ഇതൊന്നു വായിച്ചു നോക്കിയേ, ഞാൻ എഴുത്യദാ. നക്ഷത്ര നോട്ട് പുസ്തകവുമായി അരികിലേക്ക് വന്നു. എന്താന്ന് എഴുതിക്കൂട്ടിയിരിക്കുന്നതെന്ന് ഞാൻ നോട്ട് ബുക്ക് വാങ്ങിച്ചു നോക്കി. ഓഹോ കവിതയാണോ. കൊള്ളാലോ. ഞാൻ വായിച്ചു നോക്കി. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം എന്നു തുടങ്ങി അഞ്ചെട്ടുവരികൾ സ്റ്റൈലായി എഴുതി വച്ചിരിക്കുന്നു. ഞാൻ അവളെ തറപ്പിച്ച് നോക്കി. ഇത് ഓയെൻവി കുറുപ്പ് എഴുതിയതല്ലേ? ഞാൻ നെറ്റി ചുളിച്ചു. അല്ല, ഞാൻ എഴുത്യതാന്ന്. നക്ഷത്ര കനപ്പിച്ച് പറഞ്ഞു. എനക്ക് തെറ്റിപ്പോയോന്ന് നോക്കി. ഇല്ല, സംഗതി ഓയെൻ വീടെതന്നെ. ഇത് ഞാൻ എഴുതിയദാന്ന് കണ്ടാൽ അറിഞ്ഞൂടെ? തിരിച്ചൊരു ചോദ്യം. സംശയമുണ്ടെങ്കിൽ അമ്മയോട് ചോദിച്ച് നോക്ക് ! നക്ഷത്ര മുഖം വീർപ്പിച്ചു. ബെസ്റ്റ് ! ചോദിക്കാൻ പറ്റിയ ആള് ! മോളെ ഇത് മലയാളത്തിലെ പ്രശസ്ത കവിയായ ഒ.എൻ.വി. കുറുപ്പിന്റെ പ്രശസ്തമായ കവിതയാണ്. ഞാൻ ദയനീയമായി വിശദീകരിച്ചു. അപ്പോഴേക്കും സുമ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്നു. എന്താ തർക്കം? അവൾ ചോദിച്ചു. അമ്മേ ഇത് ഞാൻ എഴുത്യദ് അല്ല പോലും ! നക്ഷത്ര പരാതിപ്പെട്ടു. ഇത് ഓള് എഴുത്യതാണ്, എഴുതുന്നത് ഞാൻ കണ്ടതുമാണ്. സുമ അറിയിച്ചു. ഞാൻ രണ്ടു പേരേയും മാറി മാറി നോക്കി, തല ചൊറിഞ്ഞു. ഇത് ഒ.എൻ.വീടെ കവിതയാണ്. ഞാൻ സമാധാനപരമായി പറഞ്ഞു നോക്കി. അല്ല, ഇപ്പൊ ഞാൻ എഴുതിയതാണ്. നക്ഷത്ര വിടുന്നില്ല. അവൾ ആലോചിച്ച് എഴുതുന്നത് ഞാൻ കണ്ടതാണല്ലോ. സുമ ന്യായീകരിച്ചു.ഇതിന് മോഷണം എന്നു പറയും. വേറൊരാൾ എഴുതിയത്, എന്റെ യാന്ന് പറയുന്നത് നല്ലതല്ല. ഞാൻ പറഞ്ഞു കൊടുത്തു. ഞാൻ എവിടേം നോക്കാതെ മനസില് ആലോചിച്ച് എഴുതിയതാണ്. നക്ഷത്ര ന്യായീകരിച്ചു.ഞാൻ ഒടുവിൽ ഓ എൻ വി കവിത പുസ്തകമെടുത്ത് നിവർത്തി കാണിച്ചു കൊടുത്തു. ഇത് കണ്ടാ ഇവൾ എഴുതിയ കവിത. രണ്ടും ഏകദേശം ഒരു പോലെയുണ്ട്. സുമ പറഞ്ഞു. ഏകദേശം അല്ല, കംപ്ലീറ്റ് സെയിം ആണ്. ഞാൻ തറപ്പിച്ച് പറഞ്ഞു. ഞാൻ ഇതില് നോക്കി എഴുതീട്ടില്ലല്ലോ. നക്ഷത്ര വിടാൻ ഭാവമില്ല.ഓള് നോക്കി എഴുതിയത് അല്ല, ഞാൻ കണ്ടിട്ടുണ്ട് ആലോചിച്ച് എഴുതുന്നത്. സുമ പറഞ്ഞു. നക്ഷത്ര വേഗം നോട്ട് ബുക്കിന്റെ രണ്ടു പേജ് മറിച്ചു.ദാ ഇത് നോക്കിയേ. ഞാൻ നോക്കി. കുന്നും മലയും തോടും തോണിയുമൊക്കെയുള്ള ചിത്രം. ഇത് ആര് വരച്ച താണെന്നു പറ. അവൾ നോക്കി. നീ വരച്ചത്. ഞാൻ സമ്മതിച്ചു. വേഗം അവൾ ഒരു മാഗസിനിൽ വന്ന ഫോട്ടോ എടുത്തുകാട്ടി. അവൾ അത് നോക്കി വരച്ചതാണ്. നോക്കി വരച്ചതുകൊണ്ട് ഈ ചിത്രം എന്റെയല്ലാന്ന് പറയുമോ? നക്ഷത്ര ചോദിച്ചു. ഞാൻ താടിക്ക് കൈ കൊടുത്തിരുന്നു.ഒ.എൻ.വീടെ അറിയപ്പെടുന്ന കവിതയായതുകൊണ്ടാണ് എനിക്ക് എളുപ്പം തിരിച്ചറിയാൻ പറ്റിയത്. വായനക്കാരിലേക്ക് അത്രയൊന്നും എത്തിപ്പെടാനാവാത്ത കവിയുടെ രചനയാണ് പകർത്തപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും തിരിച്ചറിയപ്പെടില്ല. ഞാൻ പിന്നെയൊന്നും മിണ്ടിയില്ല. കുറെ കഴിഞ്ഞപ്പോ നക്ഷത്ര ചിരിച്ചോണ്ട് വന്നു. ഒ എൻ വീയുടെ കവിതാ പുസ്തകം കൈയ്യിലുണ്ട്. ഈ പുസ്തകം ആരുടെയാ? അവൾ ചോദിച്ചു. എന്റേത്. ഞാൻ പറഞ്ഞു. അല്ല ഒ എൻ വീടെയാണ്.. അവൾ തറപ്പിച്ച് പറഞ്ഞു. ഒ എൻ വീടെ കവിതാ പുസ്തകം ഞാൻ പൈസ കൊടുത്ത് വാങ്ങിയത്. ഞാൻ അറിയിച്ചു. അപ്പൊ കവിത ഒ എൻ വീടെയോ അച്ഛന്റെ യോ? അവൾ ചോദിച്ചു. ഓടിക്കോ എന്റെ മുമ്പീന്ന്..ങ്ഹാ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ