കഫക്കട്ടകളോടൊപ്പം, ശ്വാസം ആഞ്ഞുവലിക്കുമ്പോള്‍ കുറുകി.
ചിലസമയത്ത് അച്ഛന്‍, തന്‍റെ ശിരസ്സില്‍ വന്നുപതിയാന്‍ പോകുന്ന എന്തോ ഒരു ഭാരമുള്ള വസ്തുവിനെ തട്ടിനീക്കാന്‍ പാകത്തില്‍ കൈകള്‍ ചലിപ്പിക്കാന്‍ ശ്രമിക്കുന്നു.
യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുകയോ പുറന്തള്ളുകയോ ചെയ്യാതെ, ശൂന്യതയുടെ അകക്കാമ്പിലൂടെ, ഹൃദയത്തെ ഉരുക്കിക്കൊണ്ട് അച്ഛന്‍റെ  കട്ടിലിന്നരികെ ഇരിക്കുകയാണ് അമ്മ.
സമയത്തേയും കാലത്തേയും ഗളഹസ്തം ചെയ്തുകൊണ്ട് ചുവരില്‍ നിശ്ചലമായി നില്‍ക്കുന്ന പഴയനാഴികമണിയിലേക്കാണ് അമ്മയുടെ കണ്ണുകള്‍ ഉടക്കി നിന്നിരുന്നത്.
പക്ഷെ അമ്മ ആ നാഴികമണി കാണുന്നതേയുണ്ടായിരുന്നില്ല.
അച്ഛന്‍റെ അരികിലേക്ക് കൃഷ്ണപ്രസാദ് കടന്നു ചെന്നതേയില്ല.
അച്ഛന്‍റെ അവസാനത്തെ നോട്ടം തന്നിലേക്ക് പതിയാതിരിക്കാന്‍, മുറിക്ക് വെളിയില്‍, പാതി ചാരിയിരിക്കുന്ന വാതിലിന് സമീപത്ത് എന്നത്തേയും പോലെ, അച്ഛന്‍റെ കണ്ണുകള്‍ എത്തിച്ചേരാനിടയില്ലാത്ത സുരക്ഷിതമായൊരിടത്ത് മാറി, അച്ഛന്‍റെ മരണവും പ്രതീക്ഷിച്ച് അവന്‍ നിന്നു.

ഇത്തവണ അച്ഛന്‍ മരിക്കുമെന്ന് ഉറപ്പാണ്.

അത് ഓര്‍ത്തപ്പോള്‍ അനുഭവപ്പെട്ട ഉത്കണ്ഠ കുറെ നേരം മുമ്പുവരെ നിലനിന്നിരുന്ന നിസ്സംഗതയെ തകിടം മറിച്ചു.
എല്ലാം ഓര്‍മ്മകളില്‍ നിന്നും തുടച്ചു നീക്കാനുള്ള മരണത്തിന്‍റെ കഴിവുപോലും ഇവിടെ നഷ്ടപ്പെടുകയാണെന്ന് കൃഷ്ണപ്രസാദിന് തോന്നി.
സായാഹ്നത്തിനുമേല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മഴമേഘങ്ങള്‍   വന്നു വീണ നിമിഷം, മുറിയില്‍ അവശേഷിച്ചിരുന്ന പകല്‍വെളിച്ചത്തിന്‍റെ അല്പപ്രാണന്‍ ചെറുതായൊന്ന് പിടഞ്ഞു.



ക്ലാസ് റൂം.
കൃഷ്ണപ്രസാദിന്‍റെ കൈയില്‍ നിന്നും കൈമാറിയെത്തിയ കടലാസ് ചുരുള്‍.
ഗീതാഞ്ജലിയുടെ കൈപ്പട തിരിച്ചറിയാന്‍ എളുപ്പമാണ്.
എന്തോ എന്നില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവല്ലോ.
പ്രസാദ് അത് വായിച്ചു.
പിന്നെ പുസ്തകത്തില്‍ നിന്നും ചീന്തിയെടുത്ത ഒരു വെളുത്ത കടലാസില്‍ കുത്തിക്കുറിച്ചു.
ഇത്തവണ കുറിപ്പ് നേരിട്ട് അവളുടെ കൈകളിലേക്ക് ചുരുട്ടി എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്.

നീ സത്യമാകുന്നു. 
ഞാന്‍ അന്വേഷകനും
നാം ഇപ്പോള്‍ ഒരു 
പരീക്ഷണശാലയില്‍..

ഗീതാഞ്ജലി അതു വായിച്ച് കൃഷ്ണപ്രസാദിനെ സൂക്ഷിച്ചു നോക്കി.
ക്ലാസ് റൂം ഇടവേളയിലേക്ക് കടക്കുകയാണ്.
മഞ്ഞച്ചായം അടര്‍ന്നു തൂങ്ങിയ ഇടുങ്ങിയ ഇടനാഴിയിലൂടെ, ഒരു നൂറു കോടി സ്വപ്നങ്ങളേയും ചുമന്നുകൊണ്ട് കൃഷ്ണപ്രസാദ് ലൈബ്രറി റൂമിലേക്ക് നീങ്ങി.
എ ബ്ലോക്കില്‍ നിന്നും ബി ബ്ലോക്കിലേക്കുള്ള കുറുക്കു വഴിയിലൂടെ നടക്കുമ്പോള്‍ അങ്ങകലെ നിലകൊള്ളുന്ന ലൈബ്രറിയിലെ പുസ്തകക്കെട്ടുകളിലെ വിജ്ഞാനത്തിന്‍റെ ഞരക്കം അവന്‍ കേട്ടു.
എന്തോ നഷ്ടബോധം കൃഷ്ണപ്രസാദിന്‍റെ ഹൃദയത്തെ ചിന്താകുഴപ്പത്തിലേക്ക് വലിച്ചിഴച്ചു.
ആത്മാവിനെ ദു:ഖസാന്ദ്രമാക്കുന്ന നേര്‍ത്ത വിങ്ങല്‍.
അറിവ് ദു;ഖമാണ്.

കെമിസ്ട്രി ലാബിന് മുന്നില്‍ എഫ് എം ഹാരിസ് നില്‍ക്കുന്നതു കണ്ടു.
അവന്‍റെ ചുറ്റിലും കുറെ പെണ്‍കുട്ടികളുമുണ്ട്.
ആ കൂട്ടത്തില്‍ ഗീതാഞ്ജലി ഇല്ല.
അത് ഏതായാലും നന്നായെന്ന് അല്പം സ്വര്‍ത്ഥതയോടെ കൃഷ്ണപ്രസാദ് മനസില്‍ പറഞ്ഞു.
അവള്‍ ഒരു പക്ഷെ ലൈബ്രറിക്കകത്ത് കാണുമായിരിക്കും.
വേറെ എവിടെ പോവാനാണ്!
തന്‍റേയും അവളുടേയും അവസാനത്തെ അഭയകേന്ദ്രം അതാണ്.
ഹാരിസ് മനോഹരമായി ചിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അറിഞ്ഞോ അറിയാതെയോ അവന്‍റെ ശരീരത്തെ സ്പര്‍ശിക്കുന്നു. ഹാരിസിന്‍റെ മുഖം അല്പമൊന്ന് കുനിഞ്ഞിരുന്നെങ്കില്‍ ഫരീദ ജലാലിന്‍റെ വലിപ്പമുള്ള മാറിടത്തില്‍ അമരുമായിരുന്നു.
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍വെച്ച് ഹാരിസ് അങ്ങനെ ചെയ്യില്ല.
ഫരീദ ജലാലിന് ചിലപ്പോള്‍ ഹാരിസിന്‍റെ കൈകളെ നെഞ്ചോടു ചേര്‍ക്കാന്‍ വെമ്പല്‍ കാണുമായിരിക്കും.
അതില്‍ ഹാരിസ് കുറ്റക്കാരനല്ല, അങ്ങനെ സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്വം ഫരീദ ജലാലിന്‍റെ തലയില്‍ വച്ചുകെട്ടാനായിരിക്കും എല്ലാര്‍ക്കും പ്രത്യേക താല്പര്യം.
കൃഷ്ണപ്രസാദിനെ കണ്ടപ്പോള്‍ ഹാരിസ് കൈകള്‍ ഉയര്‍ത്തി സഹായാഭ്യര്‍ത്ഥന നടത്തി.
നീ എഴുതിയ കവിത ഞാന്‍ പാടിയപ്പോള്‍ ഇവരൊക്കെ ചേര്‍ന്ന് എന്നെ കാര്‍ന്ന് തിന്നാന്‍ തുടങ്ങുകയാണ്.
ഹാരിസ് പറഞ്ഞു.
അത് എന്‍റെ കവിതയുടെ കുഴപ്പമല്ല, നിന്‍റെ ആലാപനത്തിന്‍റെതാണ്.
കൃഷ്ണപ്രസാദ് തിരുത്തി.
അതുകേട്ട് പെണ്‍കുട്ടികള്‍ ഇളകിചിരിച്ചു.
ചിരികള്‍ക്കിടയില്‍ ഫരീദജലാലിന്‍റെ മാറിടങ്ങള്‍ ഹാസിസിന്‍റെ ശരീരത്തില്‍ അല്പമൊന്ന് അമര്‍ന്നു.
അത് ഇരുവരും അറിയാത്ത മട്ടില്‍ നിന്നു.
കവിതയെ കുറിച്ച് പറയാനായി ഫരീദ ജലാല്‍ ഹാരിസിനെ വിട്ട് കൃഷ്ണപ്രസാദിനെ സമീപിച്ചപ്പോള്‍ അവന്‍ ഒഴിഞ്ഞു മാറി.
ലൈബ്രറിക്കകത്തേക്ക് അവന്‍ കയറി ചെന്നു.
മലര്‍ത്തിവെച്ച തടിച്ച പുസ്തകത്തിന് മുന്നില്‍ സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണടവെച്ച് ഗീതാഞ്ജലി ഇരിക്കുന്നത് കണ്ടു.
തിടുക്കം ഭാവിച്ച് അവള്‍ക്കരികെ ചെല്ലാന്‍ ഖലീല്‍ തയ്യാറായില്ല.
അവള്‍ക്കു തന്നെ കാണാവുന്ന അകലത്തില്‍ മറ്റൊരു ഇരിപ്പിടത്തില്‍ കൃഷ്ണപ്രസാദ് ഇരുന്നു.
വെളിയില്‍ നിന്നുള്ള ഇടപെടലുകള്‍ ഇവിടെ കുറവാണ്.
സൈലന്‍സ് പ്ലീസ് എന്ന ബോര്‍ഡ് കത്തിചൂണ്ടി നില്‍ക്കുന്നു.
പ്രസാദ് മാഗസിനുകള്‍ മറിച്ച് ശബ്ദമുണ്ടാക്കി.
ലൈബ്രറി അസിസ്റ്റന്‍റ് സുകുമാരന്‍ അവനെ ശ്രദ്ധിച്ചു.
മാഗസിനിലെ ഒരു മോഡലിന്‍റെ അര്‍ദ്ധ നഗ്നഫോട്ടോ അവന്‍ സുകുമാരനു നേരെ ഉയര്‍ത്തി കാണിച്ചു.
സുകുമാരന്‍ ഉള്‍വലിഞ്ഞു.
കഴുത്ത് തിരിച്ചപ്പോള്‍ ഗീതാഞ്ജലി നോക്കുന്നു.
അവള്‍ കൃഷ്ണപ്രസാദിനേയും അവന്‍റെ കയ്യിലെ മാഗസിനിലേക്കും ഒരു നിമിഷം നോക്കി.
അവന്‍ വേഗം മാഗസിന്‍ താഴെ വച്ച് നിരപരാധിയെപോലെ കൈകള്‍ ഉയര്‍ത്തി കാണിച്ചു.
ഗീതാഞ്ജലി ചിരിച്ചുകൊണ്ട് തന്‍റെ മുന്നിലിരിക്കുന്ന ഒരു മാഗസിനില്‍ നിന്നും ഒരു ഹിന്ദി നടന്‍റെ ഷര്‍ട്ടിടാത്ത ചിത്രം എടുത്ത് ഉയര്‍ത്തി കാണിച്ചു.
കൃഷ്ണപ്രസാദ് തന്‍റെ കയ്യിലെ മാഗസിന്‍ എടുത്ത് ചുരുട്ടി അവളുടെ നേര്‍ക്ക് എറിഞ്ഞു.
അവള്‍ തിരിച്ചു.
സുകുമാരന്‍ തല ഉയര്‍ത്തിയപ്പോള്‍ അയാളേയും അവന്‍ മാഗസിന്‍ കൊണ്ട് എറിഞ്ഞ് മുറിക്ക് പുറത്തേക്ക് നടന്നു.
പിന്നാലെ ഗീതാഞ്ജലിയും.
സുകുമാരന്‍റെ പിറുപിറുപ്പ് അവര്‍ കേട്ടതുമില്ല.
എവിടേക്കാണ് കാമുകി കാമുകന്മാര് പോവുന്നത്.
സോളമന്‍ അവരെ പരിഹസിച്ചു.
പ്രണയത്തിന്‍റെ ഹൃദയഛേദത്തിലൂടെ ഒരു യാത്ര.
കൃഷ്ണപ്രസാദ് മറുപടി നല്‍കി.

മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന പലവിധത്തിലുള്ള മരുന്ന് കുപ്പികളിലേക്ക് തെല്ലൊരു പരിഹാസത്തോടെ കൃഷ്ണപ്രസാദ് നോക്കി.
മരുന്നുകളൊക്കെ കഴിച്ച് ആരോഗ്യം വീണ്ടെടുത്ത് അച്ഛന്‍ മരണകിടക്കയില്‍ നിന്നും എഴുന്നേറ്റാലുള്ള ദുരന്തത്തെ ഓര്‍ത്ത് നടുങ്ങുകയും ചെയ്തു.
അത്തരം ചിന്തകളൊക്കെ അടിസ്ഥാനരഹിതമാണെന്ന് കരുതി തള്ളിക്കളയാനുമാവുന്നില്ല.
കുറെ നേരം പിന്നെ അവന് അവിടെ നില്‍ക്കാന്‍ തോന്നിയില്ല.
വെളിച്ചം നഷ്ടപ്പെട്ട ഇടനാഴിയിലൂടെ ധൃതിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍, അച്ഛന്‍റെ അദൃശ്യരൂപം തന്നെ പിന്തുടര്‍ന്നേക്കുമോ എന്ന ഭീതി അനുഭവപ്പെട്ടതിനാല്‍ ഇടയ്ക്കിടെ പിന്തിരിഞ്ഞുനോക്കി ഒന്നുമില്ലെന്നു മനസില്‍ സമാധാനം ഉറപ്പുവരുത്തി നടത്തത്തിന്‍റെ വേഗത കൂട്ടുകയും ചെയ്തു.
ഏണിപ്പടികള്‍ ചാടിക്കയറി മുകളിലത്തെ നിലയില്‍ അനിയത്തി ധന്യയുടെ മുറിക്കുമുന്നിലെത്തി.
അടച്ചിട്ടിരിക്കുന്ന കതകില്‍ രണ്ടു തവണ തട്ടി.
ധന്യ വാതില്‍ തുറന്നു.
കൃഷ്ണപ്രസാദ് വേഗം അകത്തേക്കു കടന്നു.
ധന്യ പഴയതുപോലെ വാതില്‍ അടച്ചു.
അവള്‍ അവന്‍റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.
അച്ഛന്‍ ഇനിയും മരിച്ചിട്ടില്ല.
ഒറ്റശ്വാസത്തില്‍ കൃഷ്ണപ്രസാദ് പറഞ്ഞു.
ധന്യ അത് വിശ്വസിക്കാന്‍ മടി കാണിച്ചു.
കൃഷ്ണപ്രസാദ് പറഞ്ഞത് സത്യമാണെങ്കിലും അവള്‍ക്ക് അതൊരു നുണപറച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്.
അതുകൊണ്ടാണ് അച്ഛന്‍റെ രോഗനിലയെ കുറിച്ച് ധന്യ വീണ്ടും അന്വേഷിച്ചത്.
ഞാന്‍ പറഞ്ഞത് സത്യമാണ്.
അവളുടെ തണുത്ത, വിറയല്‍ ബാധിച്ച വിരലുകളില്‍ മുറുകെ പിടിച്ചുകൊണ്ട് കൃഷ്ണപ്രസാദ് ആവര്‍ത്തിച്ചു.
രണ്ടുപേരും കുറെ നേരത്തേക്ക് യാതൊന്നും സംസാരിച്ചില്ല.
കൃഷ്ണപ്രസാദ് ജനാലയ്ക്കരികെ ചെന്ന് ഗ്ലാസ് ജനാലകതക് തള്ളി തുറന്നു.
അന്തരീക്ഷം മഴമേഖത്താല്‍ പൊതിഞ്ഞിരിക്കുകയാണ്.
കിഴക്കന്‍ ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന മിന്നല്‍ പിണരിലേക്ക് അവന്‍ നോക്കി.
മേഘക്കൂട്ടങ്ങളെ കീറിമുറിച്ചുകൊണ്ട് കീഴോട്ടേക്ക് പതിക്കുന്ന ഇടമിന്നല്‍.
അനിശ്ചിതത്തില്‍ പിറന്ന നിശബ്ദതയിലേക്ക് ഇടിമുഴക്കം തുളഞ്ഞിറങ്ങി.
കൃഷ്ണപ്രസാദ് തിടുക്കത്തില്‍ ജനാലകതക് വലിച്ചടച്ചു.
തന്നെ ബാധിച്ചിരിക്കുന്ന ഭീതി പതിന്മടങ്ങായി ധന്യയേയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കൃഷ്ണപ്രസാദിന് തോന്നി,
അസ്വാസ്ഥ്യം നരകക്കാഴ്ചകള്‍ തുറന്നുകാട്ടുന്നു.
ധന്യയെ ആശ്വസിപ്പിക്കാന്‍ കൃഷ്ണപ്രസാദ് ആഗ്രഹിച്ചിരുന്നു.
അവള്‍ക്ക് അവനേയും.
എന്നാല്‍ അവര്‍ യുദ്ധത്തടവുകാരെപോലെ ചങ്ങലകളാല്‍ ബന്ധിതരായിരുന്നു.

മൂന്ന്

ബാല്യവും കൗമാരവും എങ്ങനെ നശിപ്പിക്കപ്പെട്ടോ അതേ കാരണത്താല്‍ യുവത്വവും നശിപ്പിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന തിരിച്ചറിവ് ധന്യയെ നിരാശയില്‍ മുക്കിത്താഴ്ത്തി.
വെള്ളത്തില്‍ വീണ വെപ്രാളം അവള്‍ക്കുണ്ടാവുകയും ചെയ്തു.
അച്ഛന്‍ മരിക്കുമെന്നുറപ്പാണ്.
അത് എപ്പോഴാണെന്ന് കൃത്യമായി കണക്കുകൂട്ടി പറയാന്‍ കഴിയില്ല.
ഒരു പക്ഷെ ഇന്നുരാത്രിയോടെ.
അല്ലെങ്കില്‍ നാളെ പുലര്‍ച്ചെയോടെ.
ഇതിനുമപ്പുറം ഒരു സമയപരിധി അച്ഛന് മരണം സൗജന്യപൂര്‍വം വച്ചുനീട്ടി കൊടുക്കുമെന്ന് തോന്നുന്നില്ല.
എന്തുകൊണ്ടെന്നാല്‍ ഒന്നിനേയും എക്കാലവും ഒരാള്‍ക്ക് കബളിപ്പിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ.
ധന്യയുടെ കണക്കുകൂട്ടല്‍ കഴിഞ്ഞ ദിവസം തന്നെ തെറ്റിയിരുന്നു.
അച്ഛന്‍ ശ്വാസംവലി തുടങ്ങിയപ്പോള്‍ കൃഷ്ണപ്രസാദിനോട് അവള്‍ പറഞ്ഞത്, രണ്ട് മണിക്കൂറിലധികം അത് നീളില്ലെന്നായിരുന്നു.
എന്നാല്‍ പതിനെട്ടു മണിക്കൂറുകള്‍ പിന്നിട്ടിട്ടും അച്ഛന്‍റെ ശ്വാസം നിലച്ചില്ല.
അച്ഛന്‍ മരണക്കിടക്കയില്‍ കിടന്നുതുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നില്ല.
മാത്രമല്ല, മരിക്കാന്‍ തക്കതായ രോഗവിശേഷങ്ങള്‍ പ്രത്യക്ഷത്തില്‍ പ്രകടമായിരുന്നുമില്ല.
എങ്കിലും രണ്ടു നാളുകള്‍ക്ക് മുമ്പ്-
ധന്യയുടെ കൈയില്‍ നിന്നും മുഖകണ്ണാടി വീണുതകരുകയും കൃഷ്ണപ്രസാദിന്‍റെ ശിരസ്സില്‍ മച്ചിനു മുകളില്‍ നിന്നും ഇരട്ടപല്ലികള്‍ വീഴുകയും ചെയ്തപ്പോള്‍ അവര്‍ അച്ഛന്‍റെ മരണം സങ്കല്പിക്കുകയായിരുന്നു.

ഭീതിയുടെയും ഉത്കണ്ഠയുടെയും ഇടകലര്‍ന്ന സങ്കല്പങ്ങളില്‍ ദുരന്തങ്ങളുടെ കടന്നുകയറ്റത്തെപോലെ അച്ഛന്‍റെ നിഴല്‍ മഹാവ്യാധിയായി ഒഴുകിപരന്നു.

അച്ഛന്‍ മരിച്ചാലും അദ്ദേഹത്തിന്‍റെ കരിനിഴല്‍, വ്യത്യസ്ത രൂപങ്ങളില്‍ നിഷ്കളങ്കജീവിതങ്ങളുടെ മുകളില്‍ ഒരു ദുഃസ്വപ്നം പോലെ നിലനില്‍ക്കുമെന്ന് കൃഷ്ണപ്രസാദ് മുമ്പൊന്നും കരുതിയിരുന്നുമില്ല.
അച്ഛന്‍റെ മരണത്തെ കുറിച്ച് കൃഷ്ണപ്രസാദിനും ധന്യയ്ക്കും വ്യത്യസ്തമായ സങ്കല്പങ്ങളാണ് ഉള്ളതെങ്കിലും അടിസ്ഥാനപരമായി അതിലുള്‍ക്കൊള്ളപ്പെട്ട വസ്തുതകള്‍ക്ക് സമാനതകള്‍ ധാരാളമുണ്ടായിരുന്നു.
എതിര്‍ക്കാന്‍ പാടില്ലാത്ത സംഗതികളെയൊക്കെ അച്ഛന്‍ എന്ന യാഥാര്‍ത്ഥ്യവുമായി കൂട്ടിയിണക്കാനാണ് ധന്യ തയ്യാറായിരുന്നത്.
നിരന്തരമായി ഏറ്റുമുട്ടലുകള്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നവയുടെ ആകെത്തുകയെ അച്ഛന്‍ എന്ന സത്യവുമായി കൂട്ടിച്ചേര്‍ക്കാനാണ് കൃഷ്ണപ്രസാദ് ശ്രമിച്ചിരുന്നത്.
ഇത്തരം വൈരുദ്ധ്യമായ സങ്കല്പങ്ങളുടെ ഇണക്കവും പിണക്കവും നില നില്‍ക്കുമ്പോഴും അച്ഛനെ ചരിത്രത്തിന്‍റെ മറവിയിലേക്ക് തള്ളിനീക്കാന്‍ ഇരുവരും കൂട്ടായി യത്നിച്ചു.
അച്ഛന്‍ ഇനി മരിക്കുകയില്ലെങ്കില്‍..
ധന്യയുടെ ചോദ്യം കൃഷ്ണപ്രസാദിനെ ഞെട്ടിച്ചു.
ഞാന്‍ കൊല്ലും.
കൃഷ്ണപ്രസാദിന്‍റെ പൊടുന്നനെയുള്ള ഉത്തരം അവളെ ഭയപ്പെടുത്തി.
അരുതാത്തത് കേട്ടതുപോലെ ധന്യയുടെ ഹൃദയം ശക്തിയായി മിടിച്ചു.
എന്നെ അലോസരപ്പെടുത്തുന്നത് മറ്റൊന്നാണ്.
കൃഷ്ണപ്രസാദ് പിറുപിറുത്തു,
എന്താണ്.
അച്ഛന്‍ മരിച്ചാല്‍ അമ്മ കരയുമോ.
കൃഷ്ണപ്രസാദ് എന്തോ ഓര്‍ത്തുകൊണ്ട് ചോദിച്ചു.
ഒരു പക്ഷെ..
ധന്യ പാതിയില്‍ നിര്‍ത്തി.
അമ്മയുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുമ്പോള്‍ അച്ഛന്‍റെ മരണംപോലും അമ്മയ്ക്ക് തിരിച്ചറിയാന്‍ സാധിക്കുമോ എന്നത് സംശയമാണ്.
ധന്യ പിന്നെ പിറുപിറുത്തു.
മുമ്പൊക്കെ അമ്മ എന്തിനും ഏതിനും കണ്ണീരൊഴുക്കുമായിരുന്നു.
നിരവധിപേരെ കടിച്ചുകൊന്ന പേയിളകിയ നായയെ, ഒരു നാള്‍ പട്ടിപിടുത്തക്കാര് കുരുക്ക് കയര്‍ എറിഞ്ഞ് പിടികൂടുകയും അതിന്‍റെ ഞരമ്പുകളില്‍ വിഷം കുത്തിയിറക്കി നിമിഷങ്ങള്‍ കഴിഞ്ഞ് പിടഞ്ഞു വീണു മരിക്കുന്നത് യാദൃശ്ചികമായി കണ്ട അമ്മ ബോധശൂന്യയായി വീണിരുന്നു.
ഗ്ലാസ് ജനാലയിലൂടെ മിന്നല്‍ വെളിച്ചം മുറിയെ നഗ്നമാക്കി.
ഇടിമുഴക്കം നഗ്നതയെ മോഹാലസ്യത്തില്‍നിന്നുമുണര്‍ത്തി.
എന്നാലും അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നില്ല.

ഒക്ടോബര്‍ മാസത്തിലൊരു നാള്‍ ഉച്ചനേരത്ത് വീശിയ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ നഗരത്തെ ഞാന്‍ എന്‍റെ മുറിയുടെ ചില്ലുജാലകത്തിലൂടെ വീണ്ടും ഒരിക്കല്‍കൂടി കാണാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും പ്രേതനഗരം കണ്‍മുന്നില്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍പോലെ നില്‍ക്കുകയാണ്...മുറിഞ്ഞ ഞരമ്പിലൂടെ രക്തം പതിയെ ഒലിച്ചിറങ്ങുന്നു.

ക്ലാസ് റൂം.
ജോണ്‍ സാമുവലിന്‍റെ മരണത്തെ അഭിമുഖീകരിച്ച ശേഷം ക്ലാസ് റൂം വീണ്ടും പഴയ നിലയിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്.
എഫ് എം ഹാരിസ് അനുശോചന സന്ദേശം പാതിവഴിയില്‍ നിര്‍ത്തിവെക്കുകയാണ് ചെയ്തത്.
ജോണ്‍ സാമുവലിന് അനുശോചനത്തിന്‍റെ ആവശ്യമില്ല.
കൃഷ്ണപ്രസാദ് കരുതി.
ജോണ്‍ സാമുവല്‍ ജീവിച്ചിരിക്കുമ്പോള്‍ എന്നപോലെ തന്നെ മരിച്ചപ്പോഴും ഒരുതരം ആശയക്കുഴപ്പങ്ങള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കുകയാണ്.
ഒന്നിന്‍റേയും പിന്‍ബലമില്ലാതെ തന്നെ അവന്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്കിടയില്‍ സ്മരണകള്‍ നിലനിര്‍ത്തിയേക്കും.
പിറകിലെ ബഞ്ചിലിരിക്കുന്ന ചിലര്‍ അശ്ലീലത്തിന്‍റെ ചുവയോടെ സംസാരിക്കുന്നതിന്‍റെ ബഹളം.
കലാകാരന്മാരില്‍ ചിലര്‍ കടലാസുകപ്പലുകളുണ്ടാക്കി വെള്ളമില്ലാത്ത ആഴങ്ങളിലേക്കിറങ്ങുകയും വായുവിലൂടെ വിമാനങ്ങള്‍ പറത്തുകയും ചെയ്യുന്നു.
മൂക്കുകുത്തി കിടക്കുന്ന വിമാനങ്ങളുടെയും കപ്പലുകളുടെയും ഇടയിലൂടെ കൃഷ്ണപ്രസാദ് മദ്ധ്യനിരയിലെ തന്‍റെ ഇരിപ്പിടത്തില്‍ ചെന്നിരുന്നു.
പ്ലാറ്റുഫോമില്‍ കയറി ചിലര്‍ ആരെയൊക്കെയോ അനുകരിച്ചു കാണിക്കുന്നു.
ബ്ലാക്ക് ബോര്‍ഡില്‍ നിറയെ പ്രണയമുദ്രകളും മഹാന്മാരുടെ മഹദ് വചനങ്ങളെ വികൃതമായ രീതിയിലുള്ള പകര്‍പ്പും കെട്ടുപിണഞ്ഞു കിടക്കുന്നു.
ക്ലാസ്റൂമിന് വൈറല്‍ ഫീവര്‍ ബാധിച്ചിരിക്കുകയാണ്.
അടുത്തയാഴ്ച ആര്‍മിയിലേക്കുള്ള സെലക്ഷന്‍ നടക്കുന്നുണ്ട്. നമുക്ക് വെറുതെയൊന്ന് ട്രൈ ചെയ്തു നോക്കാം.
സോളമന്‍ പറഞ്ഞു.
ദിവാസ്വപ്നം കാണുന്നവരെ ആരെങ്കിലും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുമോ.
കൃഷ്ണപ്രസാദ് ചോദിച്ചു.
അതൊക്കെ ട്രെയിനിങ്ങ് കഴിയുമ്പോ മാറും. സാഹിത്യകാരന്മാര്‍ എത്രയോപേര് സൈനികസേവനം നടത്തിയവരാണ്.
ഏണസ്റ്റ് ഹെമിങ്വേ, പിന്നെ നമ്മുടെ കോവിലന്‍, നന്തനാര്‍ തുടങ്ങിയവര്‍..
സോളമന്‍ പതിയെ കൃഷ്ണപ്രസാദിന്‍റെ മനസ്സുമാറ്റാന്‍ ശ്രമിച്ചു.
ഹെമിങ്വേ എന്തിനാണ് സ്വയം വെടിവെച്ചു മരിച്ചത്? നന്തനാര്‍ എന്തിനാണ് ലോഡ്ജ് മുറിക്കകക്ക് വെടിവെച്ച് മരിച്ചത്?
കൃഷ്ണപ്രസാദ് ചോദിച്ചു.
സോളമന്‍ പിന്നെ ഒന്നും ശബ്ദിച്ചില്ല.
മണിമുഴക്കത്തെ തുടര്‍ന്ന് വാര്യര് മാഷ് കടന്നുവന്നു.
ബഹളങ്ങള്‍ നിലച്ചു.
വാര്യര് മാഷ് സമൂഹത്തെ നോക്കി കുരച്ചുകൊണ്ട് മേശപ്പുറത്തുനിന്നും ഡസ്റ്ററെടുത്ത് ബോര്‍ഡിലെ മാലിന്യങ്ങള്‍ മായ്ച്ചുകളഞ്ഞു.
ഡസ്റ്ററിലെ പൊടി തട്ടി. മുന്‍നിരയിലിരിക്കുന്ന ഏതാനുംപേര് ചോക്കുപൊടിയേറ്റ് ചുമച്ചു.
വാര്യര് മാഷ് ക്ലാസ് ആരംഭിച്ചു.
വിഷയം ചരിത്രമാണ്.
ഉച്ചകഴിഞ്ഞ സമയമായതുകൊണ്ട് ക്ലാസ് റൂം മയക്കത്തിലേക്ക് മൂക്കുകുത്തി വീണുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് ഇന്ത്യയിലേക്കുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവ് ക്ലാസ് റൂം അറിഞ്ഞതേയില്ല.
കേരളത്തില്‍ നിന്നും കുരുമുളകും ഏലവും ഇഞ്ചിയും കറുവാപട്ടയുമൊക്കെ കുത്തി നിറച്ചുകൊണ്ട് ഇംഗ്ലീഷ് കപ്പല്‍ സ്ഥലം വിട്ടത് ആരും അറിഞ്ഞില്ല.
ബ്രിട്ടീഷ് കപ്പല്‍ മാത്രമല്ല, പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമൊക്കെ രാജ്യത്ത് നിന്നും നാടുവാഴികളെ പറ്റിച്ച് സകലതും കൊണ്ടുപോവുമ്പോ ക്ലാസ് റൂം ഉറങ്ങി കഴിഞ്ഞിരുന്നു.
ഉണര്‍ന്നിരുന്ന ചിലര്‍ അത് കണ്ടെങ്കിലും അതിന്‍റെ പിറകെ ചെല്ലാനൊന്നും മെനക്കെടാതെ കോട്ടുവായിട്ട് സുവര്‍ണ്ണ മിസ്സിന്‍റെ വലിയ മുലകളുടെ ചിത്രങ്ങള്‍ വരച്ച് സമയം  കളഞ്ഞു.
ഇന്ത്യന്‍ ചരിത്രത്തില്‍ പട്ടണക്കാട് യശോദയുടെയും തോട്ടുംകര നസീമയുടെയും സ്ഥാനമെന്താണെന്ന് വാര്യര് മാഷ് പൊടുന്നനെ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചപ്പോള്‍ അത് അറിയാനുള്ള ആകാംക്ഷയില്‍ ക്ലാസ് റൂം മയക്കത്തില്‍ നിന്ന് ഞെട്ടിപ്പിടഞ്ഞ് എണീറ്റു.
ഇന്ത്യാ ചരിത്രത്തില്‍ ഇവര്‍ക്ക് സ്ഥാനം കക്കൂസിലാണ്.
വാര്യര് മാഷ് കോപത്തോടെ പറഞ്ഞു.
സംഭോഗം പാതിവഴിയില്‍ അവസാനിപ്പിച്ചതിന്‍റെ അസ്വാസ്ഥ്യത്താല്‍ ക്ലാസ് റൂം കിടന്നു ഞരങ്ങി.
കൃഷ്ണപ്രസാദിന് എല്ലാം വിരസമായി തോന്നി.
ക്ലാസ്റൂമിന്‍റെ നരച്ച ചുവരുകള്‍ക്കിടയില്‍ അവന് ശ്വാസം മുട്ടി.
ആകെയുള്ള ആശ്വാസം ഗീതാഞ്ജലി മാത്രമാണ്.
അവളാണെങ്കില്‍ ഇന്ന് വന്നിട്ടുമില്ല.
എന്താണ് കാരണമെന്ന് അറിയില്ല.
ക്ലാസ് വിട്ടു.
എല്ലാവരും കൂട്ടത്തോടെ ക്ലാസിന് വെളിയിലേക്ക് നീങ്ങി.
കൃഷ്ണപ്രസാദ് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റതുപോലുമില്ല.
അവന്‍ മേശപ്പുറത്ത് തലചായ്ച്ച് കുനിഞ്ഞിരുന്നു.
ക്ലാസ് റൂം ശൂന്യമായി.

ക്ലാസ് റൂം ഒരു ശവപ്പറമ്പുപോലെയും കൃഷ്ണപ്രസാദ് അതിലെ ഏക ശവക്കല്ലറയുമായിത്തീര്‍ന്നു.

നേരം ഇരുളുകയാണ്.
അവന്‍ അവിടെ ജോണ്‍ സാമുവലിനെ കണ്ടു.
കൈയെത്തിയാല്‍ തൊടാവുന്ന അകലത്തിലാണ് അവര്‍ ഇരിക്കുന്നതെങ്കിലും ജീവിതവും മരണവും തമ്മിലുള്ള അതിര്‍ത്തി നില നില്‍ക്കുന്നതിനാല്‍ കൃഷ്ണപ്രസാദിന്‍റെ സംസാരം ജോണ്‍ സാമുവലിനോ നേരെ തിരിച്ചോ കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല.
കൃഷ്ണപ്രസാദ് ക്ലാസിന് വെളിയിലേക്ക് കടക്കാന്‍ തയ്യാറായ നിമിഷം വാതില്‍ അടഞ്ഞു.
കൃഷ്ണപ്രസാദിന്‍റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.
ജോണ്‍ സാമുവലിന്‍റെ ഇരിപ്പിടത്തില്‍ അവനിപ്പോഴും ഇരിപ്പുണ്ട്.
ചോര കട്ടപിടിച്ച് ചതഞ്ഞ തലയുമായി.

എനിക്ക് ചുറ്റിലും വിഭ്രാന്തിയുടെ വലകള്‍ കെണിപോലെ രൂപപ്പെട്ടു വരികയാണ്. വിഷം നിറഞ്ഞ് വീര്‍ത്ത ശരീരത്തോടെ ഭീമാകാരനായ ഒരു ചിലന്തി വലയിലൂടെ ചുറ്റി കറങ്ങുകയാണ്. ഞാന്‍ ഇരയെപോലെ വലയില്‍ കുരുങ്ങി കിടന്നു. രക്ഷപ്പെടാനുള്ള ചെറിയ മോഹം ബാക്കിവെച്ചുകൊണ്ട്..




നാല്

കൃഷ്ണപ്രസാദിന്‍റെ കണ്ണുകള്‍ മുറിക്കകത്തുകൂടി അലസമായി സഞ്ചരിച്ചു.
മേശപ്പുറത്ത് ധന്യ വരച്ച ഒരു പെയിന്‍റിംങ്ങില്‍ അപ്പോഴാണ് കൃഷ്ണപ്രസാദിന്‍റെ കണ്ണുകള്‍ കുരുങ്ങിയത്.
അവന്‍ അതെടുത്തു നോക്കി.
ചുവപ്പിന്‍റെയും കറുപ്പിന്‍റെയും തീഷ്ണനിറങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ നീലിമയും ആശ്വാസത്തിന്‍റെ പച്ചയും തെളിയുന്നുണ്ടെങ്കിലും ചിത്രത്തില്‍ മുഴുവനായും പ്രതിഫലിക്കുന്നത് ശുഭാപ്തിവിശ്വാസമില്ലായ്മയാണ്.
കൃഷ്ണപ്രസാദ് അതുവേഗം മനസ്സിലാക്കി.
എന്താണ് ചിത്രത്തിന് നല്‍കിയ പേര്?
കൃഷ്ണപ്രസാദ് ചോദിച്ചു.
ആത്മഹത്യ.
അവള്‍ ഉറപ്പിച്ചു പറഞ്ഞു.
കൃഷ്ണപ്രസാദിന്‍റെ മുഖത്ത് ഞെട്ടല്‍
അവന്‍ അമ്പരപ്പോടെ അനിയത്തിയെ നോക്കി.
അവള്‍ ലക്ഷ്യമില്ലാത്ത മട്ടില്‍ നിലകൊണ്ടു.
ഏറ്റവും അവസാനം പ്രയോഗിക്കേണ്ടുന്ന ആയുധത്തെ, ഏറ്റുമുട്ടലിന്‍റെ തുടക്കത്തില്‍ ഉപയോഗിച്ചതിലെ അത്ഭുതം കൃഷ്ണപ്രസാദിന്‍റെ മുഖത്ത് ഒട്ടുവളരെ നേരം നിലനില്‍ക്കുകയും ചെയ്തു.
മേശപ്പുറത്ത് വേറേയും ചിത്രങ്ങളുടെ സ്കെച്ചുകളുണ്ടായിരുന്നു.
അതില്‍ കൃഷ്ണപ്രസാദിന്‍റെ മുഖങ്ങളുമുണ്ടായിരുന്നു.
ആ കൂട്ടത്തില്‍ ഒരു ന്യൂഡ് സ്കെച്ചും കണ്ടെത്തി.
അവള്‍ സ്വന്തം നഗ്നത അതേപടി കടലാസില്‍ പകര്‍ത്തിവെച്ചിരിക്കുന്നു. ഒരു കൈ തുടയിടുക്കിലും മറ്റെ കൈ മാറിടത്തിലും ചേര്‍ത്തുവെച്ച് നഗ്നതയെ പാതിമറക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയകരമായിത്തീര്‍ന്നിരുന്നില്ല.
സ്കെച്ച് അവിടെ വച്ച് ധന്യയെ നോക്കി.
അവളുടെ മുഖത്ത് നേര്‍ത്തൊരു ലജ്ജ തെളിഞ്ഞിരുന്നെങ്കിലും ആരോടോയുള്ള പകയാണ് കൂടുതലായി ഉണ്ടായിരുന്നത്.
ഇടിമുഴക്കത്തില്‍ വീട് ആകെ കുലുങ്ങി.
ധന്യ ഞെട്ടിവിറച്ചുകൊണ്ട് കൃഷ്ണപ്രസാദിനെ ചുറ്റിപിടിച്ച് കണ്ണുകള്‍ ഇറുകെ ചിമ്മിയടച്ചു നിന്നു.
കറന്‍റ് പോയി.
മുറിയില്‍ ഇരുള്‍ നിറഞ്ഞു.
ധന്യ അവനില്‍ നിന്നും വേര്‍പിരിഞ്ഞ് നില്‍ക്കാന്‍ തയ്യാറായില്ല.
വീണ്ടും ഒരിക്കല്‍ കൂടി ഉണ്ടായേക്കാവുന്ന മേഘഗര്‍ജ്ജനത്തെ ഭയന്ന് കുറച്ചുകൂടി നേരം അവള്‍ അങ്ങനെ നിന്നു.
മാറിടങ്ങള്‍ അമര്‍ന്നുചേര്‍ന്നു.
ധന്യയുടെ നെഞ്ചിടിപ്പിന്‍റെ താളം മാറിമറയുന്നത് കൃഷ്ണപ്രസാദിന് എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞു.
വെളിയില്‍ എന്തോ കത്തികരിയുന്ന മണം.
കൃഷ്ണപ്രസാദ് തിടുക്കത്തില്‍ ജനാലയ്ക്കു സമീപത്തേക്കു ചെന്ന് കതക് തുറന്നുനോക്കി.
വീട്ടുപറമ്പിലെ തെങ്ങിന് തീ പിടിച്ചിരിക്കുകയാണ്.
പച്ച ഓലകള്‍ മിന്നലേറ്റ് കത്തുകയാണ്.
ഇരുവരും ജനാലയിലൂടെ കത്തിക്കൊണ്ടിരിക്കുന്ന തെങ്ങിലേക്ക് അത്ഭുതത്തോടെ നോക്കി.
ജനാലയ്ക്കരികെ കൃഷ്ണപ്രസാദിന്‍റെ പിറകില്‍ ധന്യ ചേര്‍ന്നു നിന്നു.
തോളില്‍ കൈവച്ചു.
തണുത്ത കാറ്റുണ്ടെങ്കിലും മഴ പെയ്യാനുള്ള സാദ്ധ്യത കുറവായിരുന്നു.
ഇരുണ്ട ആകാശത്തിനും വരണ്ട ഭൂമിക്കുമിടയില്‍ പെയ്യാന്‍ സാധ്യതയില്ലാത്ത മഴയ്ക്കുവേണ്ടി കാത്തിരിക്കുന്നതിലെ അര്‍ത്ഥശൂന്യത മുഴച്ചു നില്‍ക്കുന്ന അന്തരീക്ഷം.
വീണ്ടും മിന്നലുണ്ടായപ്പോള്‍ കൃഷ്ണപ്രസാദ് ജനാലകതക് വലിച്ചടച്ചു.
കൃഷ്ണപ്രസാദിന്‍റെ നെഞ്ചില്‍ അവള്‍ മുഖം ചേര്‍ത്ത് ഒന്നും മിണ്ടാതെ നിന്നു.
ഇടയ്ക്കിടെ ഉണ്ടാകുന്ന മിന്നല്‍വെളിച്ചത്തില്‍ മാത്രമാണ് അവര്‍ക്ക് പരസ്പരം കാണാനായിരുന്നത്.
ധന്യയുടെ കൈവിരലുകളില്‍ കൃഷ്ണപ്രസാദ് സ്പര്‍ശിക്കുമ്പോള്‍ അവളുടെ കൈകള്‍ നേരിയതോതില്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
ധന്യയുടെ നഖത്തിന് ഏറെ മൂര്‍ച്ചയുണ്ട്.
അത് അവന്‍റെ നെഞ്ചില്‍ പോറലേല്പിക്കുകയും ചെയ്തു.
ആരോ ഏണിപ്പടികള്‍ കയറിവരുന്ന ശബ്ദം.
ആരായിരിക്കും?
ധന്യ ചോദിച്ചു.
മരിച്ചവരുടെ ആത്മാവ് നമ്മെ വിഴുങ്ങാന്‍ വരുന്നതായിരിക്കും.
കൃഷ്ണപ്രസാദ് പറഞ്ഞത് തമാശയായിട്ടാണെങ്കിലും ധന്യയെ ഭയപ്പെടുത്താന്‍ അത് ധാരാളമായിരുന്നു.
അവളുടെ നെഞ്ച് ഉയര്‍ന്നു താഴ്ന്നു.
നീ ഇങ്ങനെ പേടിച്ചാലോ, നിന്‍റെ പേടി മാറാന്‍ എന്‍റെ കൈയില്‍ ഒരു സൂത്രമുണ്ട്.
കൃഷ്ണപ്രസാദ് പറഞ്ഞു.
അതെന്താണെന്ന് അറിയാന്‍ ധന്യ ആകാംക്ഷയോടെ ശ്രദ്ധിച്ചു.
കൃഷ്ണപ്രസാദ് അവളുടെ തോളില്‍ ഇരുകൈകളും അമര്‍ത്തികൊണ്ട് പതുക്കെ മുഖം പിടിച്ച് ഉയര്‍ത്തി അവളുടെ ചെവിക്കരികെ ചുണ്ടുകള്‍ ചേര്‍ത്ത് എന്തോ പറഞ്ഞുകൊടുത്തു.
ധന്യ അതുകേട്ട് ലജ്ജിച്ച് ചിരിക്കുകയും ഭയമൊക്കെ മാറിയ മട്ടില്‍ കൃഷ്ണപ്രസാദിനെ തന്നില്‍ നിന്നും പിടിച്ച് അകത്തി മാറ്റുകയും ചെയ്തു.
വൃത്തികെട്ടവന്‍.
ധന്യ ചിരിച്ചു.
ഇനി പേടി തോന്നുമോ.
ഇല്ല. സൂത്രം ഞാന്‍ ഓര്‍ത്തോളാം.
അവള്‍ കണ്ണിറുക്കികൊണ്ട് പറഞ്ഞു.
വാതിലില്‍ മുട്ടുന്ന ശബ്ദം.
ഇരുവരും നിശബ്ദരായി.
കൃഷ്ണപ്രസാദ് മുറിയുടെ വാതില്‍ തുറന്നു.
മെഴുകുതിരിയും കത്തിച്ചുപിടിച്ച് മുന്നില്‍ നില്‍ക്കുന്ന ദിവ്യഏട്ടത്തി.
മിലിട്ടറിയിലുള്ള രാമുവേട്ടന്‍റെ ഭാര്യ.
അവര്‍ ഇടയ്ക്ക് വല്ലപ്പോഴും വന്നു കൂടെ താമസിക്കും.
അല്ലാത്തപ്പോള്‍ അവരുടെ വീട്ടില്‍ തന്നെയാണ് കഴിയുന്നത്. കുട്ടിയേയും അവിടുത്തെ സ്കൂളില്‍ ചേര്‍ത്തിരിക്കുകയാണ്.
ധന്യ ഏട്ടത്തി ഇന്നലെ വന്നതാണ്.
ഒരുപക്ഷെ നാളെ തിരിച്ചുപോയേക്കും.
എന്താണ് രണ്ടുപേരും തമ്മില്‍ ഗൂഢാലോചന?
ദിവ്യേട്ടത്തി ചോദിച്ചു.
അച്ഛനെ തോല്പിക്കാനുള്ള അവസാനത്തെ ഏറ്റുമുട്ടലിന് മുമ്പുള്ള കൂടിയാലോചനകള്‍. അത്രമാത്രം.
കൃഷ്ണപ്രസാദ് തുറന്നു പറഞ്ഞു.
നിങ്ങള്‍ക്കെന്താ പ്രാന്തായോ.
ദിവ്യേട്ടത്തി മുഖം ചുളിച്ചു.
ആരും പിന്നെ ഒന്നും മിണ്ടിയില്ല.
വെളിയില്‍ ഇടിമുഴക്കം.
തുടര്‍ന്ന് ഒരു നിലവിളിയും കേട്ടു.
മൂവരും പരസ്പരം നോക്കി..

കടല്‍.
പൂഴമണലില്‍ നിന്നും ഗീതാഞ്ജലി കുറച്ച് കക്കകള്‍ ശേഖരിച്ചു.
അത് ഏറെ നേരം കൈകളില്‍ മുറുകെ പിടിച്ചു.
പിന്നെ അലസമായി അവ ഓരോന്നും തിരകളിലേക്ക് എറിഞ്ഞു.
വലിയൊരു തിരമാല അങ്ങകലെനിന്നും ആര്‍ത്തിരമ്പി വരുന്നത് കണ്ട് ഭയന്ന് ഗീതാഞ്ജലി വേഗം അല്പം പിറകോട്ട് മാറി.
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.
ഗീതാഞ്ജലി കടലിനോട് ചോദിച്ചു.
സ്വകാര്യങ്ങള്‍ ഏറെ പറഞ്ഞു തീര്‍ക്കാനുണ്ട്. നീ ഇങ്ങോട്ടു പോരു.
കടല്‍ ക്ഷണിച്ചു.
കടലിന്, അവള്‍ ക്ഷണം നിരസിച്ചതില്‍ പിണക്കമൊന്നും ഉണ്ടായിരുന്നില്ല.
തിരമാലകള്‍ കൊതിയോടെ അവള്‍ക്കരികില്‍ വീണ്ടും വന്നണഞ്ഞു.
ഗീതാഞ്ജലി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് അന്തരീക്ഷത്തില്‍ തെളിച്ചു.
വെള്ളത്തുള്ളികള്‍ അവളുടെ ശരീരത്തില്‍തന്നെ തുള്ളികളായി പതിഞ്ഞു.
നിന്‍റെ വസ്ത്രങ്ങള്‍ ഞാന്‍ പാറിപ്പറത്താന്‍ പോവുകയാണ്.
കടല്‍ക്കാറ്റ് വികൃതിത്തരങ്ങള്‍ക്ക് തുനിയുന്നതിനിടയില്‍ ഗീതാഞ്ജലിയെ അറിയിച്ചു.
നിന്‍റെ തമാശകള്‍ കുറെ കൂടിപ്പോവുന്നുണ്ട് കേട്ടോ.
അവള്‍ പരിഭവത്തോടെ കടല്‍ക്കാറ്റിനോട് പറഞ്ഞുകൊണ്ട് ഫ്രോക്ക് ഒതുക്കി പിടിച്ചു.
കടല്‍ക്കാറ്റ് കുസൃതിചിരിയുതിര്‍ത്തു.
തോളറ്റം വരെ നീണ്ടുകിടക്കുന്ന അവളുടെ മുടിയിലൂടെ കടല്‍ക്കാറ്റ് തഴുകി.
മുടി പാറിപ്പറക്കുന്നത് ഒതുക്കി നിര്‍ത്താനുള്ള ശ്രമത്തില്‍ ഫ്രോക്കില്‍ നിന്നും പിടിവിട്ടപ്പോള്‍, കടല്‍ക്കാറ്റ് ഫ്രോക്കിനെ ഉയര്‍ത്തി അവളുടെ വെളുത്ത തുടകളിലൂടെ മുട്ടിയുരുമ്മി നീങ്ങി.
ഗീതാഞ്ജലി ഉടനെ മുടിയില്‍ നിന്നും കൈവിട്ട് ഉയര്‍ന്നുപൊങ്ങുന്ന  ഫ്രോക്ക് വലിച്ചു താഴ്ത്തി.
ലജ്ജയോടെ ചുറ്റിലും നോക്കി.
ആരും കാണുന്നില്ല.
അവള്‍ സമാധാനിച്ചു.
നിന്‍റെ വികൃതിത്തരങ്ങള്‍ മതിയാക്കുന്നുണ്ടോ.
അവള്‍ കടല്‍ക്കാറ്റിനോട് ക്ഷോഭിച്ചു.
അവളുടെ കോപം കണ്ട്, തിരമാലകള്‍ക്ക് ചിരിയടക്കാനായില്ല.
അവള്‍ അറിയാതെ തിരകള്‍ കടന്നുവന്ന് അവളുടെ അരക്കെട്ടോളം നനച്ചു.
ഞാന്‍ തിരിച്ചുപോവുകയാണ്.
ഫ്രോക്ക് ഉയര്‍ത്തി വെള്ളം പിഴിഞ്ഞുകൊണ്ട് ഗീതാഞ്ജലി അറിയിച്ചു.
ഫ്രോക്ക് മാത്രമല്ല, അടിവസ്ത്രം കൂടി ഉപ്പുവെള്ളത്തില്‍ കുതിര്‍ന്നിരുന്നു.
അയ്യോ പോവരുത്. നിന്നെ കാണാന്‍ സന്തോഷത്തിലാണ് ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്തത്.
തിരമാലകളും കടല്‍ക്കാറ്റും മുട്ടിയുരുമ്മി നിന്നുകൊണ്ട് അവളോട് പറഞ്ഞു.
എനിക്ക് സന്തോഷമൊന്നും തോന്നുന്നില്ല.
ഗീതാഞ്ജലി പറഞ്ഞു.
എന്തേ.
അറിയില്ല. എനിക്ക് കരച്ചില് വരുന്നു.
കരയരുത്.
കടല്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
സൂര്യാസ്തമനം കഴിഞ്ഞു.
നേരം ഇരുട്ടിത്തുടങ്ങി.
പ്രകാശം മങ്ങി.
കടല്‍പക്ഷികള്‍ അവയുടെ കൂടാരങ്ങളിലേക്ക് ഉള്‍വലിഞ്ഞു.

പ്രണയം ഒന്നിനേയും സ്വീകരിക്കുന്നില്ല.
തിരസ്കരിക്കുമില്ല.
മരണം-
ജീവിതത്തെ കൊള്ളയടിക്കുന്നു.
ജീവിതം-
ഒരു കയ്യില്‍ പ്രണയത്തേയും
മറുകൈയ്യില്‍
പ്രണയത്തേയും വഹിക്കുന്നു.


അഞ്ച്

മേശപ്പുറത്ത് കത്തിച്ചുവെച്ച മെഴുകുതിരിവെട്ടത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വെളിയില്‍നിന്നും ആരുടെയോ നിലവിളികേട്ടു.
ഇടിമുഴക്കത്തില്‍ ഒന്നും വ്യക്തമായിരുന്നില്ല.
കൃഷ്ണപ്രസാദ് ദിവ്യയേട്ടത്തിയേയും ധന്യയേയും നോക്കി.
കൃഷ്ണപ്രസാദ് മേശപ്പുറത്തുനിന്നും മെഴുകുതിരി അടര്‍ത്തിയെടുത്ത് മുറിക്ക് വെളിയിലേക്ക് നടന്നു.
പിറകെ ദിവ്യേട്ടത്തിയും ധന്യയും.
ഏണിപ്പടികള്‍ ധൃതിപിടിച്ച് ഇറങ്ങുമ്പോള്‍ ദിവ്യേട്ടത്തിയുടെ കാല്‍ അല്പമൊന്ന് തെറ്റി.
കൃഷ്ണപ്രസാദിനെ ഇറുകെ പിടിച്ചില്ലായിരുന്നെങ്കില്‍ അവള്‍ താഴേക്ക് ഉരുണ്ട് വീഴുമായിരുന്നു.
കൃഷ്ണപ്രസാദ് അവളുടെ അരക്കെട്ടിലൂടെ താങ്ങിപിടിച്ചു നിര്‍ത്തി.
അതിനിടെ അല്പമൊന്ന് തെറ്റിയപ്പോള്‍ ദിവ്യേട്ടത്തിയുടെ മാറിടത്തില്‍ കൈ അമര്‍ന്നുചേരുകയും ചെയ്തു.
മൂവരും ഏണിപ്പടികള്‍ ഇറങ്ങി.
തെക്കേ മുറിക്ക് സമീപത്തേക്ക് നടന്നു.
വാതില്‍ അടഞ്ഞുകിടക്കുകയാണ്.
കൃഷ്ണപ്രസാദ് ഉത്കണ്ഠയോടെ വാതില്‍ തള്ളി.
വാതില്‍ ഞരങ്ങി തുറന്നു.
അച്ഛന്‍ ശാന്തമായി ഉറങ്ങുകയാണ്.
അമ്മ മൂവരേയും തുറിച്ചു നോക്കി.
ആരുംതന്നെ മുറിക്കകത്തേക്ക് കയറിയില്ല.
അമ്മ അപരിചിതരെപോലെയാണ് അവരെ നോക്കിയത്.
മരണത്തിന്‍റെ കാലടിപ്പാടുകളൊന്നും കൃഷ്ണപ്രസാദിന് അവിടെ കാണാന്‍ കഴിഞ്ഞില്ല.
തെക്കെ മുറിയില്‍ നിന്നും തിരിഞ്ഞുനടക്കുമ്പോള്‍-
മരണത്തിന്‍റെ നിഴല്‍ തന്‍റെ പിറകിലാണെന്ന് കൃഷ്ണപ്രസാദ് തിരിച്ചറിഞ്ഞു.
അടുക്കളയില്‍ സീത ഇളയമ്മ രാത്രിയിലെ ഭക്ഷണം തയ്യാറാക്കുകയായിരുന്നു.
കൂടെ വേലക്കാരിപ്പെണ്ണുണ്ട്.
ആരോ കരയുന്ന ശബ്ദം കേട്ടല്ലോ.
ദിവ്യേട്ടത്തി ചോദിച്ചു.
അത് ഇവള് നിലവിളിച്ചതാണ്. മുറ്റത്ത് കിണറ്റിന്‍കരയില്‍ ചെന്ന് പാത്രങ്ങള്‍ കഴുകി കൊണ്ടുവരാന്‍ പറഞ്ഞതാണ്. ഇടിവെട്ടിയപ്പോള്‍ ഇവള്‍ നിലവിളിച്ചോണ്ട് ഇങ്ങോട്ട് പാഞ്ഞുകയറി വന്നു.
സീത ഇളയമ്മ പറഞ്ഞു.

മേശപ്പുറത്ത് കത്തിച്ചുവെച്ചിരിക്കുന്ന ചിമ്മിനിവിളക്കില്‍ നിന്നും കറുത്ത പുക മുകളിലേക്ക് ഉയരുന്നത്, ധന്യ നോക്കി.
കൈ നീട്ടിവച്ചുകൊടുത്തു.
അവളുടെ കൈകളില്‍ പുക കറുത്തപാട് ഉണ്ടാക്കി.
അവളത് മണത്തു നോക്കി.
മണ്ണെണ്ണയുടെ കരിഞ്ഞ ഗന്ധം.
അത് അവള്‍ക്ക് ഇഷ്ടമായിരുന്നു.
ധന്യ പിന്നേം അതിലേക്ക് കൈ നീട്ടിയപ്പോള്‍ കൃഷ്ണപ്രസാദ് അവളുടെ കൈത്തണ്ടയില്‍ തട്ടി.
ധന്യ കൈ പിന്‍വലിച്ചു.

ഒക്ടോബര്‍ മാസത്തിലൊരുനാള്‍ ഉച്ചനേരത്ത് വീശിയ കൊടുങ്കാറ്റില്‍ എന്‍റെ മുറിയുടെ ചില്ലുജാലകത്തിന് മുന്നില്‍ നിന്നും നഗരം അപ്പാടെ അപ്രത്യക്ഷമാവുകയോ എന്നന്നേക്കുമായി ഇല്ലാതായിത്തീരുകയോ ചെയ്തു. നഗരത്തെ മുഴുവനായും വിഴുങ്ങിത്തീര്‍ക്കുകയായിരുന്നു, വിശന്നുവലഞ്ഞെത്തിയ ചെന്നായയെപോലെ ഒക്ടോബറിലെ കൊടുങ്കാറ്റ്.

അതിര്‍ത്തിയില്‍ യന്ത്രത്തോക്കുമായി കാവലിരിക്കുന്ന അവസരത്തില്‍ ഒരിക്കല്‍ ഗീതാഞ്ജലിക്ക് എഴുതി-

ഒഴിഞ്ഞ ചായക്കപ്പ്.
പുകഞ്ഞുതീരാറായ സിഗററ്റുകുറ്റി.
ചാരം വീണുനിറഞ്ഞുകിടക്കുന്ന ആഷ്ട്രേ.
പിന്നെ ഇവയ്ക്കിടയിലെ വിഭ്രാന്തനിമിഷങ്ങളും.
ഞാന്‍ ദുഃസ്വപ്നത്തിലേക്ക്-
ശൂന്യതയുടെ കരിമ്പടത്തിനുള്ളിലേക്ക്
വലിച്ചെറിയപ്പെടുകയാണ്.
ഇപ്പോള്‍ എനിക്ക് തോന്നുന്നത്
ഞാനൊരു ബലിമൃഗമാണെന്നതാണ്.
കൊലക്കത്തിക്ക് കീഴെയാണ് എന്‍റെ ശിരസുള്ളതെന്നും.
കത്തി എന്‍റെ ശിരസ്സിനെ ലക്ഷ്യമാക്കി പതിക്കില്ലെന്ന യാതൊരു ഉറപ്പും നല്‍കാനാവാത്തതുപോലെ, കത്തി പതിക്കുമെന്നതിനും ഉറപ്പില്ല.
അതാണ് ഏറെ അസ്വാസ്ഥ്യം ജനിപ്പിക്കുന്നത്.

അടിയൊഴുക്കുകള്‍ ഏറെയുള്ള ആഴജലത്തില്‍ മുങ്ങിയും പൊങ്ങിയും കഴിയുന്ന എനിക്ക് മുന്നില്‍ പ്രത്യാശ വളര്‍ത്തിക്കൊണ്ട് ഒരു ചങ്ങാടം അങ്ങകലെ പൊങ്ങിക്കിടക്കുന്നതായി ഞാന്‍ കാണുന്നു.
അതിനെ ലക്ഷ്യം വച്ച് നീന്തുകയാണ്.
അതിലെനിക്ക് പിടികിട്ടുമോ അതോ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മുങ്ങിത്താഴുമോ എന്നൊന്നും പറയാന്‍ സാധിക്കില്ല.
തളരുന്നതുവരെ നീന്തുക.
അത്രമാത്രം.

നിലാവ്.
ജാലകപ്പഴുതിലൂടെ നിലാവ് മുറിയില്‍ കടന്നെത്തി.
നിലാവ് ഗീതാഞ്ജലിയെ സ്പര്‍ശിച്ചു.
അവള്‍ കണ്ണുതുറന്നു.
ഉറങ്ങിയോ.
നിലാവ് ചോദിച്ചു.
ഇല്ല. വെറുതെ കണ്ണടച്ചു കിടന്നുവെന്നുമാത്രം. എനിക്കെന്തോ ഭയം തോന്നുന്നു.
അവള്‍ അറിയിച്ചു.
എന്തിനാണ് ഭയപ്പെടുന്നത്.
നിലാവ് മൃദുവായി അവളുടെ ചുണ്ടിലും കണ്ണിലും കഴുത്തിലും ചുംമ്പിച്ചുകൊണ്ട് ചോദിച്ചു.
അറിയില്ല.
എന്നാപിന്നെ, അറിയാത്തതിനെ ഭയപ്പെടേണ്ടതില്ല.
അവളുടെ മാറിടത്തില്‍ നനുത്ത സ്പര്‍ശനമേല്പിച്ചുകൊണ്ട് നിലാവ് പറഞ്ഞു.
ഗീതാഞ്ജലി പതിയെ മയക്കത്തിലേക്ക് വഴുതി വീണു.
പ്രഭാതം.
പതിവില്‍ കൂടുതല്‍ ഉറങ്ങിയിട്ടും കിടക്കവിട്ടെഴുന്നേല്‍ക്കാന്‍ ഗീതാഞ്ജലി മടി കാണിച്ചു.
സമയം എത്രയായെന്ന് അറിയുമോ?
ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരം അതിന്‍റെ മണിയൊച്ച മുഴക്കിക്കൊണ്ട് ചോദിച്ചു.
നീ വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്തിനാണ്.
അവള്‍ തിരിച്ചു ചോദിച്ചു.
ഇത് നല്ല തമാശ. അപ്പൊ കുറ്റം എന്‍റേതായോ.
പിന്നല്ലാതെ.
ഗീതാഞ്ജലി അതും പറഞ്ഞ് ബെഡ്ഷീറ്റ് വകഞ്ഞുമാറ്റി കിടക്കയില്‍ നിന്നുമെഴുന്നേറ്റു.
തണുത്ത വെള്ളത്തില്‍ മുഖം കഴുകി.
കണ്ണാടിക്കു മുന്നില്‍ ചെന്നു മുഖം തോര്‍ത്തി.
ചീര്‍പ്പെടുത്ത് മുടി ചീകി.
നേര്‍ത്തരാത്രി വസ്ത്രം ശരീരത്തിന്‍റെ ഉയര്‍ച്ചയും താഴ്ച്ചകളും അതേപടി മുഴപ്പിച്ചുകാട്ടുന്നു.
നീ എന്‍റെ ശരീരഭാഗങ്ങള്‍ എനിക്ക് കാട്ടിത്തരേണ്ട. അല്ലാതെ തന്നെ എനിക്ക് അവയെ നന്നായി കാണുകയും അറിയുകയുമൊക്കെ ചെയ്യാം.നിന്‍റെ കടമ എന്‍റെ മുഖം എനിക്ക് കാട്ടിത്തരിക മാത്രമാണ്.
അതില്‍ കൂടുതല്‍ ത്യാഗമൊന്നും നീ എനിക്ക് വേണ്ടി ചെയ്യേണ്ട.
കഴുതക്കണ്ണാടി!!
അവള്‍ കുറ്റപ്പെടുത്തി.
എനിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതെന്തും ഞാന്‍ കാട്ടിത്തരും.
കണ്ണാടി അറിയിച്ചു.
ഗീതാഞ്ജലി കൊഞ്ഞനംകുത്തിക്കൊണ്ട് കണ്ണാടിക്കു മുന്നില്‍ നിന്നും നീങ്ങി.
അമ്മ വിളിക്കുന്നതു കേട്ട് വെളിയിലേക്ക് ചെന്നു.
അതിനിടയില്‍ കയ്യിലുള്ള ചീര്‍പ്പ് കണ്ണാടിയില്‍ തട്ടി ചീര്‍പ്പ് തറയില്‍ വീണു.

ക്ലാസ് റൂം.
അശാന്തിയുടെ തേരോട്ടം സൃഷ്ടിച്ച ചതവും ചുളിവും നിറഞ്ഞ മുഖങ്ങള്‍ ക്ലാസ്റൂമിനകത്ത് കൃഷ്ണപ്രസാദ് കണ്ടു.
യുദ്ധക്കുറ്റവാളികളെപോലെ കുറെപേര് ക്ലാസിനകത്ത് ഇരിപ്പുണ്ട്.
അപരിചിതത്വം അവനെ ശ്വാസം മുട്ടിച്ചു.
എന്താണ് പെട്ടെന്നൊരു മാറ്റം.
മുന്‍നിരയില്‍ മൂന്നാമതായി ഇരിക്കുന്ന പെണ്‍കുട്ടി ഗീതാഞ്ജലി അല്ല.
മറ്റാരോയാണ്.
നമ്മള്‍ ജീവിച്ചിരിപ്പുണ്ടോ.
കൃഷ്ണപ്രസാദ്  ഒരു കുറിപ്പ് എഴുതി.
ആരുടെയോ കയ്യില്‍ കൊടുത്തു.
അത് കൈമാറിക്കൊണ്ടിരുന്നു.
അതിന് ഒരു മറുപടി കുറിപ്പും വന്നു.

നാം നമ്മുടെ ശവക്കല്ലറകള്‍ തിരയുകയാണ്...

പരസ്പരം നഷ്ടപ്പെടുത്താന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു പ്രദേശത്തെ നെടുകെ പിളര്‍ത്തിക്കൊണ്ട് നിര്‍മ്മിച്ച അതിര്‍ത്തിയിലെ കാവല്‍ നിലയത്തില്‍ കൃഷ്ണപ്രസാദ് മഞ്ഞുപോലെ ഉരുകുകയാണ്.
ലാവപോലെ ഒഴുകി പടരുകയാണ്.
വെടിയുണ്ടകള്‍ നിറച്ച തോക്ക് ഏതു നിമിഷത്തിലും ഉപയോഗിക്കാന്‍ പാകത്തില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്.
ഈ മഞ്ഞില്‍ ആക്രമണം ഒരു കലയാണ്.
കാവല്‍ നിലയത്തിന് നേരെ എതിര്‍വശത്ത്-
മുള്‍വേലിക്കപ്പുറത്ത് അയല്‍രാജ്യത്തിന്‍റെ ചെക്ക്പോസ്റ്റ്.
ഇവിടെ താനെന്നപോലെ അവിടെ മറ്റൊരാള്‍ തോക്കുമായി നില്പുണ്ട്.
അവര്‍ മുഖത്തോടുമുഖം നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ ഏറെയായി.
സ്വപ്നങ്ങള്‍ കൊള്ളയടിക്കപ്പെട്ടതുപോലെ വിളര്‍ത്തമുഖവും അര്‍ത്ഥശൂന്യതയാല്‍ തിളക്കം നഷ്ടപ്പെട്ടതുമാണ് അവന്‍റെ കണ്ണുകള്‍.
നാസര്‍ ഹുസൈന്‍ എന്നാണ് അവന്‍റെ പേര്.
തനിക്ക് തന്‍റെ ദേശവും അവന് അവന്‍റെ ദേശവും നഷ്ടപ്പെട്ട മട്ടിലാണ് നിസ്സഹായരായി നിലയുറപ്പിച്ചിരുന്നത്.
എന്നിരുന്നാലും പരസ്പരം ശത്രുക്കളാണെന്ന മുന്‍ധാരണയില്‍ ഒരിക്കല്‍പോലും മൗനത്തിന്‍റെ പുറന്തോടുപൊളിക്കാന്‍ അവര്‍ തയ്യാറായിരുന്നതുമില്ല.
അവര്‍ ഏകാന്തയില്‍ വിഡ്ഢികളെപോലെ നിലയുറപ്പിച്ച് ഇതിഹാസതുല്യമായ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി.

ആറ്

ചരിത്രത്തിന് നിഷ്പക്ഷതയില്ല.
അങ്ങനെയുണ്ടെന്ന് കരുതാനും ന്യായമില്ല.
ഏത് ചരിത്രവും പക്ഷപാതപരമായ നിലയില്‍ രചിക്കപ്പെട്ടിട്ടുള്ളതാണ്.
ഗ്രന്ഥപ്പുരയിലെ ഇരുമ്പുപെട്ടിക്കകത്ത് പാതിദ്രവിച്ച നിലയില്‍ കണ്ടെത്തിയ താളിയോലക്കെട്ടുകള്‍ പരിശോധിക്കുന്നതിനിടയില്‍ ധന്യയ്ക്ക് ബോധ്യപ്പെട്ടു.
കിഴക്കുദിക്കുന്ന സൂര്യനെ കാണാന്‍ പടിഞ്ഞാറോട്ടേക്കു നോക്കിനില്‍ക്കുന്ന കാരണവന്മാരുടെ ചരിത്രം ധന്യ ചികഞ്ഞെടുത്തു നോക്കി.
സാമ്പത്തികസ്ഥിതി പരിതാപകരമായ നിലയിലും ശൂന്യമായ ഖജനാവിന് നാലുപേരെ കാവല്‍നിര്‍ത്തിയ തറവാട്ടുകാരണവന്മാര് എന്നും അജ്ഞാതശത്രുക്കളുമായി നിരന്തരം ഏറ്റുമുട്ടുകയും ശൂന്യതയിലേക്ക് പിന്‍വലിയുകയും ചെയ്തവരാണ്.
ഇരുള്‍ മറപറ്റി നില്‍ക്കുന്ന മുറിയിലെ ചിമ്മിനിവിളക്ക് നല്‍കുന്ന അരണ്ട വെളിച്ചം താളിയോല ഗ്രന്ഥങ്ങളില്‍ നിഗൂഢത സൃഷ്ടിക്കുകയാണ്.
ഓരോ തവണ വായിക്കുന്തോറും തറവാടിനെ കുറിച്ചുള്ള ഐതിഹ്യങ്ങള്‍ വഴിമാറി സഞ്ചരിക്കുകയാണ്.
ഒന്നു മറ്റൊന്നിന്നോടു ബന്ധപ്പെടാത്ത നിലയിലും കൂട്ടിയോജിപ്പിച്ച തരത്തിലായിരുന്നു തലമുറകളുടെ ചിത്രം താളിയോലകളില്‍ മങ്ങിത്തെളിയുന്നത്.
മരണത്താല്‍ വേര്‍പ്പെട്ട ആത്മാവിന്‍റെ ചിറകടയൊച്ചകള്‍ ഉതിര്‍ത്തുകൊണ്ട് വാവലുകള്‍ മച്ചില്‍ തൂങ്ങികിടക്കുന്നു.
അവര്‍ തറവാട്ടുകാരണവന്മാരാണ്.
കൃഷ്ണപ്രസാദ് ചുണ്ടികാണിച്ചു പറഞ്ഞു.
ധന്യയ്ക്കു ഭയം തോന്നി.
മരിച്ചവരെ ചരിത്രം ഭയപ്പെടുന്നില്ല.
കൃഷ്ണപ്രസാദ് ഓര്‍മ്മിപ്പിച്ചു.
പക്ഷെ ഞാന്‍ ഭയപ്പെടുന്നു.
കാരണം.
ചരിത്രത്തിന് ആവര്‍ത്തന സ്വഭാവമുണ്ട്.
ധന്യ പറയുന്നത് സത്യമാണെന്ന് കൃഷ്ണപ്രസാദിന് അറിയാം. 
ചില നേരത്ത് സത്യങ്ങള്‍ അവനേയും വിഴുങ്ങാന്‍ പാകത്തില്‍ വായ പിളര്‍ത്തി വരാറുണ്ട്.
അപ്പോഴൊക്കെ അവന്‍ അതിനുമുന്നില്‍ നിന്നും ഓടിയൊളിക്കാന്‍ പഴുതുകള്‍ തേടാറുണ്ട്.
അത് തികച്ചും വിഡ്ഢിത്തമാണെന്ന് അറിയാഞ്ഞിട്ടല്ല.
തറവാടിന്‍റെ ചരിത്രത്തില്‍ നിന്നും അഗമ്യഗമനത്തിന്‍റെ മറ്റൊരു രഹസ്യവും ചികഞ്ഞുനോക്കിയപ്പോള്‍ ധന്യയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞു.
ഈ ഗ്രന്ഥപ്പുരയ്ക്ക് തീകൊളുത്തണമെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
കൃഷ്ണപ്രസാദ് പറഞ്ഞു.
അതുവേണ്ട.
പിന്നെങ്ങനെ ഈ ചരിത്രത്തില്‍നിന്നും നമുക്ക് മോചിതരാകാന്‍ കഴിയും.
കൃഷ്ണപ്രസാദ് ചോദിച്ചു.
നമുക്ക് മോചനമില്ല.
ധന്യ ഉറപ്പിച്ചു പറഞ്ഞു.
മിന്നല്‍വെളിച്ചം ഗ്രന്ഥപ്പുരയുടെ കതകിന്‍വിടവിലൂടെ ധന്യയുടെ താളിയോലകളില്‍ സ്പര്‍ശിച്ചു.
ശക്തമായൊരു ഇടിമുഴക്കത്തിന് മുമ്പ് അവള്‍ അതൊക്കെ തറയിലേക്കിട്ട് ഇരുകൈകളും ഉപയോഗിച്ച് ചെവിപൊത്തി കൃഷ്ണപ്രസാദിന്‍റെ മുഖത്തേക്ക് നോക്കി.
അവന്‍ ഇടിമുഴക്കത്തെ ഭയന്നില്ല.
ഇടുങ്ങിയ മുറിക്കകത്ത് ഏറെനേരം ചെലവഴിച്ചതിനാല്‍ ധന്യ നന്നായി വിയര്‍ത്തിരുന്നു.
നെറ്റിയിലൂടെ ഒഴുകിത്താഴുന്ന വിയര്‍പ്പുതുള്ളികള്‍ കൃഷ്ണപ്രസാദ് മുണ്ടിന്‍റെ തലപ്പുകൊണ്ട് ഒപ്പിക്കൊടുത്തു.
ധന്യയുടെ മേല്‍ചുണ്ടില്‍ പടര്‍ന്നിരിക്കുന്ന വിയര്‍പ്പിന്‍ കണങ്ങള്‍ വിരലുകൊണ്ട് തുടച്ചുനീക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ കൃഷ്ണപ്രസാദിന്‍റെ കൈകളെ സ്പര്‍ശിച്ചു.
ചിമ്മിനി വിളക്കിന്‍റെ പ്രകാശത്തില്‍ ധന്യയുടെ കണ്ണുകള്‍ ഏറെ തിളക്കമുള്ളതായി കാണപ്പെട്ടു.
കഴുത്തില്‍ നിന്നും നെഞ്ചിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പിന്‍ കണങ്ങള്‍ കൃഷ്ണപ്രസാദ് തുടച്ചുനീക്കുമ്പോള്‍ അവന്‍റെ കൈകള്‍ അരുതാത്തയിടങ്ങളിലേക്ക് നീങ്ങുമെന്നുറപ്പുണ്ടായിട്ടും ധന്യ അതിര്‍വരമ്പുകളൊന്നും അവനുമുന്നില്‍ ഉയര്‍ത്തിയിരുന്നില്ല.
അതിര്‍ത്തി മറികടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിട്ടും കൃഷ്ണപ്രസാദ്  അതിന് തയ്യാറായതുമില്ല.
ധന്യ അവന്‍റെ മുണ്ടിന്‍റെ തലപ്പുകൊണ്ടുതന്നെ മാറിടത്തിലെ വിയര്‍പ്പു തുടച്ചു നീക്കി.
ചരിത്രത്തെ വിഴുങ്ങുന്നതാരാണ്.
ധന്യ ഒരു കുസൃതിയോടെ ചോദിച്ചു.
ഗ്രന്ഥപ്പുരയ്ക്കകത്തെ ചിതലുകള്‍.
ധന്യയുടെ തോളില്‍ കൈയ്യിട്ട് ഗ്രന്ഥപ്പുരയില്‍ നിന്നും വെളിയിലേക്ക് നടന്നുകൊണ്ട് കൃഷ്ണപ്രസാദ്  പറഞ്ഞു.

ഇടനാഴിയിലെ ഇരുട്ടിലൂടെ നടക്കുമ്പോള്‍ അവന്‍റെ വിരലുകളുടെ സ്പര്‍ശനത്തില്‍ അവള്‍ ഇക്കിളിപ്പെടുകയും കൈകള്‍ മുറുകെ പിടിക്കുകയും ചെയ്തു.

നമ്മള്‍ തറവാടിന്‍റെ നൂറുവര്‍ഷത്തെ ചരിത്രമൊന്നും ചികഞ്ഞുനോക്കേണ്ടുന്ന കാര്യമില്ല.
ചുരുങ്ങിയത് ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രപരമായ നേട്ടങ്ങളും അര്‍ത്ഥശൂന്യതകളും പരിശോധിച്ചാല്‍ മതിയാകും.
കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു.
എന്തിന് കൂടുതല്‍ മുങ്ങിത്തപ്പണം. നമുക്ക് നമ്മെ തന്നെ പരിശോധിച്ചാല്‍ മതിയാകും.
ധന്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
കൃഷ്ണപ്രസാദ് നിശബ്ദനായി.
ഇരുള്‍ നിറഞ്ഞ ഇടനാഴിയിലൂടെ കൃഷ്ണപ്രസാദിനെ ചുറ്റിപിടിച്ച് ധന്യ നടന്നു.
അച്ഛനെ ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു അവന്‍.

മറവി.
അതൊരു രോഗമല്ല.
ഏറ്റുമുട്ടലുകള്‍ക്കിടയിലെ ഒരു തന്ത്രമാകുന്നു.

മുള്‍വേലിക്കരികിലെ കാവല്‍നിലയത്തില്‍ കൃഷ്ണപ്രസാദ് മരവിച്ചു നില്‍ക്കുകയാണ്.
മഞ്ഞുകാറ്റില്‍ ശരീരം വിറകൊള്ളുന്നു.
ഡ്യൂട്ടി സമയം അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ഏറെ ബാക്കിയുണ്ട്.
ഇപ്പോള്‍ താന്‍ ഏറ്റുമുട്ടുന്നത്, സമയവുമായാണ്.
തനിക്ക് പകരക്കാരനായി ജയ്ദീപ് എത്തുന്നതുവരെ താന്‍ സമയവുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കണം.
മുഷിപ്പുമാറ്റാന്‍ നാസര്‍ഹുസൈന്‍ ഒരു സിഗററ്റിന് തീ കൊളുത്തുന്നത് കണ്ടപ്പോള്‍ കൃഷ്ണപ്രസാദിനും പുകവലിക്കണമെന്ന് തോന്നി,
അവന്‍ കൃഷ്ണപ്രസാദിന് നേരെ സിഗററ്റ് പാക്കറ്റ് ഉയര്‍ത്തികാണിച്ചു.
കൃഷ്ണപ്രസാദ് കൈ നീട്ടിയപ്പോള്‍, നാസര്‍ഹുസൈന്‍ അതിര്‍ത്തിയിലെ മുള്‍വേലിക്കു മുകളിലൂടെ എറിഞ്ഞുകൊടുത്തു.
യന്ത്രത്തോക്ക് തലകീഴായി മഞ്ഞില്‍കുത്തിനിര്‍ത്തി അതിനുമുകളില്‍ ഹെല്‍മെറ്റ് ഊരിവെച്ചുകൊണ്ട് കൃഷ്ണപ്രസാദ് സിഗററ്റ് പുകച്ചു.

നക്ഷങ്ങളുമായുള്ള നിന്‍റെ സംസാരം അവസാനിച്ചോ.
അച്ഛന്‍റെ ചോദ്യം.
ഗീതാഞ്ജലി അപ്പോള്‍ ജനാലയ്ക്കരികില്‍, അവളുടെ മുറിയില്‍, ആകാശം നോക്കിനില്‍ക്കുകയായിരുന്നു.
അച്ഛന്‍ അവള്‍ക്കരികെ ചെന്നു.
ഗീതാഞ്ജലി നീയിപ്പോള്‍ ചെറിയ കുട്ടിയൊന്നുമല്ല.
അച്ഛന്‍ ഓര്‍മ്മിപ്പിച്ചു.
അച്ഛന്‍ എന്താണ് പറഞ്ഞുതുടങ്ങുന്നതെന്ന് അവള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു.
എങ്കിലും ആദ്യമായിട്ടെന്തോ കാര്യം പറഞ്ഞുതുടങ്ങുകയാണെന്ന തോന്നലോടെ അവള്‍ അദ്ദേഹത്തിന്‍റെ മുഖത്തേക്കു നോക്കി.
നിന്‍റെ ഇത്തരം സ്വഭാവങ്ങളൊക്കെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
അച്ഛന്‍ വ്യക്തമാക്കി.
എത്തരം സ്വഭാവങ്ങള്‍.
ഗീതാഞ്ജലി സ്വയം ചോദിച്ചു.
നിനക്ക് വല്ലതും സംസാരിക്കണമെന്നുണ്ടെങ്കില്‍ അത് മറ്റുവല്ല മനുഷ്യജീവികളോടുമായിക്കൂടെ. ആര്‍ക്കും മനസ്സിലാവാത്ത ഭാഷയില്‍ ആകാശത്തും മറ്റും നോക്കി സംസാരിക്കുക. ഇത് വെളിയിലുള്ളവര്‍ ആരെങ്കിലും അറിഞ്ഞാല്‍ നിനക്ക് കിറുക്കാണെന്നാണ് പറയുക. എന്‍റെ മോള്‍ ഇനിയെങ്കിലും ഞാന്‍ പറയുന്നത് അനുസരിക്കുക.
അച്ഛന്‍ വളരെ തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
ഞാന്‍ പറയുന്നത് മനസ്സിലാവുന്നുണ്ടോ.
അച്ഛന്‍ തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
ഗീതാഞ്ജലി ശിരസ്സിളക്കി.
പിന്നെ ജനാലയിലൂടെ തെളിഞ്ഞുകാണുന്ന ആകാശത്തേക്കു നോക്കി.
ചന്ദ്രന്‍റെ നിഴല്‍തട്ടി തിളങ്ങുന്ന വെള്ളിമേഘങ്ങള്‍ അവളെ നോക്കി എന്തോ പറയുന്നതായി തോന്നി.
എന്താണ് പറഞ്ഞതെന്ന് അച്ഛന്‍ മുന്നിലുള്ളതുകൊണ്ട് ചോദിച്ചതുമില്ല.
അച്ഛാ ഞാന്‍ മേഘത്തോടും നിലാവിനോടും സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്.
അവള്‍ക്ക് അങ്ങനെ ചോദിക്കണമെന്നുണ്ട്.
അച്ഛന്‍ കോപിച്ചേക്കുമോയെന്ന് കരുതി നിശബ്ദയായി.
ആകാശം കറുത്തിരുണ്ടതും മേഘക്കീറുകള്‍ക്കിടയിലൂടെ മിന്നല്‍ ജനാലകളില്‍ ചെന്നുതട്ടിയതും അവള്‍ അറിഞ്ഞില്ല.
മോളെ!
അമ്മ വിളിച്ചു.
നിനക്കെന്തെങ്കിലും വിഷമം.
ഒന്നുമില്ല.
നിനക്ക് നല്ലൊരു വിവാഹാലോചന വന്നിട്ടുണ്ട്. ഇതും നീ പഴയപോലെ വേണ്ടെന്നു വെക്കരുത്.
അമ്മ പറഞ്ഞു.
അവള്‍ അമ്മയെ നോക്കി.
നിഷേധത്തിന്‍റെ ഒരുതുള്ളി കണ്ണുനീര്‍ അവളുടെ കണ്ണിലൂടെ ഒഴുകി.


ഏഴ്

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞദിവസം വടക്കന്‍ അതിര്‍ത്തിയില്‍ പരസ്പരം വെടിവെയ്പ് നടന്നിരുന്നു.
അതില്‍ ഇരുവിഭാഗത്തിലും വിരലില്ലെണ്ണാവുന്നതിലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
നാസര്‍ഹുസൈനോട് അവന്‍റെ നാടിനെകുറിച്ചും കുടുംബത്തെകുറിച്ചും ചോദിച്ചു.
അവനെ കാത്ത് ഒരു പെണ്‍കുട്ടി നില്പുണ്ടെന്നും ലീവില്‍ നാട്ടില്‍ പോയാല്‍ വിവാഹം കഴിക്കുമെന്നൊക്കെ അവന്‍ പറഞ്ഞു.
ചെറുപ്പം മുതല്‍ക്കേ ഒന്നിച്ചുകളിച്ചു വളര്‍ന്നവരാണത്രെ.
അവള്‍ അവനുവേണ്ടി കാത്തിരിക്കുന്നു.
ഒടുവില്‍ അവന്‍ കഴുത്തിലിരിക്കുന്ന ചരട് കാണിച്ചുകൊടുത്തു.
അവള്‍ അണിയിച്ചുകൊടുത്തതാണ്.
ഒരു അപകടവും സംഭവിക്കാതിരിക്കാന്‍.
അവരുടെ സ്നേഹത്തിന്‍റെ ആഴം കൃഷ്ണപ്രസാദ് തിരിച്ചറിഞ്ഞു.
കൃഷ്ണപ്രസാദ് അവനോട് സംസാരിച്ചു പിരിഞ്ഞശേഷം കാവല്‍പ്പുരയ്ക്കകത്ത് തിരിച്ചെത്തി അല്പം കഴിഞ്ഞപ്പോള്‍ ഒരു അടിയന്തിര സന്ദേശം വന്നുചേര്‍ന്നു.
ശത്രുരാജ്യത്തിന്‍റെ കാവല്‍പ്പുര നശിപ്പിച്ചുകളയാനുള്ള ഉത്തരവായിരുന്നു അത്...
പുഷ്പാലംകൃതമായ ഒരു ഗണ്‍ക്യാരേജ് തെരുവിനെ വലംവെച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. സൈനികര്‍ മരണാഭിവാദ്യം ുഴക്കി മുന്നിലുണ്ട്. മരിച്ചയാള്‍ക്ക് അമരത്വം പ്രഖ്യാപിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ വിറങ്ങലിച്ച സ്വരം നേര്‍ത്തുവരികയാണ്.
ഈ ശവഘോഷയാത്ര എത്ര തവണ തന്‍റെ ചില്ലുജാലകത്തിനു മുന്നിലൂടെ കടന്നുപോയെന്ന് കൃഷ്ണപ്രസാദിന് നിശ്ചയമില്ല. നിശ്ചിതലക്ഷ്യംമറന്ന ഒരു ശവഘോഷയാത്രയാണിത്. ഗണ്‍ക്യാരേജില്‍ പൊതിഞ്ഞുവച്ച രക്തസാക്ഷിക്ക് എന്‍റെ മുഖം..

ഒക്ടോബര്‍ മാസത്തിലെ ഒരുനാള്‍ ഉച്ചനേരത്ത് വീശിയ കൊടുങ്കാറ്റില്‍ എന്‍റെ മുറിയുടെ ചില്ലുജാലകത്തിന് മുന്നില്‍ നിന്നും നഗരം അപ്പാടെ അപ്രത്യക്ഷമാവുകയോ എന്നെന്നേക്കുമായി ഇല്ലാതായിത്തീരുകയോ ചെയ്തു.
ഞരമ്പിലൂടെ കത്തി തെന്നി നീങ്ങി.
ഹൃദയം പിടഞ്ഞു.
ഞരമ്പ് മുറിഞ്ഞ് ചോര ഒലിച്ചിറങ്ങുമ്പോള്‍ ഞാന്‍ കോരിച്ചൊരിയുന്ന മഴയെ സ്വപ്നം കാണുകയും മഴയുടെ മുഖമുള്ള മാലാഖയുടെ സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്തു.

എക്സാമിനേഷന്‍ ഹാള്‍.
എല്ലാവരും പരീക്ഷയെഴുതാന്‍ തയ്യാറാവുകയാണ്.
ഉത്തരകടലാസിനു മുന്നില്‍ സമുദ്രങ്ങള്‍ സൃഷ്ടിച്ച് കഴുത്തുയര്‍ത്തി നോക്കിയപ്പോള്‍ സമുദ്രത്തിലെ ഒരു തുരുത്തുപോലെ ഒരു വാക്കും എഴുതാതെ ഗീതാഞ്ജലി ഇരിക്കുന്നതു കണ്ടു.
അവള്‍ കൃഷ്ണപ്രസാദിനെ നോക്കി.
എന്തുപറ്റി.
അവന്‍ കണ്ണുകള്‍കൊണ്ട് ചോദിച്ചു
ഗീതാഞ്ജലി ഒരു ചെറിയ കടലാസില്‍ കുത്തികുറിച്ച് കൃഷ്ണപ്രസാദിന് എറിഞ്ഞുകൊടുത്തു.
ഇത് സുഭദ്രമാഡം കണ്ടുപിടിച്ചു.
അവര്‍ കൃഷ്ണപ്രസാദിന്‍റെ അരികില്‍ വന്ന് ആ കടലാസ് ചുരുള്‍ ആവശ്യപ്പെട്ടു.
കൃഷ്ണപ്രസാദ് കൊടുക്കാന്‍ മടി കാണിച്ചുകൊണ്ട് ഗീതാഞ്ജലിയെ നോക്കി.
അവള്‍ കൈമലര്‍ത്തി.
സുഭദ്ര മാഡം വിചാരിച്ചത് അതൊരു കോപ്പിയടിയാണെന്നാണ്.
കടലാസ് ചുരുള്‍ നിവര്‍ത്തി നോക്കി.
നമുക്ക് എവിടേക്കെങ്കിലും ഒളിച്ചോടിപ്പോകാമോ?
അതാണ് ഗീതാഞ്ജലി എഴുതി ചോദിച്ചിരിക്കുന്നത്.
സുഭദ്രമാഡം ഇരുവരേയും മാറി മാറി നോക്കി.
പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ വെളിയില്‍ ഗീതാഞ്ജലി കാത്തു നില്പുണ്ടായിരുന്നു.

ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാണ്.
ഗീതാഞ്ജലി ഓര്‍മ്മിപ്പിച്ചു.
ഞാന്‍ മരിക്കുന്നതുവരെയെങ്കിലും നീ എന്നെ ഓര്‍ക്കുമെങ്കില്‍ ഞാന്‍ ഈ നിമിഷം മരിക്കാന്‍ തയ്യാറാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരാളുടെ മനസ്സില്‍ നിന്നും എന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ ഇല്ലാതാവുകയെന്നത് എന്‍റെ മരണംപോലെയാണ്. നാമൊക്കെ ജീവിക്കുന്നത് മറ്റൊരാളുടെ ഓര്‍മ്മകളിലാണ്.
കൃഷ്ണപ്രസാദ് പറഞ്ഞു.
നമുക്ക് എങ്ങോട്ടെങ്കിലും പോവാം.
അവള്‍ പെട്ടെന്ന് പറഞ്ഞു.
എങ്ങോട്ട്.
അതിന് അവള്‍ക്കും ഉത്തരമില്ല.

കാറ്റ് ഒരു ഇലയെ പറത്തിക്കൊണ്ടുപോവുകയാണ്-
അതിനുതന്നെ നിശ്ചയമില്ലാത്തൊരിടത്ത്.
പുഴയില്‍ ഞാന്‍ വിട്ട കടലാസുതോണികള്‍ ഒഴുകിപ്പോവുകയാണ്-
അറിയാത്തൊരിടത്തേക്ക്.
എവിടെയെങ്കിലും വച്ച് മുങ്ങിത്താഴുന്നതുവരെ കടലാസുതോണികള്‍ അതിന്‍റെ പ്രയാണം തുടരും.
ഞാന്‍ ഇവിടെ കാഴ്ചക്കാരന്‍
കളിയിലെ നിയമങ്ങള്‍ കളിക്കാര്‍ക്കുമാത്രം ബാധകം.
കാഴ്ച്ചക്കാരന് കളിക്കളത്തില്‍ പ്രവേശനമില്ല.
എതിരാളികള്‍ നഷ്ടപ്പെട്ട ഒരു മത്സരത്തില്‍ കാഴ്ചക്കാരന്‍റെ പങ്ക് എന്ത്.

ആത്മഹത്യകുറിപ്പുകളില്‍ രക്തത്തിന്‍റെ നിറം പടരുകയാണ്.
കൃഷ്ണപ്രസാദ് മരണം കാത്തുകിടന്നു.
അപ്പോഴും മരണം അവനിലേക്ക് അടുക്കാതെ അപരിചിതനെപോലെ അകന്നു നില്‍ക്കുകയാണ്.
കൊടുങ്കാറ്റ് വിഴുങ്ങിയ നഗരത്തിന്‍റെ അവശിഷ്ടങ്ങളില്‍ അവന്‍റെ കാഴ്ചകള്‍ ഉടക്കിനിന്നു.

ഈ ഇടിയും മിന്നലുമുള്ള സമയത്ത് നീ ഇങ്ങനെ ഇറയത്ത് ഇരുട്ടില്‍ തനിച്ചിരിക്കുന്നത് എന്തിന്.
ദിവ്യേട്ടത്തി അവന്‍റെ അരികില്‍ വന്നിരുന്നുകൊണ്ട് ചോദിച്ചു.
കൃഷ്ണപ്രസാദ് ഒന്നും പറഞ്ഞില്ല.
എന്താ വല്ലാണ്ടിരിക്കുന്നത്.
ഒന്നുമില്ല.
എന്തൊക്കെയോ മനസ്സിന്നകത്ത് കിടന്നുമുരളുന്നു.
നിന്‍റെ ലീവ് കഴിയാറായോ.
ഇനി കുറച്ചുനാള്‍ മാത്രം ബാക്കി.
നീ പോയിക്കഴിഞ്ഞാല്‍ ഇവിടെ എല്ലാം പഴയതുപോലെയാവും. എല്ലാവരും അവരവരുടെ ലോകത്ത് തനിച്ച്.
ദിവ്യേട്ടത്തിക്ക് ചെറുതായി തൊണ്ടയിടറി.
കൃഷ്ണപ്രസാദ് അവളെ ചേര്‍ത്തു നിര്‍ത്തി.
അവള്‍ അവന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്തു.
ദിവ്യേട്ടത്തി കരയുന്നുണ്ട്, തികച്ചും നിശബ്ദയായിട്ട്.
വെളിയില്‍ മഴ ആരംഭിച്ചു കഴിഞ്ഞിരുന്നു.
ധന്യ അങ്ങോട്ടുവന്നത് ഇരുവരും കുറച്ച് നേരത്തേക്ക് അറിഞ്ഞില്ല.
ധന്യയുടെ കൈയ്യിലെ ടോര്‍ച്ച് ലൈറ്റ് അവള്‍ ഇരുവരുടേയും മുഖത്തേക്ക് പ്രകാശിപ്പിച്ചു.
അവര്‍ കണ്ണുതുറന്നു.
എലിപ്പെട്ടിയില്‍ ഒരു വലിയ എലി കുടുങ്ങിയിട്ടുണ്ട്. അതിനെ വേഗം തല്ലിക്കൊന്ന് കുഴിച്ചുമൂടണം.
ധന്യ അവനെ അറിയിച്ചു.
മൂവരും അകത്തേക്കുനടന്നു.
സ്റ്റോര്‍ മുറിക്കകത്ത് വച്ചിരിക്കുന്ന എലിക്കെണിയിലേക്ക് ടോര്‍ച്ച് ലൈറ്റ് തെളിച്ചു.
കൂടിന്നകത്ത് കുരുങ്ങിയ എലി രക്ഷപ്പെടാന്‍ പഴുതുകള്‍ തേടുകയാണ്.
കൃഷ്ണപ്രസാദ് എലിക്കെണിയുമായി മുറ്റത്തേക്കിറങ്ങി.
മഴകൊള്ളാതിരിക്കാന്‍ ഒരു കുടയുമായി ധന്യ അവനോടൊപ്പമുണ്ട്.
ടോര്‍ച്ച്ലൈറ്റ് കാട്ടാന്‍ ദിവ്യേട്ടത്തിയും.
വേലക്കാരിപ്പെണ്ണ് തിളപ്പിച്ച വെള്ളവുമായി എത്തി.
ഖലീല്‍ തിളച്ചവെള്ളം എലിക്കെണിയിലേക്ക് ഒഴിച്ചു.
എലി പിടഞ്ഞു.
തിളപ്പിച്ചവെള്ളം മുഴുവനായും ഒഴിച്ചുകഴിയുമ്പോഴേക്കും എലി വെന്തു മരിച്ചുകഴിഞ്ഞിരുന്നു.
ചത്ത എലിയെ കുഴിച്ചിടാന്‍ പറമ്പിലെ ഒരു ഭാഗത്തേക്ക് മണ്‍വെട്ടിയുമായി ചെന്നു.
കൃഷ്ണപ്രസാദ് മഴ മുഴുവനും നനഞ്ഞു.
അവന് സഹായത്തിനെത്തിയ ധന്യയും ദിവ്യയും നനഞ്ഞു.
എലിയെ കുഴിയിലിട്ടു മൂടി.
പിന്നെ കിണറിന്‍ കരയില്‍ ചെന്നു.
ധന്യ വെള്ളമെടുത്ത് അവന്‍റെ തലവഴി ഒഴിച്ചു.
കുടയും ടോര്‍ച്ചുലൈറ്റും മാറ്റിവച്ച് ധന്യയും ദിവ്യയും കൈകാലുകളിലെ ചെളി കഴുകി മാറ്റിക്കൊണ്ടിരുന്നു.
അവര്‍ നനഞ്ഞു കുതിര്‍ന്നു.
മിന്നലില്‍ അവര്‍ പരസ്പരം കണ്ടു.
ആരും സ്വന്തം നഗ്നത കണ്ടില്ല. മറ്റുള്ളവരിലേക്കാണ് നോക്കിയിരുന്നത്..

എട്ട്

വെളിയില്‍ മഴ തകര്‍ത്തുപെയ്യുകയാണ്.
എല്ലാവരും ഭക്ഷണം കഴിച്ച് അവരവരുടെ മുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
കൃഷ്ണപ്രസാദ് അവന്‍റെ മുറിയിലേക്ക മെഴുകുതിരിയുമായി നീങ്ങി.
ദിവ്യയുടെ മുറി തുറന്നു കിടക്കുന്നതു കണ്ട് അവന്‍ അകത്തേക്ക് എത്തിനോക്കി.
അവള്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ദിവ്യ അവനെ നോക്കി.
കൃഷ്ണപ്രസാദിന്‍റെ കണ്ണുകള്‍ അനാവശ്യമായി ചുറ്റിക്കറങ്ങി.
നേര്‍ത്ത രാത്രിവസ്ത്രത്തിലാണ് അവള്‍.
ശരീരവടിവുകള്‍ അതേപടി എടുത്തുകാണിക്കുന്നു.
കൃഷ്ണപ്രസാദ് വേഗം മെഴുകുതിരിയുമായി നടന്നുനീങ്ങി.
സീത ഇളയമ്മയുടെ മുറിയിലേക്ക് പാളി നോക്കി.
അവര്‍ വീട്ടില് രണ്ട് ദിവസം മുമ്പാണ് വന്നത്.
അമ്മയെ പോലെയല്ല സീത ഇളയമ്മ, നിറത്തിലും രൂപത്തിലും തന്നെ വ്യത്യാസമുണ്ട്.
ആകര്‍ഷണീയം.
വെറുതെ നോക്കിപ്പോവും.
എന്താണ് ഒര് എത്തിനോട്ടം.
കള്ളച്ചിരിയോടെ അവര്‍ തിരക്കി.
ഏയ് ഒന്നുമില്ല.
മ്ഉം.
ധന്യയുടെ മുറിയില്‍ വിളക്ക് കണ്ടില്ല.
ചിലപ്പോള്‍ ഉറങ്ങിക്കാണും.
മെഴുകുതിരി ഊതികെടുത്തി കൃഷ്ണപ്രസാദ് ഉറങ്ങാന്‍ കിടന്നു.

വെളിയില്‍ നല്ല മഴ.
കുറെ നേരം കഴിഞ്ഞ് ചാരിയിരിക്കുന്ന വാതില്‍ ആരോ പതുക്കെ തുറക്കുന്നതിന്‍റെ ശബ്ദം കേട്ടാണ് കൃഷ്ണപ്രസാദ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്.
മുറിയില്‍ ഇരുട്ടായതിനാല്‍ ആരാണ് കയറിവന്നതെന്ന് അറിയാന്‍ പറ്റിയില്ല. ആരോ ഒരാള്‍ തന്‍റെ മുറിയിലേക്ക് കടന്നുവന്നിട്ടുണ്ടെന്ന് മനസ്സിലായെങ്കിലും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനോ അതാരാണെന്ന് വിളിച്ചു ചോദിക്കാനോ അവന് തോന്നിയില്ല.
തന്‍റെ കട്ടിലിന്നരികെ ഒരാള്‍ വന്നു നില്‍ക്കുന്നു.
ഉത്കണ്ഠയാല്‍ അവന്‍റെ ശരീരം വിങ്ങിപ്പൊട്ടുന്നപോലെ തോന്നി.
എന്നാല്‍ ഭയം തീരെ അനുഭവപ്പെടുന്നില്ല.
എന്തുകൊണ്ടെന്നാല്‍ ഭയപ്പെടാന്‍ മാത്രമുള്ള ഒരാളല്ല മുറിയിലെത്തിയിട്ടുള്ളതെന്ന് ആ പാദചലനങ്ങളില്‍ നിന്നും ഊഹിക്കാന്‍ കഴിഞ്ഞു.
പോരാത്തതിന് പെര്‍ഫ്യൂമിന്‍റെ ഗന്ധവുമുണ്ട്.
മുല്ലപ്പൂവിന്‍റെ ഗന്ധമാണ്.
കൃഷ്ണപ്രസാദിന് കിടക്കയില്‍ നിന്നും അനങ്ങാന്‍ കഴിഞ്ഞില്ല.
എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് അറിയാന്‍ കഴിയാതെ അവന്‍ ഇരുട്ടില്‍ കണ്ണുമിഴിച്ചു
കട്ടിലിന്നരികെ വന്നു നില്‍ക്കുന്നയാളിനെ സ്പര്‍ശിക്കാന്‍ അവന്‍ കൈ നീട്ടി.
യുവതിയുടെ വിരലുകള്‍ തമ്മില്‍ കോര്‍ത്തു.
അവള്‍ ആദ്യം അവന് അരികെ ചേര്‍ന്നിരുന്നു. പിന്നെ അവന്‍റെ ശരീരത്തിലേക്ക് ചാഞ്ഞു.
വന്നിരിക്കുന്നവള്‍ ആരാണെന്ന് താന്‍ അന്വേഷിച്ചറിയാന്‍ ഒരുമ്പെടില്ലെന്ന ഉറപ്പ് അവള്‍ക്കുണ്ടാകുന്നതുവരെ അവള്‍ കൃഷ്ണപ്രസാദിന്‍റെ ശരീരത്തില്‍ തലോടുക മാത്രമാണ് ചെയ്തിരുന്നത്.
പിന്നീട് അവള്‍ അധികാരശക്തിയോടെ അവന്‍റെ ശരീരത്തെ കെട്ടിവരിഞ്ഞു മുറുക്കി.
അതിനിടയില്‍ നേര്‍ത്ത വസ്ത്രം അവളുടെ ശരീരത്തില്‍ നിന്നും ഊര്‍ന്നുവീഴുന്നത് അവന്‍ അറിഞ്ഞു.
നഗ്നമായ ശരീരങ്ങള്‍ പരസ്പരം ഒഴുകി.
അവളുടെ മാറിടങ്ങളുടെ ചൂട് അവന്‍റെ നെഞ്ചിലും മുഖത്തും അനുഭവപ്പെട്ടു.
അവന്‍റെ വരണ്ട ചുണ്ടിന് ചുറ്റും അവളുടെ ഉമിനീര് വറ്റാത്ത നാവിന്‍റെ സഞ്ചാരം.
മാംസളമായ ഭാഗങ്ങള്‍ ശരീരത്തിലമര്‍ന്നു ഞെരുങ്ങി.
തനിക്ക് നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന സ്വാതന്ത്ര്യം തിരിച്ചു കിട്ടിയതിന്‍റെ അമിതാഹ്ലാദമാണ് അവളുടെ ഓരോ സ്പര്‍ശനത്തിലുമുണ്ടായിരുന്നത്.
അവളില്‍ നിന്നും നേര്‍ത്ത സ്വരം ഉയര്‍ന്നപ്പോള്‍ അത് അപരിചിതമായി തോന്നിയില്ല.
പക്ഷെ ആ ശബ്ദം ആരുടേതാണെന്ന് മാത്രം അവന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.
ശരീരം വിയര്‍പ്പില്‍ മുങ്ങി.
അവള്‍ ഏറെ നേരം അവന്‍റെ നെഞ്ചില്‍ തളര്‍ന്നു കിടന്നു.
കൃഷ്ണപ്രസാദ് അവളെ പറ്റിച്ചേര്‍ന്ന് മയങ്ങി.

മുമ്പൊരു തവണ കൃഷ്ണപ്രസാദ് ദിവ്യേട്ടത്തിയോട് ചോദിച്ചു.
നിങ്ങള്‍ ജീവിതത്തില്‍ നിഷ്കളങ്കമായി കരുതുന്നത് എന്താകുന്നുയെന്ന്.
ദിവ്യ അതിന് പെട്ടെന്നൊന്നും മറുപടി നല്‍കിയില്ല.
കറപുരളാത്ത എന്തിനേയും താന്‍ നിഷ്കളങ്കമെന്നു പറയും.
സീത ഇളയമ്മ തന്‍റെ ഉത്തരം നല്‍കി.
കുറ്റബോധം അനുഭവപ്പെടാത്തതും മനസ്സിന് ഏറെ ആശ്വാസം ജനിപ്പിക്കുന്നതുമായ ഏതൊരു പ്രവൃത്തിയേയും സ്വഭാവത്തേയും ചിന്തകളേയും സ്വപ്നങ്ങളേയും ഞാന്‍ നിഷ്കളങ്കമായി കരുതും.
ദിവ്യേട്ടത്തി അറിയിച്ചു.
ഒടുവില്‍ ധന്യയോട് തിരക്കി.
എന്താണ് നിഷ്കളങ്കത? ഞാന്‍ ഒന്നിലും നിഷ്കളങ്കത കാണുന്നില്ല.
ധന്യ വെട്ടിത്തുറന്ന് പറഞ്ഞു.
ശരി, തെറ്റ് എന്നീ വേര്‍തിരിവിനേക്കാളും ജീവിക്കുക എന്നതാണ് വലിയ ശരി. മരിക്കുക എന്നത് വലിയ തെറ്റും.
ധന്യ പറഞ്ഞു.
അവളുടെ ഉത്തരം അവനെ തൃപ്തിപ്പെടുത്തി.
നമ്മള് നിലനില്പിനു വേണ്ടി കഥകള്‍ മെനയുന്നു-
വിശ്വസനീയമായതും അവിശ്വസനീയമായതും.
സ്നേഹിക്കാനും വിശ്വസിക്കാനും സംശയിക്കാനുമൊക്കെയുള്ള കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെ.
ഇവയ്ക്കിടയില്‍ ശരിയെന്ത്, തെറ്റെന്ത്.

തെക്കെ മുറിയില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നുകേട്ടു.
കൃഷ്ണപ്രസാദ് കിടക്കയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു.
നിലവിളികേട്ട് എല്ലാവരും ഉണര്‍ന്നിരുന്നു.
 സീത ഇളയമ്മ മണ്ണെണ്ണ വിളക്കുമായി തെക്കെ മുറിയിലേക്ക് വേഗത്തില്‍ നീങ്ങി.
അവരുടെ പിറകെ കൃഷ്ണപ്രസാദും ധന്യയും ദിവ്യേട്ടത്തിയും.
ഇടനാഴിയിലൂടെ തെക്കെ മുറിക്ക് മുന്നിലെത്തി.
വാതില്‍ തള്ളിതുറന്ന് അകത്തേക്ക് നോക്കി.
പെട്ടെന്ന് എങ്ങുനിന്നോ എത്തിയ കാറ്റ് വിളക്ക് ഊതിക്കെടുത്തി.
ഇരുട്ട്.
തെക്കേ മുറിയുടെ ജനാലയ്ക്കരികിലിട്ടിരിക്കുന്ന കട്ടിലില്‍ കിടക്കുന്ന അച്ഛനെ നോക്കി.
ശക്തമായ മിന്നല്‍വെളിച്ചം.
കട്ടിലില്‍ നിന്നും അച്ഛന്‍ പതിയെ എഴുന്നേല്‍ക്കുന്നതു കണ്ടു.
ദിവ്യേട്ടത്തിയും ധന്യയും കൃഷ്ണപ്രസാദിനെ ചുറ്റിപ്പിടിച്ചു.
അച്ഛന്‍റെ കണ്ണുകള്‍ വേട്ടമൃഗത്തെപോലെ അവരുടെ നേരെ കുതിച്ചപ്പോള്‍, അവര്‍ ഭീതിയോടെ പിതൃബോധത്തിന്‍റെ രാക്ഷസീയമായ അധിനിവേശത്തെ തടയാനെന്നോണം വെളിയില്‍ തകര്‍ത്തുപെയ്യുന്ന മഴയിലേക്ക് ഓടി.

കൃഷ്ണപ്രസാദ് ഓര്‍ക്കുകയായിരുന്നു.
ശത്രുരാജ്യത്തിന്‍റെ കാവല്പുര നശിപ്പിക്കാനുള്ള ഉത്തരവ് കിട്ടിയ നിമിഷത്തെ.
ശത്രുരാജ്യത്തിന്‍റെ അതിര്‍ത്തി കാവല്‍ക്കാരന്‍ എന്‍റെ സുഹൃത്താണെന്നും അതുകൊണ്ട് ഉത്തരവ് നടപ്പിലാക്കാന്‍ പ്രയാസമുണ്ടെന്നും പറയുന്നതെങ്ങനെ.
ഒരു പ്രത്യേകനിമിഷത്തില്‍ അവന്‍ എല്ലാം മറന്നു.
ആ നിമിഷത്തില്‍ എല്ലാം അവസാനിക്കുകയും ചെയ്തു.
ഇരുട്ടിനെ പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞിന്‍റെ നീണ്ട ചുംബനാലസ്യത്തില്‍ നിന്നും കണ്‍തുറന്ന താഴ്വരയുടെ ചുണ്ടില്‍ ചോര പൊടിഞ്ഞു. നിഷ്കളങ്കമായ ആത്മാവിനെ തുളഞ്ഞെത്തുന്ന വെടിയുണ്ടകള്‍ താഴ്വരയുടെ മൗനത്തെ, വിഭ്രാന്തമായ നിലവിളിയിലേക്ക് നയിച്ചു.
മഞ്ഞുകാറ്റിന്‍റെ ഇരമ്പല്‍ മരണത്തിന്‍റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.
മഞ്ഞിലൂടെ ദുരന്തങ്ങള്‍ നുഴഞ്ഞുകയറുകയാണ്.
അവന്‍ ഓടി.
അയല്‍രാജ്യത്തിന്‍റെ കാവല്‍പ്പുര ആളികത്തുകയാണ്.
അതിനകത്ത് നാസര്‍ഹുസൈന്‍റെ നിലവിളി.
അവന്‍ തിരിഞ്ഞു നോക്കിയില്ല.
അവനു മുന്നില്‍ അപ്പോള്‍ ഭൂഖണ്ഡങ്ങളുമില്ല, നിയന്ത്രണരേഖയുമില്ലായിരുന്നു.
കൃത്യനിര്‍വ്വഹണത്തിലെ പാളിച്ച.
സൈന്യത്തിന്‍റെ തടവില്‍ കുറച്ചുകാലം.
പിന്നെ പിരിച്ചുവിടല്‍.
ജീവിതം ശൂന്യമായി.

ഒക്ടോബര്‍ മാസത്തിലെ ഒരുനാള്‍ ഉച്ചനേരത്ത് വീശിയ കൊടുങ്കാറ്റില്‍ എന്‍റെ മുറിയുടെ ചില്ലുജാലകത്തിന് മുന്നില്‍നിന്നും നഗരം അപ്പാടെ അപ്രത്യക്ഷമാവുകയോ എന്നന്നേക്കുമായി ഇല്ലാതായി തീരുകയോ ചെയ്തു. നഗരത്തെ മുഴുവനായും വിഴുങ്ങിത്തീര്‍ക്കുകയായിരുന്നു, വിശന്നുവലഞ്ഞെത്തിയ ചെന്നായയെപോലെ ഒക്ടോബറിലെ കൊടുങ്കാറ്റ്. ഞാന്‍ ആത്മഹത്യയുടെ കത്തിമുനയില്‍ ജീവനെ കോര്‍ത്തിടുകയാണ്.
കത്തി ഞരമ്പിലൂടെ തെന്നി നീങ്ങി. ഹൃദയമൊന്ന് പിടഞ്ഞു. ഞരമ്പുമുറിഞ്ഞ് ചോര ഒലിച്ചിറങ്ങുമ്പോള്‍ മഴയെ സ്വപ്നം കാണുകയും മഴയുടെ മുഖമുള്ള മാലാഖയുടെ സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്തു.


കൊടുങ്കാറ്റ് തച്ചുതകര്‍ത്ത നഗരത്തിന്‍റെ അവശിഷ്ടങ്ങളിലേക്ക് അവസാനമായി നോക്കി.
മഴ പെയ്തു തുടങ്ങി.
മഴയിലൂടെ ഒരു അമ്മയും കുഞ്ഞും നടന്നു വരുന്നതു കണ്ടു.
കൃഷ്ണപ്രസാദ് വെട്ടിമുറിച്ച ഞരമ്പുകളില്‍ അമര്‍ത്തിപിടിച്ച് ചോര ഒഴുകുന്നത് തടയാന്‍ ശ്രമിച്ചു.
പിന്നെ ജനാലയ്ക്കരികെ അവശതയോടെ നടന്നുചെന്നു നോക്കി.
കുട്ടിയുടെ കൈപിടിച്ച അമ്മ തന്‍റെ താമസസ്ഥലത്തിന് നേരെയാണ് വരുന്നത്.
കൃഷ്ണപ്രസാദ് അവരെ തിരിച്ചറിഞ്ഞു.
വേഗം അവന്‍ തുണിചീന്തിയെടുത്ത് കയ്യില്‍ വരിഞ്ഞുകെട്ടി വെളിയിലേക്ക് ഓടിച്ചെന്നു.
ധന്യ ഓടിവന്ന് അവനെ ചുറ്റിപിടിച്ചു.
ഒരിക്കലും ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന് വിചാരിക്കാത്ത ഒരാളെ നേരില്‍ കണ്ടപ്പോഴുണ്ടായ സങ്കടവും സന്തോഷവുമെല്ലാം അവളുടെ കരച്ചിലില്‍ ഉണ്ടായിരുന്നു.
കൃഷ്ണപ്രസാദ് അവളെ ചേര്‍ത്തുപിടിച്ച് ഏറെ നേരം നിന്നു.
കൊച്ചുപെണ്‍കുട്ടി ഇതൊക്കെ നോക്കി ദൂരെ നില്‍ക്കുകയായിരുന്നു സംശയത്തോടെ.
അവന്‍ ധന്യയെ വിട്ട് ആ കുട്ടിയുടെ അരികിലേക്ക് നീങ്ങി.
അവളേയും ചേര്‍ത്തു പിടിച്ചു.
കൃഷ്ണപ്രസാദിന്‍റെ കൈകളിലെ ചോര ധന്യയുടെ ദേഹത്തും ആ കുഞ്ഞിന്‍റെ ശരീരത്തിലും പുരണ്ടിരുന്നു.

മരണത്തിന്‍റെ ഊടുവഴികളിലൂടെ പ്രണയവുമായി അവര്‍ വീണ്ടും ജീവിതത്തിലേക്ക്, ചെറിയ ചെറിയ തെറ്റുകളോടെ വലിയ ശരികളിലേക്ക് നടന്നു നീങ്ങി..( END)
 




2018 ഡിസംബർ 5, ബുധനാഴ്‌ച

ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന

ഇതൊന്നു വായിച്ചു നോക്കിയേ, ഞാൻ എഴുത്യദാ. നക്ഷത്ര നോട്ട് പുസ്തകവുമായി അരികിലേക്ക് വന്നു. എന്താന്ന് എഴുതിക്കൂട്ടിയിരിക്കുന്നതെന്ന് ഞാൻ നോട്ട് ബുക്ക് വാങ്ങിച്ചു നോക്കി. ഓഹോ കവിതയാണോ. കൊള്ളാലോ. ഞാൻ വായിച്ചു നോക്കി. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം എന്നു തുടങ്ങി അഞ്ചെട്ടുവരികൾ സ്റ്റൈലായി എഴുതി വച്ചിരിക്കുന്നു. ഞാൻ അവളെ തറപ്പിച്ച് നോക്കി. ഇത് ഓയെൻവി കുറുപ്പ് എഴുതിയതല്ലേ? ഞാൻ നെറ്റി ചുളിച്ചു. അല്ല, ഞാൻ എഴുത്യതാന്ന്. നക്ഷത്ര കനപ്പിച്ച് പറഞ്ഞു. എനക്ക് തെറ്റിപ്പോയോന്ന് നോക്കി. ഇല്ല, സംഗതി ഓയെൻ വീടെതന്നെ. ഇത് ഞാൻ എഴുതിയദാന്ന് കണ്ടാൽ അറിഞ്ഞൂടെ? തിരിച്ചൊരു ചോദ്യം. സംശയമുണ്ടെങ്കിൽ അമ്മയോട് ചോദിച്ച് നോക്ക് ! നക്ഷത്ര മുഖം വീർപ്പിച്ചു. ബെസ്റ്റ് ! ചോദിക്കാൻ പറ്റിയ ആള് ! മോളെ ഇത് മലയാളത്തിലെ പ്രശസ്ത കവിയായ ഒ.എൻ.വി. കുറുപ്പിന്റെ പ്രശസ്തമായ കവിതയാണ്. ഞാൻ ദയനീയമായി വിശദീകരിച്ചു. അപ്പോഴേക്കും സുമ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നു. എന്താ തർക്കം? അവൾ ചോദിച്ചു. അമ്മേ ഇത് ഞാൻ എഴുത്യദ് അല്ല പോലും ! നക്ഷത്ര പരാതിപ്പെട്ടു. ഇത് ഓള് എഴുത്യതാണ്, എഴുതുന്നത് ഞാൻ കണ്ടതുമാണ്. സുമ അറിയിച്ചു. ഞാൻ രണ്ടു പേരേയും മാറി മാറി നോക്കി, തല ചൊറിഞ്ഞു. ഇത് ഒ.എൻ.വീടെ കവിതയാണ്. ഞാൻ സമാധാനപരമായി പറഞ്ഞു നോക്കി. അല്ല, ഇപ്പൊ ഞാൻ എഴുതിയതാണ്. നക്ഷത്ര വിടുന്നില്ല. അവൾ ആലോചിച്ച് എഴുതുന്നത് ഞാൻ കണ്ടതാണല്ലോ. സുമ ന്യായീകരിച്ചു.ഇതിന് മോഷണം എന്നു പറയും. വേറൊരാൾ എഴുതിയത്, എന്റെ യാന്ന് പറയുന്നത് നല്ലതല്ല. ഞാൻ പറഞ്ഞു കൊടുത്തു. ഞാൻ എവിടേം നോക്കാതെ മനസില് ആലോചിച്ച് എഴുതിയതാണ്. നക്ഷത്ര ന്യായീകരിച്ചു.ഞാൻ ഒടുവിൽ ഓ എൻ വി കവിത പുസ്തകമെടുത്ത് നിവർത്തി കാണിച്ചു കൊടുത്തു. ഇത് കണ്ടാ ഇവൾ എഴുതിയ കവിത. രണ്ടും ഏകദേശം ഒരു പോലെയുണ്ട്. സുമ പറഞ്ഞു. ഏകദേശം അല്ല, കംപ്ലീറ്റ് സെയിം ആണ്. ഞാൻ തറപ്പിച്ച് പറഞ്ഞു. ഞാൻ ഇതില് നോക്കി എഴുതീട്ടില്ലല്ലോ. നക്ഷത്ര വിടാൻ ഭാവമില്ല.ഓള് നോക്കി എഴുതിയത് അല്ല, ഞാൻ കണ്ടിട്ടുണ്ട് ആലോചിച്ച് എഴുതുന്നത്. സുമ പറഞ്ഞു. നക്ഷത്ര വേഗം നോട്ട് ബുക്കിന്റെ രണ്ടു പേജ് മറിച്ചു.ദാ ഇത് നോക്കിയേ. ഞാൻ നോക്കി. കുന്നും മലയും തോടും തോണിയുമൊക്കെയുള്ള ചിത്രം. ഇത് ആര് വരച്ച താണെന്നു പറ. അവൾ നോക്കി. നീ വരച്ചത്. ഞാൻ സമ്മതിച്ചു. വേഗം അവൾ  ഒരു മാഗസിനിൽ വന്ന ഫോട്ടോ എടുത്തുകാട്ടി. അവൾ അത് നോക്കി വരച്ചതാണ്. നോക്കി വരച്ചതുകൊണ്ട് ഈ ചിത്രം എന്റെയല്ലാന്ന് പറയുമോ? നക്ഷത്ര ചോദിച്ചു. ഞാൻ താടിക്ക് കൈ കൊടുത്തിരുന്നു.ഒ.എൻ.വീടെ അറിയപ്പെടുന്ന കവിതയായതുകൊണ്ടാണ് എനിക്ക് എളുപ്പം തിരിച്ചറിയാൻ പറ്റിയത്. വായനക്കാരിലേക്ക് അത്രയൊന്നും എത്തിപ്പെടാനാവാത്ത കവിയുടെ രചനയാണ് പകർത്തപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും തിരിച്ചറിയപ്പെടില്ല. ഞാൻ പിന്നെയൊന്നും മിണ്ടിയില്ല. കുറെ കഴിഞ്ഞപ്പോ നക്ഷത്ര ചിരിച്ചോണ്ട് വന്നു. ഒ എൻ വീയുടെ കവിതാ പുസ്തകം കൈയ്യിലുണ്ട്. ഈ പുസ്തകം ആരുടെയാ? അവൾ ചോദിച്ചു. എന്റേത്. ഞാൻ പറഞ്ഞു. അല്ല ഒ എൻ വീടെയാണ്.. അവൾ തറപ്പിച്ച് പറഞ്ഞു. ഒ എൻ വീടെ കവിതാ പുസ്തകം ഞാൻ പൈസ കൊടുത്ത് വാങ്ങിയത്. ഞാൻ അറിയിച്ചു. അപ്പൊ കവിത ഒ എൻ വീടെയോ അച്ഛന്റെ യോ? അവൾ ചോദിച്ചു. ഓടിക്കോ എന്റെ മുമ്പീന്ന്..ങ്ഹാ..

2018 നവംബർ 25, ഞായറാഴ്‌ച

ഐക്യദാർഡ്യം

രാവിലെ തന്നെ വീട്ടു വാതിൽ ഒരാൾ, കക്ഷത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുരട്ടി നില്പുണ്ടായിരുന്നു. എഴുത്തും തിരുത്തും വേണ്ടുവോളമുള്ളയാളാണ്. ഒറ്റവാക്കിൽ ആളിനെ വിശേഷിപ്പിക്കാൻ പ്രയാസമാണ്. മൂപ്പരുടെ കാര്യത്തിൽ ഒറ്റ വാക്ക് നമ്മുടെ ഭാഷയിൽ ഇല്ലെന്നത് പരിമിതിയാണ്. എന്തു പറയുമ്പോഴും ഉളുപ്പും നാണവും ഇല്ലാന്നുള്ളതാണ് ആളിന്റെ പ്രത്യേകത. എവിടെയോ പോയി തിരിച്ചു വരുന്ന വഴിക്ക് വീട്ടിൽ കയറിയതാണ്. എവിട്യാന്ന് ചോദിച്ചപ്പോ കോഴിക്കോട്ട് മാതൃഭൂമീല് സുഭാഷ് ചന്ദ്രനെ കാണാൻ പോയതാണെന്നു പറഞ്ഞു. ഞാൻ അടിമുടി നോക്കി. കഴിഞ്ഞയാഴ്ച വരെ കമൽ റാമിന് ഇങ്കിലാവ് വിളിച്ചയാളാണ്. കമൽറാം പോയതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വർഗ്ഗീയ ഫാസിസ്റ്റുകളുടെ കൈകളിൽ എത്തിച്ചേർന്നൂന്ന് പറഞ്ഞ് ബസ് സ്റ്റാന്റ് പരിസരത്തെ ആൾക്കൂട്ടത്തിനു മുമ്പിൽ ഘോര ഘോരം പ്രസംഗിച്ചയാളാണ്. മാതൃഭൂമീല് ഇനി എഴുതില്ലാന്ന് പറഞ്ഞ എഴുത്തുകാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചയാളാണ്. ദാ ഇപ്പൊ അയാൾ പുതിയ ആഴ്ചപതിപ്പ് കക്ഷത്തിൽ നിന്നും എടുത്തു നിവർത്തി, നന്നായിട്ടുണ്ട് അല്ലേ എന്നൊരു ചോദ്യം. സുഭാഷ് ചന്ദ്രൻ ഇറക്കിയ ആദ്യ ലക്കം ഗംഭീരമാക്കീട്ടുണ്ട്. അയാൾ ഉറപ്പിച്ചു പറഞ്ഞു. എം ടി ഇരുന്ന കസേരയിൽ സുഭാഷ് ചന്ദ്രൻ ഇരിക്കുമ്പോ, എനിക്ക് തോന്നിയത് എഴുത്തുകാരൻ തന്നെ എഡിറ്ററായിട്ട് വരുന്നതാണ് നല്ലതെന്ന്‌. അയാൾ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചത്, അയാൾ കമൽറാമിന്റെ പേര് വെട്ടികളഞ്ഞിരിക്കുന്നു!! ഞാൻ ചിരിച്ചു.. ഇത്രയൊക്കെയേ ഉള്ളൂ!
November 14 

മുടിവെട്ടുകാരൻ

അയ്യേ നീ ഇപ്പഴും മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ചോണ്ടിരിക്കുകയാന്നോ, കഷ്ടം തന്നെ ! ഞങ്ങളൊക്കെ മാതൃഭൂമി വായന നിർത്തി ട്ടാ. നീയൊക്കെ എന്തു കോപ്പിലെ എഴുത്തുകാരനാണ് ഡാ! കമൽറാം സജീവ് രാജി കത്ത് എഴുതി പുല്ലുപോലെ വലിച്ചെറിഞ്ഞ് പോയത് കണ്ടിനോടാ നീ? ആണുങ്ങളങ്ങനെയാണ് കേട്ടാ. എഡിറ്ററു പോയപ്പോ പിന്നാലെ അതിപ്രശസ്തരായ എഴുത്തുകാര് എഴുത്ത് നിർത്തി പിന്നാലെ പോയത് ശ്രദ്ധിച്ചാ.വേണ്ടാ, ഇടേല് കയറി എടങ്കോലിടുന്ന വർത്തമാനം പറയണ്ട. കമൽറാമിന് ഒരു നിലപാടുണ്ട്. അയാൾക്ക് പിന്നാലെ പോയവർക്കും നിലപാടുണ്ട്. തനിക്കെന്താ ഉള്ളത്? ങ്ങ്ഹേ! കഷ്ടപ്പാടു മാത്രമേ ഉള്ളൂന്നോ? വേണ്ടാ, കാര്യം പറയുമ്പോ ഞഞ്ഞാമിഞ്ഞ പറയരുത് അത് എനക്ക് ഇഷ്ടമല്ല. കമൽറാമിനേം ഹരീഷിനേം പിന്താങ്ങാത്തവരൊക്കെ ഫാസിസ്റ്റുകളും കാവി രാഷ്ട്രീയക്കാരുമാണ്. ഇല്ലില്ലാ ഞാൻ രാഷ്ട്രീയം പറയുന്നില്ല. പ്രഭാവർമ്മയുടേയും എസ്.ജയചന്ദ്രൻ നായരുടേയും കാര്യം ഇപ്പൊ പറയണ്ട. അത് വേറെ നിലപാടാണ് കേട്ടാ.രണ്ടും കൂട്ടികുഴയ്ക്കരുത്. ജയചന്ദ്രൻ നായർ മലയാളത്തിൽ നിന്നും പുറത്തേക്ക് പോയ പോലെയല്ല കമൽറാം മാതൃഭൂമീന്ന് പോയത്. എന്നാലും ചെറിയ സങ്കടം ണ്ട് ! എന്തിനാണെന്നോ? പ്രമോദ് രാമന്റേം ഹരീഷിന്റേം റഫീഖിന്റേം വിനയ് തോമസിന്റെയും രചനകൾ ഇനി മാതൃഭൂമീല് കാണാൻ പറ്റില്ലല്ലോന്ന്! ഇനി അവര് എഴുത്യ ഉടൻ ഡി.സി പുസ്തകമടിച്ച് ഇറക്വായിരിക്കും അല്ലേ?നീ എന്താ പൊട്ടനെ പോലെ നോക്കി നിൽക്കുന്നത്? എന്താ പിറുപിറുത്തത്, ഞാൻ കേട്ടു. ബാർ ഷോപ്പിലെ മുടിവെട്ടുകാരൻ സോമനെ അതിന്റെ മുതലാളി കടയിൽ നിന്നും പുറത്താക്കിയതിന് നീ എന്തിനാ സ്വന്തം മുടി വെട്ടാത്തത്? ഓഹോ! നമുക്കിട്ട് വെച്ചതാണ് അല്ലേ... ഉം. നിനക്ക് വെച്ചിട്ടുണ്ട്!!
November 8

നരകാസുരൻ

എന്തായാലും ഇന്ന് ദീപാവലിയല്ലേ, അതേ പറ്റി രണ്ട് വാക്ക് സംസാരിച്ച് കളയാമെന്ന് വിചാരിച്ചാണ് ടീവീടെ മുന്നിലിരിന്ന് അനിമേഷൻ സിനിമ ഏതോ കണ്ടിരിക്കുന്നവളെ പിടിച്ച് ഡിസ്കഷൻ ടേബിളിലേക്ക് കൊണ്ടുവന്നത്. ഞാൻ ദീപാവലിയെ കുറിച്ച് വിജ്ഞാനപ്രദമായ കാര്യങ്ങൾ പറയാൻ പോവുകയാണ്. ഒരു മുന്നറിയിപ്പു പോലെ അറിയിച്ചു.അവൾ ദയനീയമായി നോക്കി. നമ്മൾ എന്തിനാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് അറിയുമോ? ഞാൻ ചോദിച്ചു. അതിന് നമ്മള് എപ്പഴാ ദീപാവലി ആഘോഷിച്ചത്, ഒര് സ്വീറ്റ്സ് വാങ്ങി തരാൻ പറഞ്ഞപ്പോ എന്തൊക്കെയാ പറഞ്ഞത്.. ബേക്കറി സാധനങ്ങൾ തിന്നരുത് ശരീരത്തിന് ദോഷം എന്നൊക്കെയായിരുന്നല്ലോ പറച്ചിൽ... എന്നാല് പുതിയ ഡ്രസ്സ് വേണം ന്ന് പറഞ്ഞപ്പോ എന്ത് ദീപാവലി., അതൊന്നും നമ്മുടെ ആഘോഷമല്ല ഉത്തരേന്ത്യക്കാരുടെയാണെന്നൊക്കെയല്ലേ പറഞ്ഞത്. അവൾ ചെറു പ്രസംഗം നടത്തി. സംഗതി പന്തികേടാണെന്നു മനസിലായി. ശരി, ഞാൻ നിർത്തി. അവൾ തിരിച്ച് ടി വീടെ മുന്നിൽ റിമോട്ടും പിടിച്ച് ഇരിപ്പായി. ഞാൻ അടുക്കളയിലേക്ക് ചെന്നു. അവിടെ ഒരു കഥ പറച്ചിലിനുള്ള സ്കോപ്പുണ്ടെന്ന് മനസിലായി. നീ പി.എസ്.സി എക്സാമൊക്കെ പല തവണ എഴുതി എട്ടു നിലയിൽ പൊട്ടിയവളല്ലേ, ദീപാവലിയുടെ പ്രാധാന്യമെന്താണ്?ഞാൻ ചോദിച്ചു. ഓ നമ്മൾക്കൊക്കെ എന്ത് പ്രാധാന്യം! എന്ത് ആഘോഷായാലും അടുക്കളയിൽ വട്ടം കറങ്ങേണ്ടത് ഞാനല്ലേ.. നിങ്ങളോ മോളോ ഒര് ഹെൽപ്പ് കൂടി ചെയ്യില്ല. അവൾ പതിവ് രീതിയിലുള്ള ആശയസംവാദം തുടങ്ങി.ദാ പറ്റിയാൽ അര മുറി തേങ്ങയൊന്നു ചിരവിത്തരൂ.. അവൾ ആവശ്യപ്പെട്ടു. ഇതൊരു മാതിരി ചക്കപ്പ ശയിൽ ചവിട്ടിയ പോലെ ആയല്ലോ! ഇനി മുടന്തൻ ന്യായങ്ങളൊന്നും വിലപ്പോവില്ല. ചെരവലും ദൈവവചന പ്രഘോഷണവും ഒരുമിച്ചാവാമെന്നു തീരുമാനിച്ചു.സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന വേളയില്‍ കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്. അറിയുമോ? ഞാൻ ചോദിച്ചു. വായിച്ചതായി ഓർമ്മയുണ്ട്. അവൾ പറഞ്ഞു. അതിരിക്കട്ടെ, നരകാസുരനെ അറിയുമോ? ഞാൻ പെട്ടെന്ന് അബദ്ധത്തിൽ ചോദിച്ചു പോയി. അങ്ങനെയായിരുന്നില്ല ചോദിക്കേണ്ടിയിരുന്നത്. അവൾ ചോദ്യം കേട്ട് ചിരിച്ചു, പത്ത് - പതിനഞ്ച് വർഷായില്ലേ ഒന്നിച്ച് താമസിക്കുന്നത്, അറിയാണ്ടിരിക്കോന്ന് തിരിച്ച് ഒരു ചോദ്യം. വേണ്ടായിരുന്നു.ഇവിടെയാർക്കും ഒര് കുന്തവുമറിയില്ല. വിശ്വാസികളാണത്രെ വിശ്വാസികൾ. ഞാൻ ഒച്ചയിട്ടു. ടീവി കണ്ടു കൊണ്ടിരിക്കുന്ന പുത്രി പ്രത്യക്ഷപ്പെട്ടു. എന്താന്ന് ഇവിടെ ബഹളം ? അവൾ ചോദിച്ചു. മോളെ അച്ഛൻ ചോദിക്കുന്നു നിനക്ക് നരകാസുരനെ അറിയുമോന്ന് .. ചോദ്യത്തിന് ഉത്തരമായി പുത്രിയുടെ ആലോചനാഭാവം. ഞാൻ രണ്ടു പേരേയും മാറി മാറി നോക്കി. എനിക്ക് വല്യ പരിചയമൊന്നുമില്ല, കേട്ടിട്ടൊക്കെയുണ്ട്. ശരിക്കും ആരാണച്ഛാ? മകൾ ചോദിച്ചു. നിന്റെ അമ്മേടെ നായര് ! ഞാൻ വ്യക്തമാക്കി... അടിക്കുറിപ്പ്: നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം
November 6

ഭാഷാസ്നേഹി

പഠനമുറിയിൽ നിന്നും പതിവില്ലാത്ത വിധം ഭാഷാ സ്നേഹം ഒഴുകിയെത്തിയപ്പോൾ ഞാൻ എത്തി നോക്കി. " മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ് " . അവൾ എന്നെ നോക്കി.
കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കേരളപ്പിറവി ദിനത്തിലെ പ്രതിജ്ഞയാണ്. ഞാൻ മെല്ലെ പിൻവാങ്ങി. അധികനേരം കഴിഞ്ഞില്ല, ഭാഷാസ്നേഹി മുന്നിലെത്തി. എന്താന്ന്? ഞാൻ ചോദിച്ചു. ക്ലാസില് ചെറു പ്രസംഗം നടത്തണമത്രെ. നടത്തിക്കോ, ഒന്നിനും ഞാൻ എതിരല്ല. സ്ത്രീ സമത്വത്തിന് ഞാൻ എതിരല്ല.കുറച്ച് പോയന്റുകൾ പറഞ്ഞ് തന്ന് സഹായിക്കണമെന്നാണ് ആവശ്യം. ഈ പോയന്റുകള് എത്ര ഫുൾ സ്കാപ്പില് വേണം? ഞാൻ അന്വേഷിച്ചു. ഫുൾ കോപ്പ് വേണ്ട ഹാഫ്മതീന്ന് വ്യക്തമാക്കി. രാഷ്ട്രീയം ആവാമോ? മതം ആവാമോ? രണ്ടും പാടില്ലത്രെ! മലയാളം ഭാഷയിൽ മതവും രാഷ്ട്രിയവും കലർത്തണ്ടാന്ന് മുന്നറിയിപ്പ് കിട്ടി. മലയാള ഭാഷയുടെ പിതാവാരാണെന്ന് അറിയുമോ? ഞാൻ പെട്ടെന്ന് ഒരു ചോദ്യം ഉന്നയിച്ച് വിരട്ടാൻ നോക്കി. ആലോചിക്കാൻ സമയമെടുക്കാതെ, കുഞ്ചൻ നമ്പ്യാർ എന്ന് ഉത്തരം പറഞ്ഞു. ഞാൻ കണ്ണു മിഴിച്ചു. ഭാഗ്യം പ്രശാന്ത് നമ്പ്യാർ എന്നു പറയാഞ്ഞത്. തെറ്റു മനസിലാക്കി അവൾ എളുപ്പം തിരുത്തുകയും ചെയ്തു. കുഞ്ചത്ത് രാമായണൻ എഴുത്തച്ഛൻ.. ഉം തുഞ്ചനേം കുഞ്ചനേം അവൾ ഒന്നാക്കി. എന്റെ അറിവ് വച്ച്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് ഭാഷാപിതാവിന്റെ പേര്. ങ്ങ്ഹാ അങ്ങനേം പറയാം. അവൾ അലസമായി പറഞ്ഞു. ഇനി ഭാഷാ മാതാവ് ആരാണെന്ന് പറ. ഞാൻ തമാശമട്ടിലാണ് ചോദിച്ചതെങ്കിലും അവൾ ഗൗരവത്തിൽ തന്നെ ഉത്തരം നൽകി - ഉണ്ണിയാർച്ച.. ഞാൻ നടുങ്ങിപ്പോയി. ഇത്ര പ്രതീക്ഷിച്ചില്ല. ഞാൻ നിന്റെ മാതാവ് ആരാണെന്നല്ല ചോദിച്ചത് !! എന്തായാലും തർക്കത്തിന് നിന്നില്ല. നമുക്ക് മലയാള ഭാഷേടെ ഉല്പത്തിയെ കുറിച്ച് ചർച്ച ചെയ്യാം. എന്നാ അങ്ങനെയാവട്ടെന്ന് അവൾ. വാഴപ്പള്ളിശാസനം ന്ന് കേട്ടിട്ടുണ്ടോ? ഇല്ല അല്ലേ.. ശാസനം ന്ന് പറഞ്ഞാ inscription.. പണ്ട് കാലത്ത് പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കുത്തി കുറിച്ച് വെക്കുക, കല്ലിലും തകിടിലുമൊക്കെയാണ്. ഏകദ്ദേശം ഒര് 1200 കൊല്ലങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതായി കരുതുന്ന ഒരു ശാസനം നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വാഴപ്പള്ളി ശിവക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള തലവനമoത്തിൽ നിന്നുമാണ് കിട്ടിയത്. അതിലെഴുതിയിരിക്കുന്നത് എന്താണെന്നു വച്ചാൽ തിരുവാറ്റവായ്, വാഴപ്പള്ളി ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ രാജാവായ ചേരമാൻ പെരുമാളിന് നൂറ് ദിനാർ വീതം നൽകണം എന്നാണ് ചുരുക്കം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. തൈ പൂയ നാളിൽ ഉച്ചപൂജയ്ക്ക് മുമ്പ് ഈ പിഴ നൽകിയിരിക്കണം. ഇതിലും പിഴവ് വരുത്തിയാൽ ഇരട്ടപ്പിഴയാണ് നൽകേണ്ടത്. ചേരന്മാരും ചോളന്മാരും പാണ്ഡ്യന്മാരും എന്നൊക്കെ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളും. പണ്ട് കേരളമൊന്നുമല്ല, ചേരനാടും ചോള നാടുമൊക്കെയാണ്. ഈ ചേരനാട്ടിലെ രാജശേഖരന്റെ ഭരണകാലത്തേതെന്ന് കരുതപ്പെടുന്ന ശാസനമാണിത്. അന്ന് പ്രചാരത്തിലുണ്ടായിരുന്നത്, തമിഴും മറ്റ് ഭാഷകളുമാണ്. ഇതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞാ മലയാളം ഉണ്ടായത്. വാഴപ്പള്ളി ശാസനത്തിലാണ്, ഇതുവരെ കണ്ടെടുക്കപ്പെട്ട മലയാളത്തിന്റെ സ്വത്വഗുണമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഭാഷയുടെ ചരിത്രം ആ ദേശത്തിന്റെ ചരിത്രവും, ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവുമായി തീരുന്നു. അക്കാദമിക്കലായി ഭാഷയുടെ ഉല്പത്തിയായി പരിഗണിക്കപ്പെടുന്നത് അത് എഴുതപ്പെട്ട കാലവുമായി ബന്ധപ്പെടുത്തിയാണ്. അങ്ങനെ നോക്കുമ്പോൾ വാഴപ്പള്ളിശാസനം എഴുതപ്പെട്ട AD 832 ലാണ് മലയാള ഭാഷയുടെ തുടക്കമായി പറയപ്പെടുന്നത്. വാമൊഴികൾ അതിനു മുമ്പേ കാണും. കോട്ടയ ജില്ലയിൽ, ചങ്ങനാശ്ശേരിതാലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു പെരുമാക്കന്മാരുടെ ഭരണകാലത്ത് ഭരണപരമായ തീരുമാനങ്ങളൊക്കെ കൈക്കൊണ്ടിരുന്നത്. മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കണക്കാക്കപ്പെടുന്നത് ഏതാണ്, ആര് എഴുതിയതാണെന്ന് അറിയുമോ? ഞാൻ ചോദിച്ചു. ഒര് മീര എഴുതിയ ആരാച്ചാര് എന്ന ബുക്ക് ആ ഷെൽഫിൽ കണ്ടല്ലോ, അതാണോ? അവൾ വെറുതെ ഒരു സംശയം ചോദിച്ചെന്നേയുള്ളൂ. ഞാൻ ബംഗാളി ഭാഷയെ പറ്റിയില്ല ഇവിടെ പറയുന്നത്, മനസ്സിലായോ? ഞാൻ ഭയപ്പെടുത്തി. ചീരാമൻ എഴുതിയ രാമചരിതം എന്ന സാഹിത്യ കൃതിയാണ് ഞാൻ ഉദ്ദേശിച്ചത് കേട്ടാ. അവൾ മുഖം ചുളുക്കി. എന്നിട്ട്, മലയാളമാന്ന് എന്റെ ഭാഷ. ഭാഷ എന്റെ വീടും ആകാശവും ഞാൻ കാണുന്ന നക്ഷത്രവും കാറ്റും കുളിർ വെള്ളവുമാണ് എന്നു കടുപ്പിച്ച് പറഞ്ഞു കൊണ്ട് പഠനമുറിയിലേക്ക് തിരിച്ചു പോയി 
October 31

ജോർജ്ജ് സ്റ്റിനി ജൂനിയർ

അച്ഛാ, സീര്യസ്സായിട്ട് എന്തെങ്കിലും പറ. എപ്പഴും ചളപുളാന്ന് എന്തെങ്കിലും പറഞ്ഞിട്ട് വല്യ പ്രയോജനമൊന്നും ഇല്ലല്ലോ. രാഷ്ട്രീയം കുറച്ച് ദിവസത്തേക്ക് മിണ്ടിപ്പോവരുത്. നക്ഷത്രയുടെ വിരട്ടൽ അങ്ങനെയായിരുന്നു. ആറാം ക്ലാസിലാണെങ്കിലും ഡിഗ്രി ലെവലിലാണ് സംസാരം.ഓഹോ അങ്ങനെയാണോ, എന്നാലേ സീര്യസ്സായിട്ട് ഒരു സംഭവം പറയാം, ഇടയിൽ ഓടിപ്പോവരുത്. ഞാൻ മുന്നറിയിപ്പ് നൽകി. പറയുന്നത് മുഴുവൻ കേട്ടിട്ടേ പോവൂന്ന് നക്ഷത്ര പറഞ്ഞു. എന്നാ ശരി ദാ കേട്ടോളൂ. പഴയ സംഭവമാണ്. പതിനാല് വയസുള്ള ആഫ്രോ-അമേരിക്കൻ ബാലന്റെ കഥ. ആ കുട്ടീടെ പേര് ജോർജ്ജ് സ്റ്റിനി ജൂനിയർ. അമേരിക്കയിൽ സൗത്ത് കരോലിനയിലെ അല്കോലു ന്ന് പേരായ സ്ഥലത്ത് താമസം. അതൊരു മിൽടൗണാന്ന്. ജോർജ്ജ് സ്റ്റിനീടെ അച്ഛൻ സോമില്ലിലെ തൊഴിലാളിയായിരുന്നു. അവന് ജോൺ, ചാൾസ് , കാതറീൻന്ന് പേരായ സഹോദരങ്ങളുമുണ്ട്. ജോർജ്ജ് സ്റ്റിനി അവർക്കിടയിലെ കൊച്ചു വികൃതിയുമായിരുന്നു. അൽക്കോലുവിൽ ഒരു റെയിൽവേ ലൈനുണ്ട്. അപ്പുറത്തെ സൈഡിൽ വെള്ളക്കാരും ഇപ്പുറത്ത് കറുത്ത വർഗ്ഗക്കാരുമാണ് താമസം. ഒരു ദിവസം, മാർച്ച് മാസത്തിൽ സഹോദരിയുമൊന്നിച്ച് ജോർജ്ജ് സ്റ്റെനി നടന്നു പോവുമ്പോ രണ്ട് പെൺകുട്ടികൾ സൈക്കിളിൽ പൂവുകൾ തേടി പോവുന്നത് കണ്ടു. മെയ് പോപ്പീന്ന് പേരുള്ള പൂവുകൾ അന്വേഷിച്ചാണ് അവരുടെ യാത്ര. ബെറ്റി ജൂൺ ബെനിക്കർ (11), മേരി എമ്മ തോമസ് (7) എന്നിവരാണ് ആ കുട്ടികൾ. അവർ പൂവിനെ കുറിച്ച് അവരോട് തിരക്കിയിരുന്നു.. ജോർജ്ജ് സ്റ്റിന്നി പിന്നെ വീട്ടിൽ തിരിച്ചെത്തി. വൈകീട്ടായപ്പോ ഒരു വെള്ളക്കാരിയായ സ്ത്രീ വന്നു പറഞ്ഞു ,ഈ രണ്ട് കുട്ടികളേയും കാണാനില്ലാന്ന്. പോലീസിൽ പരാതി കൊടുത്തു. പോലീസ് അന്വേഷണമായി. അപ്പൊ അടുത്തൊരു ചതുപ്പിൽ ഈ കുട്ടികളുടെ ശവശരീരം കണ്ടെത്തുന്നു. അതൊരു കൊലപാതകമായിരുന്നു. ഈ പെൺകുട്ടികളെ അവസാനമായി കണ്ടത് ജോർജ്ജ് സ്റ്റിന്നിയായിരുന്നു. അവനെ തേടി പോലീസുകാര് എത്തി. നീ തന്നെയാണ് അവരെ കൊന്നതെന്നു പറഞ്ഞ് അവനെ പിടിച്ചുകെട്ടി കൊണ്ടുപോയി. സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്യൽ. അതു കഴിഞ്ഞ് കുറ്റം അവന്റെ തലയിൽ വെച്ചു കെട്ടി.
കോടതീല് ഹാജരാക്കി. ഒരു തെളിവും കൂടാതെ ജോർജ്ജ് സ്റ്റിന്നി കുറ്റക്കാരനാണെന്ന് വിധിച്ചു. പത്തെൺപത് ദിവസത്തോളം തടവറയിൽ..
അച്ഛനേയോ അമ്മയേയോ കാണാതെ അവൻ ദിവസങ്ങൾ കഴിച്ചുകൂട്ടി. അവന് വിധിച്ച ശിക്ഷയെന്താണെന്നോ.. മരണം തന്നെ. ഇലക്ട്രിക് ചെയറിൽ ഇരുത്തിയുള്ള ശിക്ഷ. മരണശിക്ഷ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. അപ്പീലൊക്കെ പോയെങ്കിലും വെള്ളക്കാരായ ജഡ്ജിമാര് ഒരു അനുകമ്പയും കാട്ടിയില്ല. 1944 ജൂൺ 16ന് ജോർജ്ജ് സ്റ്റിന്നിയെ അവർ ഇലക്ട്രിക്കസേരയിൽ കൊണ്ടു ചെന്നിരുത്തി. എന്താ സംഭവിക്കുകാന്ന് അവന് ഒട്ടും അറിയില്ലാരുന്നു. ശരീരത്തിൽ ഇലക്ട്രിക് റോഡ് ഘടിപ്പിച്ചു. അവൻ കൗതുകത്തോടെ എല്ലാം നോക്കി. എന്താ സംഭവിക്കുക? അവർ സ്വിച്ച് ഓൺ ചെയ്തു. ജോർജ്ജ് സ്റ്റിന്നിയുടെ ശരീരത്തിലൂടെ ഹൈവോൾട്ടേജ് പാസ്സായി. നിമിഷ നേരം കൊണ്ട് അവന്റെ ശരീരം കരിഞ്ഞുപോയി. കഥ പറയാൻ പറഞ്ഞത് അബദ്ധായി പ്പോയിന്ന് നക്ഷത്രയുടെ മുഖം കണ്ടപ്പോ മനസിലായി. ഞാൻ തുടർന്നു. പത്തെഴുപത് വർഷങ്ങൾക്ക് ശേഷം ഇതേ കേസ് പുന:രന്വേഷണം നടത്തി. ഒടുവിൽ കണ്ടെത്തിയ സത്യം എന്താന്ന്? ജോർജ്ജ് സ്റ്റിന്നി കുറ്റമൊന്നും ചെയ്തിട്ടില്ല. അവൻ നിരപരാധിയാണത്രെ! കൊല ചെയ്തയാൾ, അയാളുടെ വാർദ്ധക്യകാലത്ത് മരണ കിടക്കയിൽ വച്ച് പറഞ്ഞുവത്രെ, താനാണ് ആ കുട്ടികളെ ആക്രമിച്ചതും കൊലപ്പെടുത്തിയതും. അങ്ങനെ ജോർജ്ജ് സ്റ്റിന്നിനെ മൂന്നു നാല് കൊല്ലങ്ങൾക്കു മുമ്പ് കുറ്റവിമുക്തനാക്കി കൊണ്ട് പ്രഖ്യാപനം വന്നു... ജോർജ്ജ് സ്റ്റിനി ജൂനിയർ നിരപരാധി. ഞാൻ പറഞ്ഞു നിർത്തി. നക്ഷത്ര മിഴിച്ച് നോക്കിയിരുന്നു. ഇലക്ട്രിക് ചെയറിലിരുന്നു പിടഞ്ഞ് മരിക്കുന്ന ജോർജ്ജ് സ്റ്റിന്നി, അവളുടെ ഉറക്കം കെടുത്തുമെന്ന് എനിക്കറിയാം.അച്ഛൻ പൊട്ടത്തരങ്ങൾ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്തോ. ഇമ്മാതിരി കഥയൊന്നും ഇനി വേണ്ടാന്ന് പറഞ്ഞ് നക്ഷത്ര എണീറ്റ് പോയി. october 28

ശംഖ് വരയൻ

ശംഖ് വരയനെ ഞാൻ ഇടവഴിലൂടെ ഇഴഞ്ഞ് പോകുന്നതേ കണ്ടിട്ടുള്ളൂ. എന്നാൽ ആ പേരിലൊരു ജീവി നടന്നു പോവുന്നത് കാണുന്നത് ആദ്യമായാണ്. വിനോദ് മാഷാണ് കാണിച്ചു തന്നത്. പരിചയപ്പെടേണ്ട ആളാന്ന് എന്ന് എന്നോടു പ്രത്യേകം പറഞ്ഞ് കൈ തട്ടി വിളിച്ചു. ശംഖ് വരയൻ നടന്നു വന്നു. എന്താ മാഷെന്ന് പറഞ്ഞ് അരികിലെത്തി ലോഹ്യം പറഞ്ഞു. അടുത്തു നിൽക്കുന്ന എന്നെ ഒന്നു പാളി നോക്കി. ഇദ് ആരാന്ന് എന്ന മട്ടിൽ ശംഖ് വരയൻ വിനോദ് മാഷിനെ നോക്കി. പ്രശാന്ത് ന്നാ പേര്, കൂടെ ഒരു വാലുമുണ്ട്. അതൊഴിച്ചാ വേറെ ഉപദ്രവമൊന്നുമില്ലാന്ന് മാഷ് ശംഖു വരയനെ അറിയിച്ചു.മ്മ്ടെ ആളാന്നോ? ശംഖ് വരയൻ വിനോദ് മാഷിനോട് രഹസ്യായിട്ട് ചോദിച്ചു. നമ്മള് നമ്മുടെ യാളാന്നും മറ്റവർ അവരുടെയാളാന്നും പറയുന്ന തരത്തിലൊരു ഭീകരനൊന്നുമല്ല, അത്യാവശ്യം കടുപ്പത്തിൽ എഴുത്തുണ്ട്. മറ്റ് സിവിൽ കേസോ ക്രിമിനൽ കേസോ ഇല്ല. വിനോദ് മാഷ് എന്നെ ഉപയോഗിച്ച് ശംഖു വരയനെ നേരിടുകയാണെന്നു തോന്നുന്നു. ഇയാളോട് മറ്റെ കാര്യം ചോയിക്കട്ടെ? ശംഖ് വരയൻ മാഷിന്റെ സമ്മതപത്രത്തിന് കാത്ത് നിന്നു.അയ്യോ ഇപ്പൊ വേണ്ട. മാഷ് വിരണ്ടു. ശംഖ് വരയൻ എന്നെ പാളി നോക്കി. എന്നാ ശരി, എനിക്ക് ഒന്നു രണ്ട് പരിചയക്കാരെ കൂടി കണ്ട് സംസാരിക്കാനുണ്ട്, വരാം. അതും പറഞ്ഞ് ശംഖ് വരയൻ നടന്നു പോയി.ഞാൻ വായ പൊളിച്ച് നിൽക്കുകയാണ്. വിനോദ് മാഷ് ചിരിച്ചു. എന്താന്ന് മറ്റെ കാര്യം? ഞാൻ ചോദിച്ചു. ശംഖ് വരയൻ ഒരു സാമൂഹ്യ പരിഷ്കർത്താവാണെന്ന കാര്യം ഞാൻ പറയാൻ വിട്ടു പോയി. പെണ്ണുങ്ങളുടെ ആർത്തവവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് കോടതി വിധി വന്നിട്ടുണ്ടല്ലോ. വിനോദ് മാഷ് ഓർമ്മിപ്പിച്ചു. അതിന്? ഞാൻ നെറ്റി ചുളിച്ചു. നാട്ടിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ പേര് മാഷ് സൂചിപ്പിച്ചു. പിരീഡ്സ് സമയത്ത് അവിടെ സ്ത്രീകളെ കയറ്റാനുള്ള പുരോഗമനാശയം പ്രാവർത്തികമാക്കാനുള്ള ഏർപ്പാടിലാണ് ശംഖ് വരയൻ ഇപ്പൊഴുള്ളത്. വരുന്ന തുലാം പത്തിന് മെൻസസ്സായ പെണ്ണുങ്ങളുടെ ക്ഷേത്രപ്രവേശനം നടത്തുമെന്ന് ശംഖ് വരയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആ നാളിലെ ആർത്തവക്കാരികളെ കണ്ടെത്താനാണ് മൂപ്പര് കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. തുലാം പത്തിന് ഇനി നാല് ദിവസമേ ബാക്കിയുള്ളൂ. ശംഖ് വരയനെ ഇക്കാര്യത്തിൽ സഹായിക്കാനാവുമോന്നാ അയാള് ചോദിച്ചത്. വിനോദ് മാഷ് പറഞ്ഞു. ഞാൻ പരുങ്ങി.മെൻസസ്സായിട്ട് ക്ഷേത്രത്തിൽ കയറാൻ നാട്ടിലെ കുല സ്ത്രീകൾ ഒന്നും തയ്യാറാവുന്നില്ലത്രെ. എന്തായാലും ശംഖ് വരയൻ തോൽക്കാൻ തയ്യാറല്ല. നമ്മളെ നിലപാടിൽ മാറ്റമൊന്നുമില്ല, കുലസ്ത്രീകള് തയ്യാറല്ലെങ്കിൽ കുലത്തിന് പുറത്തു നിന്നും സ്ത്രീകളെ കൊണ്ടുവരുമത്രെ. എന്തായാലും ശംഖ് വരയൻ പോരാട്ടത്തിനു തന്നെയാണ്.തുലാം പത്തിനോ അതിന് മുമ്പ് ആർത്തവം സംഭവിച്ചതോ ആയ സ്ത്രീകളുടെ ലിസ്റ്റ് ശംഖ് വരയൻ മറ്റ് സ്ത്രീകൾ മുഖാന്തിരം തയ്യാറാക്കി വച്ചിട്ടുണ്ട് പോലും! സത്യാണോ നുണയാണോന്ന് അറിയില്ല. തുലാം മാസത്തിലെ ക്ഷേത്രപ്രവേശനത്തിന് തയ്യാറായവരുടെ കൂട്ടത്തിലെ പ്രധാന പേരുകൾ വിനോദ് മാഷ് പറഞ്ഞു തന്നു. ചാക്കണ അമ്മിണി, അലക്കുപുര വിലാസിനി തുടങ്ങിയ തരത്തിൽ പേരുള്ള പ്രശസ്തകളും! ഇവരെയൊക്കെ ശംഖ് വരയൻ അഞ്ഞൂറ് രൂപ തോതിൽ കൊടുത്ത് ബുക്ക് ചെയ്തിരിക്കുകയാണെന്ന് നാട്ടിലെ വിഘടനവാദികളും പറയുന്നുണ്ട്.ശംഖ് വരയൻ തുലാം പത്തിന് ഇറക്കുന്ന സ്ത്രീകൾ ശരിക്കും മെൻസസ്സാണോന്ന് എങ്ങനെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയും? ഞാൻ ചോദിച്ചു. വിനോദ് മാഷ് പൊട്ടി ചിരിച്ചു. രാത്രില് അവിചാരിതമായി വീടിനു തൊട്ടടുത്ത് ഒരു പാമ്പ് വന്നെത്തി. ഭാര്യയാണ് പാമ്പിനെ കണ്ടത്. ടോർച്ചടിച്ച് നോക്കി. അത് ശംഖ് വരയ നാണ്. അവൾ ഭീതിയോടെ പറഞ്ഞു. അതു കേട്ട് ഞാൻ അറിയാതെ ചിരിച്ചു. അത് വിഷം കൂടിയ ഇനമാണ്. ഭാര്യ ഞെട്ടലോടെ എന്റെ ചിരി കണ്ട് പറഞ്ഞു.ഭാര്യേടെ ആർത്തവ ദിവസം അന്വേഷിച്ചറിയാൻ വന്നവനാവുമോ ഈ ശംഖ് വരയൻ! ഞാൻ അതിനെ കൊല്ലാതെ വന്ന വഴിക്ക് പറഞ്ഞു വിട്ടു. വിഷപാമ്പിനെ കൊല്ലാതെ അതിന് തിരിച്ച് പോവാനുള്ള വണ്ടിക്കാശും കൊടുത്ത് പറഞ്ഞു വിട്ടതെന്താ? ഭാര്യയുടെ പരിഹാസം.നമ്മള് ഒരു ജീവികളേം ഉപദ്രവിക്കരുത്! ഒരു ഡോബർമാൻ കുരച്ചാൽ അതുപോലെ നമ്മളും കുരക്കേണ്ടതില്ല. കാരണം നമ്മൾ കുരച്ചാ സ്ലംഡോ ഗേ ആവൂ. ഞാൻ പെട്ടെന്ന് പ്രശാന്താനന്ദഗിരിയായി.മോളെ, ഫ്രിഡ്ജിൽ തണുത്ത വെള്ളമുണ്ടെങ്കിൽ ഒരു ബോട്ടിൽ ഇങ്ങെടുത്തേ, ഇവ്ടെ ഒരാളുടെ തല വഴി ഒഴിക്കാനാണ്. ഭാര്യ നീട്ടി പറഞ്ഞു...october 24

ശബരിമല

ശബരിമലയിൽ പെണ്ണുങ്ങൾക്ക് പോവാൻ പാടില്ലാത്തത് എന്തുകൊണ്ടാണെന്ന് ചെറുപ്പകാലത്ത് എനിക്കുണ്ടായ സംശയമാണ്. അന്നാരും അത് ക്ലിയർ ചെയ്തു തരാൻ തയ്യാറായിരുന്നില്ല. പോവ്വാമ്പാടില്ല, അത്രന്നെ ! അതൊരു ഭീഷണിയും അടുത്ത ചോദ്യത്തെ തടുക്കാനുള്ള തന്ത്രവുമായിരുന്നു. വീട്ടിൽ അക്കാലത്ത് ഒരു സ്ത്രീ വരുമായിരുന്നു, നല്ലൊരു അയ്യപ്പഭക്തയായിരുന്നു. നിങ്ങളെന്തിനാ അയ്യപ്പനെ പൂജിക്കുന്നത്, പെണ്ണുങ്ങളെ അയ്യപ്പന് ഇഷ്ടമല്ലല്ലോന്ന് ഞാൻ പറഞ്ഞു. അയ്യോ മോനെ അങ്ങനെയൊന്നും പറയരുത്, ശബരിമലയില് ഈ പ്രായത്തിൽ പോവ്വാൻ പറ്റില്ലാന്നേയുള്ളൂ, അമ്പത് വയസ് കഴിഞ്ഞാ ഞാൻ മല ചവിട്ടും. അവർ പറഞ്ഞു. ഈ പ്രായത്തില് കേറിയാ എന്താ കുഴപ്പം ന്ന് ചോദിച്ചതും വാരി കുന്തങ്ങളുമായി വീട്ടുകാര് എന്നെ വിശാലമായ പറമ്പ് മുഴുവൻ ഓടിച്ചു. ആ കാര്യം പിന്നെ അന്നത്തോടെ വിട്ടു. ആ സ്ത്രീ അമ്പത് തികയുന്നതിനു മുമ്പേ അനാരോഗ്യത്താൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അവർ മരിക്കുന്നതിന് മുമ്പായി മലകേറണമെന്ന ആഗ്രഹം നടന്നതുമില്ല. സുഖമില്ലാതെ കിടപ്പിലായ നാളിൽ ഞാൻ കാണാൻ പോയപ്പോൾ, അവർ എന്നോടു പറഞ്ഞു: സ്വാമി വിളിക്കുമ്പോ ഞാൻ അങ്ങ് പോവും മോനെ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ശബരിമലയിൽ പോവണമെന്ന ആഗ്രഹമൊന്നും അവർക്ക് അപ്പൊ ഇല്ലായിരുന്നു. അയ്യപ്പൻ എന്റെ കൂടെ തന്നെയുണ്ടാവുമ്പോ ഞാൻ എന്തിന് ഈ വയ്യാത്ത അവസ്ഥയിൽ മല കയറണം എന്ന ഭാവമായിരുന്നു മുഖത്ത്. വളരെ നല്ലൊരു സ്ത്രീ. അവർ മരിച്ചത്, ഞാൻ നാട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു. എനിക്കാണെങ്കിൽ ശബരിമലയ്ക്ക് പോകണമെന്ന താല്പര്യവുമൊട്ടുമില്ലായിരുന്നു. സുഹൃത്തുക്കളൊക്കെ കൊല്ലത്തിൽ പോയി വരും. അവൻ അവിശ്വാസിയാണെന്ന ലേബൽ ഞാൻ അറിഞ്ഞോ അറിയാതെയോ എനിക്ക് മേൽ പതിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ആരുടെ വിശ്വാസങ്ങൾക്കും ഞാൻ എതിരല്ല. ജോലിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരും പന്തളത്തുമൊക്കെ ഞാൻ പല തവണ പോയിട്ടുണ്ട്. എന്നാൽ ഒരിക്കലും ശബരിമലയിലേക്ക് പോവണമെന്ന് തോന്നിയിട്ടില്ല, ഇപ്പോഴും അങ്ങനെ തന്നെ. കോളേജിൽ പഠിക്കുന്ന കാലത്ത്, മകരവിളക്ക് എന്നത് KSEB ക്കാര് നടത്തുന്ന തട്ടിപ്പാണെന്ന് പറഞ്ഞപ്പോ, നീ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ട, മറ്റുള്ളവരുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കേണ്ടെന്ന് വീട്ടുകാര് കുറ്റപ്പെടുത്തി. ഈ അടുത്ത കാലം വരെ മകരവിളക്ക് ദൈവീകമാണെന്നു വിശ്വസിച്ച് കഴിഞ്ഞ സ്വാമിമാരുണ്ട്. ദേവസ്വം ബോർഡിന്റെ തട്ടിപ്പുകൾ പാവം സ്വാമിമാർക്ക് അറിയില്ല. ശബരിമലയ്ക്ക് പോവാതെ, അയ്യപ്പനെ എന്നും സ്വന്തം മുറിക്കകത്ത് രോഗ കിടയ്ക്കകരികെ ദർശിച്ചിരുന്ന ആ സ്ത്രീയുടെ ഭക്തിയോടാണ് എനിക്കിഷ്ടം. വിശ്വാസികൾ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കും, അല്ലാത്തവർക്ക് അത് ഒരു യുദ്ധത്തിലെ ജയവും പരാജയവും പോലെയാണ്. മാറ്റങ്ങളില്ലാത്തതായിട്ട് ഒന്നുമില്ലായെന്ന് വേദങ്ങളിലൊക്കെ പറയുന്നുണ്ട്, മാറും എല്ലാം മാറും.. ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ മാറും. നൂറ് വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളൊന്നുമല്ല ഇന്നുള്ളത്. മനുഷ്യരുടെ സൗകര്യങ്ങൾ അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കും. ശബരിമലയിൽ എത്തിച്ചേരാൻ ഹെലികോപ്ടർ സൗകര്യങ്ങളുണ്ടായാൽ അത് ആരും വേണ്ടെന്നു വെക്കില്ല. അതാണ് നേര്, അല്ലെങ്കിൽ ഞാൻ നടന്ന് മല കയറിയേ പോവുന്ന് ആ കാലത്ത് ആരെങ്കിലും പറയുകയാണെങ്കിൽ അന്നത്തെ യുവ സ്വാമിമാര് ചിരിക്കും അത്ര തന്നെ.. october 14