എന്തായാലും ഇന്ന് ദീപാവലിയല്ലേ, അതേ പറ്റി രണ്ട് വാക്ക് സംസാരിച്ച് കളയാമെന്ന് വിചാരിച്ചാണ് ടീവീടെ മുന്നിലിരിന്ന് അനിമേഷൻ സിനിമ ഏതോ കണ്ടിരിക്കുന്നവളെ പിടിച്ച് ഡിസ്കഷൻ ടേബിളിലേക്ക് കൊണ്ടുവന്നത്. ഞാൻ ദീപാവലിയെ കുറിച്ച് വിജ്ഞാനപ്രദമായ കാര്യങ്ങൾ പറയാൻ പോവുകയാണ്. ഒരു മുന്നറിയിപ്പു പോലെ അറിയിച്ചു.അവൾ ദയനീയമായി നോക്കി. നമ്മൾ എന്തിനാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് അറിയുമോ? ഞാൻ ചോദിച്ചു. അതിന് നമ്മള് എപ്പഴാ ദീപാവലി ആഘോഷിച്ചത്, ഒര് സ്വീറ്റ്സ് വാങ്ങി തരാൻ പറഞ്ഞപ്പോ എന്തൊക്കെയാ പറഞ്ഞത്.. ബേക്കറി സാധനങ്ങൾ തിന്നരുത് ശരീരത്തിന് ദോഷം എന്നൊക്കെയായിരുന്നല്ലോ പറച്ചിൽ... എന്നാല് പുതിയ ഡ്രസ്സ് വേണം ന്ന് പറഞ്ഞപ്പോ എന്ത് ദീപാവലി., അതൊന്നും നമ്മുടെ ആഘോഷമല്ല ഉത്തരേന്ത്യക്കാരുടെയാണെന്നൊക്കെയല്ലേ പറഞ്ഞത്. അവൾ ചെറു പ്രസംഗം നടത്തി. സംഗതി പന്തികേടാണെന്നു മനസിലായി. ശരി, ഞാൻ നിർത്തി. അവൾ തിരിച്ച് ടി വീടെ മുന്നിൽ റിമോട്ടും പിടിച്ച് ഇരിപ്പായി. ഞാൻ അടുക്കളയിലേക്ക് ചെന്നു. അവിടെ ഒരു കഥ പറച്ചിലിനുള്ള സ്കോപ്പുണ്ടെന്ന് മനസിലായി. നീ പി.എസ്.സി എക്സാമൊക്കെ പല തവണ എഴുതി എട്ടു നിലയിൽ പൊട്ടിയവളല്ലേ, ദീപാവലിയുടെ പ്രാധാന്യമെന്താണ്?ഞാൻ ചോദിച്ചു. ഓ നമ്മൾക്കൊക്കെ എന്ത് പ്രാധാന്യം! എന്ത് ആഘോഷായാലും അടുക്കളയിൽ വട്ടം കറങ്ങേണ്ടത് ഞാനല്ലേ.. നിങ്ങളോ മോളോ ഒര് ഹെൽപ്പ് കൂടി ചെയ്യില്ല. അവൾ പതിവ് രീതിയിലുള്ള ആശയസംവാദം തുടങ്ങി.ദാ പറ്റിയാൽ അര മുറി തേങ്ങയൊന്നു ചിരവിത്തരൂ.. അവൾ ആവശ്യപ്പെട്ടു. ഇതൊരു മാതിരി ചക്കപ്പ ശയിൽ ചവിട്ടിയ പോലെ ആയല്ലോ! ഇനി മുടന്തൻ ന്യായങ്ങളൊന്നും വിലപ്പോവില്ല. ചെരവലും ദൈവവചന പ്രഘോഷണവും ഒരുമിച്ചാവാമെന്നു തീരുമാനിച്ചു.സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന വേളയില്‍ കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്. അറിയുമോ? ഞാൻ ചോദിച്ചു. വായിച്ചതായി ഓർമ്മയുണ്ട്. അവൾ പറഞ്ഞു. അതിരിക്കട്ടെ, നരകാസുരനെ അറിയുമോ? ഞാൻ പെട്ടെന്ന് അബദ്ധത്തിൽ ചോദിച്ചു പോയി. അങ്ങനെയായിരുന്നില്ല ചോദിക്കേണ്ടിയിരുന്നത്. അവൾ ചോദ്യം കേട്ട് ചിരിച്ചു, പത്ത് - പതിനഞ്ച് വർഷായില്ലേ ഒന്നിച്ച് താമസിക്കുന്നത്, അറിയാണ്ടിരിക്കോന്ന് തിരിച്ച് ഒരു ചോദ്യം. വേണ്ടായിരുന്നു.ഇവിടെയാർക്കും ഒര് കുന്തവുമറിയില്ല. വിശ്വാസികളാണത്രെ വിശ്വാസികൾ. ഞാൻ ഒച്ചയിട്ടു. ടീവി കണ്ടു കൊണ്ടിരിക്കുന്ന പുത്രി പ്രത്യക്ഷപ്പെട്ടു. എന്താന്ന് ഇവിടെ ബഹളം ? അവൾ ചോദിച്ചു. മോളെ അച്ഛൻ ചോദിക്കുന്നു നിനക്ക് നരകാസുരനെ അറിയുമോന്ന് .. ചോദ്യത്തിന് ഉത്തരമായി പുത്രിയുടെ ആലോചനാഭാവം. ഞാൻ രണ്ടു പേരേയും മാറി മാറി നോക്കി. എനിക്ക് വല്യ പരിചയമൊന്നുമില്ല, കേട്ടിട്ടൊക്കെയുണ്ട്. ശരിക്കും ആരാണച്ഛാ? മകൾ ചോദിച്ചു. നിന്റെ അമ്മേടെ നായര് ! ഞാൻ വ്യക്തമാക്കി... അടിക്കുറിപ്പ്: നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം
November 6
November 6
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ